പശ്ചിമ ബംഗാൾ കായികമന്ത്രി രഞ്ജി ട്രോഫിക്കുള്ള ടീമിൽ ഇടംപിടിച്ച് ബംഗാൾ കായികമന്ത്രി മനോജ് തിവാരി. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. 2020 രഞ്ജി ട്രോഫി ഫൈനലിലാണ് തിവാരി അവസാനമായി കളിച്ചത്. ബംഗാൾ ടീമിനെ അഭിമന്യു ഈശ്വരൻ നയിക്കും.
ഇന്ത്യൻ ക്രിക്കറ്റ് താരം കൂടിയായ തിവാരി കഴിഞ്ഞ വർഷമാണ് ബംഗാളിന്റെ കായിക മന്ത്രിയായി ചുമതലയേറ്റത്. തൃണമൂൽ കോൺഗ്രസിൽ ചേർന്ന താരം ശിബ്പ്പൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിക്കുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി 12 ഏകദിനങ്ങളിലും മൂന്ന് ടി-20കളിലും കളിച്ചിട്ടുള്ള തിവാരി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളാണ്.
27 സെഞ്ചുറികൾ അടക്കം 8,965 ഫസ്റ്റ് ക്ലാസ് റൺസുള്ള താരത്തിൻ്റെ ബാറ്റിംഗ് ശരാശരി 50.36 ആണ്. 36കാരനായ തിവാരി 204ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറുന്നത്. രഞ്ജി ട്രോഫി എലീറ്റ് ഗ്രൂപ്പ് ബിയിലാണ് ബംഗാളിന്റെ സ്ഥാനം. വിദർബ, ഹരിയാന, കേരള, ത്രിപുര, രാജസ്ഥാൻ എന്നീ ടീമുകളാണ് ബംഗാളിനെക്കൂടാതെ ഗ്രൂപ്പിൽ ഉള്ളത്.