ആലുവ:
ചൂർണിക്കര പഞ്ചായത്തിൽ മുട്ടം തൈക്കാവിനു സമീപം പുതുവായിൽ മുഹമ്മദാലിയുടെ വീട്ടിലെ കിണർ വെള്ളത്തിൽ ഡീസൽ കലർന്നതായി കണ്ടെത്തി. വെള്ളത്തിനു രൂക്ഷ ഗന്ധമാണ്. ഉപരിതലത്തിൽ എണ്ണപ്പാട തെളിഞ്ഞു കിടക്കുന്നു.
വീടിനു 100 മീറ്റർ അടുത്തു പെട്രോൾ പമ്പുണ്ട്.അവിടത്തെ ഭൂഗർഭ ടാങ്കുകളിലെ ചോർച്ചയാകാം കിണറിൽ ഡീസൽ കലരാൻ കാരണമെന്നു കരുതുന്നതായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പുത്തനങ്ങാടി പറഞ്ഞു. ജനപ്രതിനിധികൾ പമ്പ് അധികൃതരെ വിളിച്ചു വരുത്തി വെള്ളത്തിന്റെ സാംപിൾ കൈമാറി.
ഭൂഗർഭ ടാങ്കുകളിലെ ഇന്ധനം പൂർണമായി നീക്കി അറ്റകുറ്റപ്പണി നടത്താൻ നിർദേശം നൽകി. ഒരാഴ്ച മുൻപു പരിസരത്തെ 5 വീട്ടുകാർ വെള്ളത്തിൽ ഡീസലിന്റെ അംശമുള്ളതായി പരാതിപ്പെട്ടിരുന്നുവെന്നും ബാബു പറഞ്ഞു. വീട്ടിൽ കേറ്ററിങ് യൂണിറ്റ് നടത്തിയാണു മുഹമ്മദാലിയും ഭാര്യ ഹാജറയും ജീവിക്കുന്നത്.
അടുത്ത വീടുകളിൽ നിന്നാണ് അവർ ഇപ്പോൾ വെള്ളം എടുക്കുന്നത്. കിണർ വെള്ളം ശുദ്ധമാകുന്നതു വരെ തൈക്കാവ് പരിസരത്തെ വീടുകളിൽ ടാങ്കർ ലോറിയിൽ കുടിവെള്ളം എത്തിച്ചു നൽകണമെന്നു പമ്പ് അധികൃതരോട് ആവശ്യപ്പെട്ടതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.