ബ്രിട്ടൺ:
ക്രിസ്മസ് ദിനത്തില്‍ സാങ്കേതികമായി സംഭവിച്ച അബദ്ധം മൂലം കോടികള്‍ ഉപഭോക്താക്കളുടെ അക്കൌണ്ടിലേക്ക് എത്തിയത് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടനിലെ സാന്‍റന്‍ഡർ ബാങ്ക്.
ബാങ്കിലെ നിരവധി കോര്‍പേറ്റ്, കോമേഴ്‌സ്യല്‍ അക്കൗണ്ടുകളിലേക്കാണ് 130 മില്യണ്‍ പൗണ്ട് (1310 കോടി രൂപ) സൗജന്യമായി എത്തിയത്. കോര്‍പറേറ്റ്, കൊമേഴ്‌സ്യല്‍ അക്കൗണ്ട് ഹോള്‍ഡര്‍മാര്‍ നടത്തിയ 75000 ഇടപാടുകള്‍ സാങ്കേതിക പിഴവിനെ തുടര്‍ന്ന് ഇരട്ടി ആയതാണ് ഈ പണമൊഴുക്കിന് കാരണമായതെന്ന് ബാങ്ക് വ്യക്തമാക്കി.
ക്രിസ്മസ് ദിനത്തില്‍ രാവിലെ തന്നെ പണം ഒഴുകിയത് ബാങ്കിന്റെ സ്വന്തം കരുതൽ ധനത്തിൽ നിന്നായിരുന്നു. അതായത് ഇടപാടുകാരുടെ ആരുടെയും നിക്ഷേപത്തില്‍ നിന്നും പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അറിയിച്ചു.
അബദ്ധത്തില്‍ നഷ്ടമായ പണം തിരിച്ചുപിടിക്കുന്നതിന് ബ്രിട്ടനിലെ വിവിധ ബാങ്കുകളുമായി ചേര്‍ന്ന് വഴികള്‍ തേടിക്കൊണ്ടിരിക്കുകയാണെന്നും സാന്‍റഡര്‍ ബാങ്ക് അറിയിച്ചു. വ്യത്യസ്ത ബാങ്കുകളിലെ നിരവധി അക്കൗണ്ടുകളിലേക്കാണ് ഈ പണം പോയത്.
അക്കൗണ്ടിലെത്തിയ പണം ഉപഭോക്താക്കള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കുക പ്രയാസമായിരിക്കുമെന്ന് വണ്‍ ബാങ്ക് അറിയിച്ചതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം അധികമായി നല്‍കിയ പണം അത് സ്വീകരിച്ചയാളില്‍ നിന്നു തന്നെ തിരിച്ചുപിടിക്കുന്നതിന് തങ്ങള്‍ക്ക് പ്രത്യേക സംവിധാനമുണ്ടെന്ന് സാന്‍റഡര്‍ ബാങ്ക് പറയുന്നു.