Mon. Dec 23rd, 2024
പയ്യന്നൂർ:

വണ്ണാത്തിപ്പുഴയിൽ ഉപ്പ് വെള്ളം കയറുന്നത് തടയാൻ മീങ്കുഴി അണക്കെട്ടിൽ ഓരോ വർഷവും കുന്നിടിച്ച് തള്ളുന്നത് 20,000 അടി മണ്ണ്. ഈ മണ്ണ് മഴ ശക്തിപ്പെടുമ്പോൾ അണക്കെട്ട് തുറന്ന് പുഴയിലേക്ക് ഒഴുക്കിക്കളയുന്നു. ഓരോ വർഷവും ഈ അണക്കെട്ടിന്റെ മറവിൽ വലിയതോതിൽ കുന്നിടിക്കുന്നു.

ഫൈബർ, ഷട്ടർ തുടങ്ങിയ ആധുനിക സംവിധാനങ്ങൾ കണ്ടെത്തിയിട്ടും അതൊന്നും  ഉപയോഗിക്കാൻ ജലസേചന വകുപ്പ് തയാറായില്ല.
അണക്കെട്ട് നിർമിച്ച കാലഘട്ടങ്ങളിൽ നാട്ടുകാരായ തൊഴിലാളികൾ പുഴയിൽ നിന്ന് ചെളിമണ്ണ് കൊത്തിയെടുത്ത് കൊണ്ടു വന്ന് അണക്കെട്ട് നിറയ്ക്കുകയായിരുന്നു പതിവ്. അത് കരയിടിച്ചിലിനും മറ്റും കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി കുന്നിടിച്ച് മണ്ണ് കൊണ്ടു വന്ന് നിറയ്ക്കാൻ തുടങ്ങി.

അണക്കെട്ടിന് 12 വെന്റ്സ് അഥവാ വിടവുകളാണ് ഉള്ളത്. ഇത് പൂർണമായും മണ്ണിട്ട് നിറച്ചാണ് ഉപ്പ് വെള്ളം തടയുന്നത്. 5 വർഷം മണ്ണ് നിറയ്ക്കുന്ന ഫണ്ട് ഉണ്ടായാൽ ഷട്ടർ സംവിധാനം ഏർപ്പെട‌ുത്താൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ അതിന് ബന്ധപ്പെട്ട വകുപ്പ് തയാറാകുന്നില്ല. ഉപ്പ് വെള്ളം കയറുന്നത് തടയാനുള്ള മണ്ണിനു വേണ്ടിയാണ് കുന്നിടിക്കുന്നത് എന്ന് പറയുമ്പോൾ അതിനെ തടയാൻ ജനങ്ങൾക്കും കഴിയാത്ത അവസ്ഥയാണ്. പരിയാരം മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നത് വണ്ണാത്തി പുഴയോരത്തുള്ള ടാങ്കിൽ നിന്നാണ്.