Thu. May 2nd, 2024
മാവേലിക്കര:

ക്രിസ്മസ് ആഘോഷങ്ങൾക്കു വ്യത്യസ്തത പകർന്നു പെൺകുട്ടികൾ മാത്രം അംഗങ്ങളായ കാരൾ സംഘം വീടുകളിലെത്തി. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഗാനങ്ങൾ പാടി ലഭിച്ച തുക ഉപയോഗിച്ചു ഭിന്നശേഷിക്കാർക്കായി സ്നേഹവിരുന്നൊരുക്കിയും ബാക്കി തുക സ്ഥാപനത്തിനു സമ്മാനിച്ചും അവർ വേറിട്ട മാതൃകയായി. തെക്കേക്കര ചെറുകുന്നം വാർഡിലെ 10 പെൺകുട്ടികളാണു ക്രിസ്മസ് കാരളുമായി ഭവന സന്ദർശനം നടത്തിയത്.

വൈകിട്ട് 4 മുതൽ 8 വരെയായിരുന്നു ഭവന സന്ദർശനം. ലിനു മറിയം വർഗീസ്, സ്വാതി സുഗതൻ, സോന മറിയം ജോസ്, അമല കൃഷ്ണൻ, സോണിയ മറിയം ജോസ്, കീർത്തന രാജു, അലീന വിൽസൺ ജേക്കബ്, അനന്യ ആൻ സോണി, കെസിയ അന്ന ഷെറിൻ, 5 വയസുകാരി അനന്യ മനോജ് എന്നിവരായിരുന്നു കാരൾ സംഘ അംഗങ്ങൾ. ഇവർക്കു പിന്തുണയായി ആശ വോളന്റിയർ സുധാകുമാരി, അമ്മമാരായ ബീന ജോസ്, മായ രാധാക്യഷ്ണൻ, രാജി മനോജ്, സുമി രാജു എന്നിവരും ഒപ്പമുണ്ടായിരുന്നു.

കുട്ടികൾ തന്നെയാണു ഡ്രംസ് വായിച്ചത്. ക്രിസ്മസ് ഫാദറും ഉൾപ്പെട്ട സംഘത്തിനു ഭവന സന്ദർശനത്തിലൂടെ ലഭിച്ച തുക വിനിയോഗിച്ചു ഈരേഴ സെന്റ് ഫ്രാൻസിസ് ഹോമിൽ സ്നേഹവിരുന്നൊരുക്കി ക്രിസ്മസ് ആഘോഷിച്ചു. സംഘം  ബാക്കി തുക സ്ഥാപനത്തിനലേക്കു തങ്ങളുടെ ക്രിസ്മസ് സമ്മാനമായും നൽകി.