Mon. Dec 23rd, 2024
ചാല:

മാലിന്യം തള്ളൽ കൊണ്ടു പൊറുതി മുട്ടി ചാല. ചാല–നടാൽ ബൈപാസ് യാഥാർത്ഥ്യമായതു മുതൽ റോഡരികിൽ ശുചിമുറി മാലിന്യം, അറവു മാലിന്യം, പ്ലാസ്റ്റിക്ക് മാലിന്യം എന്നിവ തള്ളുന്നതു പതിവാണ്. മാലിന്യങ്ങൾ കൊണ്ടുള്ള ദുരിതങ്ങൾ ഏറെ തവണ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടികളില്ല.

പരാതികൾ വ്യാപകമാകുമ്പോൾ അധികൃതർ റോഡരികിലെ കാടുകൾ വെട്ടി തെളിക്കും. കഴിഞ്ഞ ദിവസം ബൈപാസ് ജംക്‌ഷനിലെ കാടുകൾ വെട്ടി തെളിച്ച സ്ഥലത്തും മാലിന്യം തള്ളി. കഴിഞ്ഞ ദിവസം ഉപയോഗശൂന്യമായ മത്സ്യം ചാല തോട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തിയിരുന്നു.

അസഹനീയ ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരത്തെ കച്ചവടക്കാർ തോട്ടിൽ പരിശോധന നടത്തിയപ്പോഴാണു കൊട്ട കണക്കിന് അഴുകിയ മത്സ്യം തള്ളിയ നിലയിൽ കണ്ടെത്തിയത്. രാത്രി വൈകിയ സമയത്തു വാഹനത്തിൽ കൊണ്ടു വന്ന് തള്ളിയതാണെന്നു സംശയമുണ്ട്. ചാല വയലിൽ ഏറെ കർഷകർ പച്ചക്കറി കൃഷി നടത്തുന്നുണ്ട്.

തോട്ടിലെ വെള്ളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. തോട്ടിൽ മാലിന്യം തള്ളിയാൽ കൃഷിക്ക് വെള്ളം എടുക്കാൻ പറ്റാത്ത അവസ്ഥയാകുമെന്ന് കർഷകർ പറയുന്നു. ചാല–നടാൽ ബൈപാസിലെ ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നതും പതിവാണ്.

രാത്രി വൈകി ചെറിയ ടാങ്കർ ലോറികൾ ബൈപാസിൽ കാഴ്ചയാണെന്നു യാത്രക്കാർ പറയുന്നു. മാലിന്യം തള്ളുന്നവരെ പിടികൂടാൻ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന കാലങ്ങളായുള്ള ആവശ്യം പരിഗണിക്കാത്ത സാഹചര്യത്തിൽ രാത്രി സമയ പൊലീസ് നിരീക്ഷണമെങ്കിലും ഏർപ്പെടുത്തി തങ്ങളെ പകർച്ചവ്യാധി ഭീഷണികളിൽ നിന്ന് രക്ഷിക്കണമെന്നാണു പരിസരവാസികളുടെ ആവശ്യം.