Thu. Apr 25th, 2024
കോതമംഗലം:

കോൺക്രീറ്റ് മന്ദിരങ്ങളും വാഹനപ്പെരുപ്പവും മൂലമുള്ള അന്തരീക്ഷ മലിനീകരണ തോതു കുറച്ച് നഗരത്തിലെത്തുന്നവർക്കു കർപ്പൂര തുളസിയുടെയും പനിക്കൂർക്കയുടെയും ഔഷധ ഗന്ധം നിറഞ്ഞ ശുദ്ധവായു നൽകി വനംവകുപ്പിന്റെ ഓക്സിജൻ പാർക്ക്. നഗരസഭാ ഓഫിസിനു മുൻപിൽ വനംവകുപ്പ് ഓഫിസ് വളപ്പിൽ 25 സെന്റിൽ 2019 ഒക്ടോബർ 11നു യാഥാർഥ്യമാക്കിയ ഓക്സിജൻ പാർക്ക് ഇപ്പോൾ നഗരമധ്യത്തിലെ കുട്ടിവനമായി. സമീപത്തു തന്നെ 30 സെന്റിൽ അടുത്തിടെ ബൊട്ടാണിക്കൽ ഗാർഡനും ഒരുക്കിയിട്ടുണ്ട്.

കാടുമൂടി ഉപയോഗശൂന്യമായിരുന്ന സ്ഥലത്തു മാലിന്യം തള്ളുന്നത് ഒഴിവാക്കാനും നഗര സൗന്ദര്യവൽക്കരണത്തിനുമാണ് ഓക്സിജൻ പാർക്ക് എന്ന ആശയം ഉയർന്നത്. കർപ്പൂര തുളസി, കൊടുവേലി, മാതളം, കൂവളം, പനിക്കൂർക്ക തുടങ്ങി നൂറിലധികം ഔഷധ സസ്യങ്ങൾ, കാഞ്ഞിരം മുതൽ ഇരിപ്പ വരെ നക്ഷത്ര വനത്തിൽ ഉൾപ്പെടുന്ന 27 ഇനം മരങ്ങൾ, മാവ്, പ്ലാവ്, പേര, നെല്ലി, റംബുട്ടാൻ തുടങ്ങി ഫലവൃക്ഷങ്ങൾ, തേക്ക്, ഈട്ടി, അകിൽ, ചന്ദനം തുടങ്ങി വിലപിടിപ്പുള്ള മരങ്ങൾ പശ്ചിമഘട്ട മലനിരകളിൽ മാത്രം കാണുന്ന അപൂർവ സസ്യങ്ങൾ, അലങ്കാരച്ചെടികൾ, വിവിധയിനം മുള തുടങ്ങി ഇരുന്നൂറോളം ഇനങ്ങളിൽ അഞ്ഞൂറിൽപരം വൃക്ഷത്തൈകളാണുള്ളത്. പുൽത്തകിടിയും കൃത്രിമ ജലാശയത്തിൽ അപൂർവ മത്സ്യങ്ങളും ജലസസ്യങ്ങളുമുണ്ട്.

പക്ഷികൾക്കു വെള്ളവും തീറ്റയും ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിൽ കണ്ടുവരുന്ന പക്ഷികളുടെ ചിത്രങ്ങളോടെ പാർക്കിനു ചുറ്റും ഡിസ്പ്ലേ ബോർഡുകളുമുണ്ട്. ബൊട്ടാണിക്കൽ ഗാർഡനിൽ നൂറിനങ്ങളിലായി അറുന്നൂറോളം വൃക്ഷത്തൈകൾ 6 മാസം മുൻപു നട്ടുപിടിപ്പിച്ചിട്ടുണ്ട്.

TAGS: