Wed. Jan 22nd, 2025
ഖാര്‍ത്തും:

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ സുഡാനിൽ പ്രധാനമന്ത്രി അബ്ദല്ല ഹാംഡോക്‌ രാജി പ്രഖ്യാപിച്ചു. കൂടുതൽ അഭിപ്രായ ഭിന്നതയിലേക്ക്‌ നീങ്ങുന്ന രാഷ്ട്രീയ കക്ഷികൾക്കിടയിൽ സമവായമുണ്ടാക്കാനുള്ള തന്റെ ശ്രമം പരാജയപ്പെട്ടെന്ന്‌ ടെലിവിഷനിലൂടെ രാജി പ്രഖ്യാപിച്ച്‌ അദ്ദേഹം പറഞ്ഞു.

2021 ഒക്ടോബറിൽ ഹാംഡോക്കിന്റെ നേതൃത്വത്തിലുള്ള സിവിലിയൻ സർക്കാരിനെ പട്ടാളം അട്ടിമറിക്കുകയും അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്യുകയും ചെയ്തിരുന്നു. വൻ ജനകീയ പ്രക്ഷോഭത്തെതുടർന്ന്‌ അദ്ദേഹത്തെ വീണ്ടും പ്രധാനമന്ത്രിയായി നിയമിക്കാൻ അട്ടിമറിക്ക്‌ നേതൃത്വം നൽകിയ സൈനിക ഭരണാധികാരി അബ്ദേൽ ഫത്താ അൽ ബുർഹാൻ നിർബന്ധിതനായി. എന്നാൽ, നിശ്ചിത സമയത്തിനുള്ളിൽ മന്ത്രിസഭ രൂപീകരിക്കാൻ ഹാംഡോക്കിന്‌ സാധിച്ചില്ല.

‘രാജ്യം ദുരന്തത്തിലേക്ക്‌ നീങ്ങുന്നത്‌ തടയാൻ സാധ്യമായതല്ലാം ചെയ്തു. നിർണായക വഴിത്തിരിവിലാണ്‌ രാജ്യം. പ്രതിസന്ധി ഉടൻ പരിഹരിച്ചില്ലെങ്കിൽ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാകും’ ഹാംഡോക്‌ പറഞ്ഞു.

ഹാംഡോക്‌ രാജി പ്രഖ്യാപിച്ച്‌ മണിക്കൂറുകൾക്കകം ജനാധിപത്യാനുകൂലികൾ നടത്തിയ പ്രതിഷേധത്തിനെതിരെ പട്ടാളം അക്രമം അഴിച്ചുവിട്ടു. മൂന്നുപേർ കൊല്ലപ്പെട്ടു. ഇതോടെ അട്ടിമറിക്കുശേഷം സൈന്യം വധിച്ച പ്രക്ഷോഭകർ 57 ആയി. പ്രതിഷേധക്കാർക്കെതിരെ കടുത്ത മർദനമുറ സ്വീകരിക്കുന്ന പട്ടാളം വനിതാ പ്രക്ഷോഭകരെ കൂട്ടബലാത്സംഗം ചെയ്ത സംഭവങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.