Mon. Dec 23rd, 2024

മുന്‍ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 18 വര്‍ഷം നീണ്ട കരിയറിനാണ് 41-കാരനായ താരം വിരാമമിടുന്നത്. ലാഹോറിൽ വെച്ചുനടത്തിയ പത്ര സമ്മേളനത്തിൽ ആണ് ഹഫീസ് വിരമിക്കൽ പ്രഖ്യാപിച്ചത്.

മൂന്ന് ഏകദിന ലോകകപ്പുകളിലും ആറ് ടി20 ലോകകപ്പുകളും ഹഫീസ് പാകിസ്താനായി പാഡണിഞ്ഞിട്ടുണ്ട്. പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയപ്പോള്‍ ഹഫീസ് ടീം അംഗമായിരുന്നു. പാകിസ്താനുവേണ്ടി 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 119 ടി20 മത്സരങ്ങളും ഹഫീസ് കളിച്ചു.

55 ടെസ്റ്റുകളില്‍ നിന്നായി 10 സെഞ്ച്വറിയും 12 അര്‍ധസെഞ്ച്വറിയുമുള്‍പ്പടെ 3652 റണ്‍സാണ് താരം നേടിയത്. 218 ഏകദിനങ്ങളില്‍ നിന്ന് 11 സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറിയുമുള്‍പ്പടെ 6614 റണ്‍സും ഹഫീസ് നേടി. 119 ടി20 മത്സരങ്ങളില്‍ നിന്നായി 2514 റണ്‍സും താരം സ്കോര്‍ ചെയ്തു.

2021 ട്വന്‍റി 20 ലോകകപ്പിലാണ് ഹഫീസ് അവസാനമായി പാക് ജേഴ്‌സിയില്‍ കളിച്ചത്. 2018ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഹഫീസ് പിന്നെയും ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ തുടര്‍ന്നു. 2003-ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ഹഫീസ് ഓള്‍റൌണ്ടര്‍ എന്ന നിലയിലും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏകദിനത്തില്‍ 139 വിക്കറ്റുകളും ടെസ്റ്റില്‍ 53 വിക്കറ്റും ടി 20 യില്‍ 61 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.