Sun. May 5th, 2024
ലണ്ടന്‍:

2021ലെ ലോകത്തിലെ ഏറ്റവും ആരാധ്യരായ ഇരുപത് വ്യക്തികളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടാം സ്ഥാനത്ത്. ബ്രിട്ടീഷ് ഡാറ്റ് അനലിസ്റ്റ് കമ്പനിയായ യൂഗോവ് നടത്തിയ സര്‍വേയിലൂടെയാണ് ഈ പട്ടിക പ്രസിദ്ധീകരിച്ചത്. 38 രാജ്യങ്ങളില്‍ നിന്നും 42,000 പേരുടെ അഭിപ്രായങ്ങള്‍ എടുത്താണ് യുഗോവ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നിലായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, അമിതാബ് ബച്ചന്‍, വീരാട് കോലി എന്നിവര്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. പട്ടിക പ്രകാരം ആദ്യത്തെ അഞ്ച് സ്ഥാനത്ത് ബാരാക് ഒബാമ, ബില്‍ഗേറ്റ്സ്, ഷി ജിന്‍പിങ്, ക്രിസ്റ്റ്യാനോ റൊണാല്‍ഡോ, ജാക്കി ചാന്‍ എന്നിവരാണ്.

മോദിക്ക് മുന്നില്‍ ആറ് ഏഴ് സ്ഥാനങ്ങളില്‍ യഥാക്രമം ടെസ്ല മേധാവി ഇലോണ്‍ മസ്കും, ഏഴാം സ്ഥാനത്ത് ലെയണല്‍ മെസിയുമാണ്. മോദിക്ക് പിന്നില്‍ ഒന്‍പതാം സ്ഥാനത്ത് റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിനാണ്. ചൈനീസ് വ്യവസായ പ്രമുഖന്‍ ജാക്ക് മായാണ് പത്താം സ്ഥാനത്ത്.

പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ 12മത്തെ സ്ഥാനത്താണ്. ഇതേ സമയം ഷാരൂഖ് ഖാന്‍ 14മത്തെ ഇടത്തും, അമിതാബ് ബച്ചന്‍ 15മത്തെ സ്ഥാനത്തുമാണ്. വീരാട് കോലി 18മത്തെ സ്ഥാനത്താണ്. അതേ സമയം യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പട്ടികയില്‍ അവസാന സ്ഥാനത്താണ്. പോപ്പ് ഫ്രാന്‍സിസ് പട്ടികയില്‍ പതിനാറാം സ്ഥാനത്താണ്.