Thu. Jan 23rd, 2025
ഇരവിപേരൂർ:

ലോകശ്രദ്ധനേടിയ ജനകീയ വീണ്ടെടുപ്പായ ആദിപമ്പ–വരട്ടാർ പുനരുജ്ജീവന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. എടുക്കുന്ന മണ്ണ് യാർഡിലേക്ക്‌ മാറ്റാൻ ലോറികൾ തീരത്ത് പോകുന്നതിന്‌ പാത ഉറപ്പിക്കലാണ് ആദ്യം തുടങ്ങിയത്. ആദിപമ്പയുടെ തുടക്ക ഭാഗത്ത് 300 മീറ്റർ വീതിയുണ്ട്.

രണ്ടുതീരത്തിനും തുല്യമായ അളവിൽ വി ആകൃതിയിലാണ്‌ മണ്ണ് എടുക്കുന്നത്. തീരം ഇടിഞ്ഞു പോകാതിരിക്കുന്നതാണ് ഇങ്ങനെ ചെയ്യുന്നത്. ഒന്നാംഘട്ടം പൂർത്തീകരിച്ച അതേ സന്തോഷത്തോടും സാഹോദര്യത്തോടുമാണ് രണ്ടാം ഘട്ടവും ജനങ്ങളുടെ സ്വീകാര്യത നേടുന്നത്.

2013-14 കാലഘട്ടത്തിൽ ഹരിത കേരള മിഷൻ തുടങ്ങിവച്ച പ്രവർത്തനങ്ങൾ ഇരവിപേരൂർ അടക്കം പഞ്ചായത്തുകൾ ഏറ്റെടുത്തു. തദ്ദേശ സ്വയംഭരണ വകുപ്പ് ഈ പ്രവർത്തനങ്ങളുടെ ഭാഗമായില്ല. നദീമുഖം തുറന്ന്‌ എക്കൽ മണ്ണ് മാറ്റുന്നതിനുള്ള അനുമതി അക്കാലത്ത് ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും നൽകിയതുമില്ല. എങ്കിലും 30 വർഷത്തിനുശേഷം ഒരു മൺസൂൺ കാലത്ത് വരട്ടാർ നിറഞ്ഞൊഴുകി.

ഇരവിപേരൂർ പഞ്ചായത്ത്‌ 15 ഏക്കറോളം പുറമ്പോക്ക്‌ റവന്യൂ രേഖപ്രകാരം അളന്നു തിട്ടപ്പെടുത്തി വീണ്ടെടുത്തു. പടയണി ആഘോഷം നടക്കുന്ന ഓതറ പുതുക്കുളങ്ങര ക്ഷേത്രത്തിന്‌ സമീപം പടയണിക്ക് ആവശ്യമായ 1100 കവുങ്ങുകൾ വച്ചുപിടിപ്പിച്ചതും നേട്ടമാണ്. “വരട്ടെ ആർ” എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ സംഭരിച്ച 28.52 ലക്ഷം രൂപയും ഇരു കരകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും മേൽനോട്ടത്തിലാണ്‌ വീണ്ടെടുപ്പ് പൂർത്തീകരിച്ചത്‌.