ദില്ലി:
കാർഷികനിയമം പിൻവലിപ്പിച്ച് കേന്ദ്ര സർക്കാരിനെ മുട്ടുകുത്തിച്ച കർഷക സംഘടനകൾ കേന്ദ്രത്തെ വീണ്ടും വെട്ടിലാക്കി രംഗത്ത്. ഇക്കുറി പെൺകുട്ടികളുടെ വിവാഹപ്രായത്തിലാണ് കർഷക സംഘടനകൾ കേന്ദ്രത്തിന് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുന്നത്. പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടാനുള്ള നീക്കം അനുവദിക്കില്ലെന്ന് ഹരിയാന ഭീവാണിയിൽ നടന്ന മഹാപഞ്ചായത്തിൽ കർഷകനേതാക്കൾ പ്രഖ്യാപിച്ചു.
പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്നിലേക്ക് പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള നീക്കം അംഗീകരിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി. അവകാശലംഘനമാണിതെന്ന് ചൂണ്ടികാട്ടിയാണ് കർഷക സംഘടനകൾ എതിർപ്പ് പരസ്യമാക്കിയത്.
മാതാപിതാക്കളുടെ സമ്മതത്തോടെയേ വിവാഹ പ്രായം നിശ്ചയിക്കാവൂ. നേരത്തെ ഹരിയാന, യുപി സംസ്ഥാനങ്ങളിൽ ശക്തമായ വോട്ട്ബാങ്ക് കൂടിയായ ജാട്ട് സമുദായം സർക്കാർ നീക്കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഇതിനായുള്ള ബിൽ കേന്ദ്രം സ്റ്റാൻഡിംഗ് കമ്മറ്റിക്ക് വിട്ടത്.