Wed. Jan 22nd, 2025
വെള്ളൂർ:

കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനിയിൽ ശനിയാഴ്‌ച രാവിലത്തെ സൈറണ്‌ വെള്ളൂർ കാതോർത്തിരുന്നു. എന്നും മുഴങ്ങാറുണ്ടെങ്കിലും പുതുവർഷത്തിലെ ഈ സൈറൺ സവിശേഷമായിരുന്നു. കാരണം, കേരള പേപ്പർ പ്രോഡക്ട്‌സ്‌ ലിമിറ്റഡ്‌ എന്ന കെപിപിഎല്ലിലേക്ക്‌ ആദ്യമായി തൊഴിലാളികൾ പ്രവേശിക്കുകയാണ്‌.

ഏക്കർ കണക്കിനു സ്ഥലത്ത്‌ ഫാക്‌ടറിക്കുള്ളിൽ നിരവധി യന്ത്രങ്ങൾ അറ്റകുറ്റപ്പണി നടത്താനുണ്ട്‌. ഇതിന്‌ നൂറുകണക്കിന്‌ തൊഴിലാളികൾ വേണം. ആദ്യദിനം തന്നെ 105 മെയിന്റനൻസ്‌ തൊഴിലാളികൾ എത്തി.

ഏറ്റവും പ്രധാനപ്പെട്ട പേപ്പർ മെഷീനാണ്‌ ആദ്യം പരിശോധിച്ചത്‌. കാര്യമായ കേടുപാടില്ല. കെപിപിഎൽ തുറന്നത്‌ നാടിനാകെ ആഹ്ലാദദിനമായിരുന്നു. പ്രദേശത്ത്‌ വ്യാപാര സ്ഥാപനങ്ങൾ വീണ്ടും സജീവമായി വരുന്നു.

എച്ച്‌എൻഎൽ മൂന്നുവർഷം മുമ്പ്‌ പൂട്ടിയതോടെ വെള്ളൂരിലെ കച്ചവടസ്ഥാപനങ്ങളുടെ പ്രവർത്തനം പ്രയാസത്തിലായിരുന്നു. ഇവർക്കെല്ലാം ശനിയാഴ്‌ച ആഹ്ലാദദിനമായി. വരാനിരിക്കുന്ന വികസനമാണ്‌ വെള്ളൂരിലെ പ്രധാന ചർച്ചാവിഷയം.

റബർ പാർക്കും സ്‌റ്റാർട്ടപ്പുകളും വരുന്നതോടെ പ്രദേശത്തിന്റെ മുഖഛായ മാറും. ന്യൂസ്‌ പ്രിന്റിൽ മാത്രം ഒതുങ്ങാതെ വിവിധങ്ങളായ കടലാസ്‌ ഉൽപന്നങ്ങളിലേക്കാകും കെപിപിഎൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതോടെ രാജ്യത്ത്‌ പൊതുമേഖലയിലെ ഏറ്റവും വലിയ പേപ്പർ പ്രൊഡക്‌ഷൻ സ്ഥാപനമായി കെപിപിഎൽ മാറും. അറ്റകുറ്റണികൾക്കായി കൂടുതൽ ജീവനക്കാർ വരുംദിവസങ്ങളിൽ എത്തുമെന്ന്‌ കെപിപിഎൽ അധികൃതർ അറിയിച്ചു.