Fri. Apr 26th, 2024
കൊടുമൺ:

കൃഷിക്കാവശ്യമായ ഘടകങ്ങളാണ് വെള്ളവും വളവും. ഇതു രണ്ടുംകൂടി നെൽ കർഷകർക്ക്‌ ആകെ ദുരിതമുണ്ടാക്കുകയാണ്‌. പറയുന്നത്‌ കൊടുമണ്ണിലെ നെൽകർഷകരാണ്‌. കാലം തെറ്റി പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും ആദ്യവിതയെല്ലാം വെള്ളത്തിലാക്കി. വീണ്ടും കൃഷിയിറക്കിയപ്പോഴാണ് കേന്ദ്ര സർക്കാർ വകയായി രാസവള വിലവർദ്ധന.

അടിക്കടി ഉണ്ടാകുന്ന ഈ വിലക്കയറ്റം നെൽ കൃഷിക്കാരെ വല്ലാത്ത ദുരിതത്തിലാക്കി. 1100 രൂപ വിലയുണ്ടായിരുന്ന ഒരു ചാക്ക് ഫാക്ടംഫോസിന് 1200 രൂപയും 800 രൂപ മാത്രം വിലയുണ്ടായിരുന്ന പൊട്ടാഷിന് 1750 രൂപയുമായി വർദ്ധിപ്പിച്ചു. ഇത് കർഷകന് താങ്ങാവുന്നതിലധികമാണ്.

പത്തനംതിട്ട ജില്ലയിൽ അപ്പർ കുട്ടനാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നെൽ കൃഷിയും കൃഷിക്കാരുമുള്ള പ്രദേശമാണ് കൊടുമൺ. മറ്റു സ്ഥലങ്ങളിൽ കൃഷി ലാഭകരമല്ലെന്ന് പറഞ്ഞ് കർഷകർ പാടം ഉപേക്ഷിക്കുമ്പോൾ കൃഷി ഒരു ജീവനോപാധിയായി പാലിക്കുന്നവരാണ് കൊടുമണ്ണിലെ കൃഷിക്കാർ. രാസവളം ഇറക്കുമതി ചെയ്യാനുള്ള അവകാശം സ്വകാര്യ മുതലാളിമാർക്കും കമ്പനികൾക്കും കൊടുക്കുന്നതിന്‌ മുന്നോടിയാണ് ഇപ്പോഴുള്ള വില വർദ്ധനവെന്ന്‌ കൃഷിക്കാരനായ അങ്ങാടിക്കൽ തെക്ക്‌ ലളിതാ സദനത്തിൽ മോഹനൻ പറയുന്നു.

വില വർദ്ധനവിലൂടെ കൃഷിയുപേക്ഷിക്കാൻ കർഷകനെ നിർബന്ധിക്കുകയാണെന്ന്‌ മറ്റൊരു കൃഷിക്കാരനായ ഇടത്തിട്ട ഞാറക്കാട്ടേത്ത് രാജൻ പിള്ള പറയുന്നു. വിലവർധന കാരണം പൂട്ടുകൂലിയും വർധിക്കുന്ന സ്ഥിതിയാണ്‌. ഇക്കുറി വെള്ളപ്പൊക്കം കാരണം ആദ്യ വിതയെല്ലാം വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയി. രണ്ടും മൂന്നും തവണ വിതച്ചു. അപ്പോഴെല്ലാം വളിമിടേണ്ടിവന്നു. ഇത്‌ കൃഷിച്ചെലവ് കൂട്ടി. കൃഷിക്കാരന് കൊടുക്കുന്ന പരിമിത സബ് സിഡി രാസവളത്തിന്റെ വിലവർദ്ധനവിലൂടെ തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്‌.