Fri. Apr 26th, 2024
പാരീസ്​:

ഒളിമ്പിക്​സ്​ സ്വർണ മെഡൽ ജേതാവായ ഫ്രഞ്ച്​ നീന്തൽ താരം യാനിക്​ ആഗ്​നലിനെതിരെ ബലാത്സംഗ പരാതി. 15കാരിയെ ബലാത്സംഗം ചെയ്​തതായി പരാതി ഉയർന്നതിനെ തുടർന്ന്​ 2012 ലണ്ടൻ ഒളിമ്പിക്​സിൽ ഇരട്ട സ്വർണം നേടിയ ആഗ്​നലിനെതിരെ അന്വേഷണം ആരംഭിച്ചതായി എ എഫ്​ പി റിപ്പോർട്ട്​ ചെയ്​തു. വ്യാഴാഴ്ച പാരീസിൽ ​നിന്ന്​ അറസ്റ്റിലായ 29കാരൻ പൊലീസ്​ കസ്റ്റഡിയിലാണ്​.

2016ലാണ്​ കേസിനാസ്​പദമായ സംഭവമെന്ന്​ പബ്ലിക്​ പ്രോസിക്യൂട്ടർ എഡ്വിഗ്​ റുക്​സ്​ മോറിസോട്ട്​ പറഞ്ഞു. 2014-2016 കാലത്ത്​ ആഗ്​നലിന്‍റെ കീഴിൽ പരിശീലനം നടത്തിയ വ്യക്തിയാണ്​ പരാതി നൽകിയത്​. അന്ന്​ ഒളിമ്പിക്​ ചാമ്പ്യനായിരുന്ന താരം മൾഹൗസ്​ സ്വിമ്മിങ്​ ക്ലബിലെത്തി രണ്ടുവർഷം അവിടെ പരിശീലനം നടത്തിയിരുന്നു.

2010ൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ 400 മീ ഫ്രീസ്​റ്റൈലിൽ ഫ്രഞ്ച്​, ടൂർണമെന്‍റ്​ റെക്കോഡുകളോടെ സ്വർണം നേടിയാണ്​ ആഗ്​നൽ ശ്രദ്ധയാകർഷിച്ചത്​​. രണ്ടു വർഷത്തിന്​ ശേഷം ലണ്ടൻ ഒളിമ്പിക്​സിൽ 200 മീ ഫ്രീസ്​റ്റൈലിലും 4×100 മീ ഫ്രീസ്​റ്റൈലിലും സ്വർണം നേടിയ ആഗ്​നൽ 4×200 മീ ഫ്രീസ്​റ്റൈലിൽ വെള്ളിയും സ്വന്തമാക്കി. അതേ ഇനങ്ങളിൽ 2013ൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും ആഗ്​നൽ സ്വർണം മുങ്ങിയെടുത്തു. 2016ൽ റിയോ ഒളിമ്പിക്​സിൽ സ്വർണം നിലനിർത്താൻ സാധിക്കാതെ വന്നതോടെ വിരമിക്കൽ ​പ്രഖ്യാപിച്ചു.