Mon. Nov 25th, 2024
chinali marakkar ചിന്നാലി മരക്കാർ

കോഴിക്കോടിന്റെ ഉപനാവിക സേനാ മേധാവി സ്ഥാനം വഹിച്ച ചൈനീസ്‌ വംശജനായിരുന്നു ചിന്നാലി മരക്കാർ. ചിന്നാലി എന്നത്‌ കുഞ്ഞാലി മരക്കാർക്ക്‌ നേരെ താഴെ വരുന്ന ഉപമേധാവിക്ക്‌ നൽകപ്പെട്ടിരുന്ന സ്ഥാന നാമമാണെന്ന് അഭിപ്രായമുണ്ട്‌. എന്നാൽ എല്ലാ ചിന്നാലിമാരും ചൈനക്കാരായിരുന്നോ എന്നതിനെ പറ്റി വ്യക്തമായ തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ല. ചീന അലി മരക്കാർ എന്നതിൽ നിന്നാണ്‌ ചിന്നാലി മരക്കാർ എന്ന നാമത്തിന്റെ ഉൽപത്തിയെന്ന് കരുതുന്നു. ചൈനക്കാരനായ അലിയെ ചീന അലി എന്ന് വിളിച്ചു വന്നതാണെന്നും പറയപ്പെടുന്നുണ്ട്‌.

രണ്ട്‌ അലിമാരെ തിരിച്ചറിയാൻ വേണ്ടി – ഒന്നാമൻ, പറങ്കികൾ നാലാം കുഞ്ഞാലിയോടൊപ്പം പിടികൂടി ഗോവയിലെ കുപ്രസിദ്ധമായ ട്രോങ്കോ ജയിലിൽ അടച്ച്‌, നിർബന്ധിച്ച്‌ മതം മാറ്റിയ ഡോൺ പെഡ്രോ റോഡ്‌റിഗ്സ്‌ എന്ന അലി ഇബ്രാഹിം മരക്കാർ ആയിരുന്നു. അദ്ധേഹം പിന്നീട്‌ കുഞ്ഞാലി നാലാമന്റെ വധത്തിനു ശേഷം ഗോവൻ ജയിലിൽ നിന്ന് രക്ഷപ്പെട്ട്‌ മലബാറിൽ തിരിച്ചെത്തി, പറങ്കികൾക്ക്‌ വൻ നാശനഷ്ടങ്ങൾ വരുത്തുകയുണ്ടായി. രണ്ടാമൻ ഈ ചൈനക്കാരൻ ചിന്നാലി എന്ന ചിന്ന അലിയും – ഇവരെ തമ്മിൽ തിരിച്ചറിയാൻ ചൈനക്കാരൻ അലിയെ ചീന അലി അല്ലെങ്കിൽ ചിന്ന അലി എന്ന് വിളിച്ചതാണെന്നും അഭിപ്രായമുണ്ട്‌.

ചിന്നാലിയെ പറ്റിയുളള അറിവുകൾ നമുക്ക്‌ ലഭ്യമാവുന്നത്‌ പോർച്ചുഗീസ്‌ രേഖകളിൽ നിന്നും François Pyrar, Diogo do Couto എന്നിവരുടെ രചനകളിൽ നിന്നുമാണ്‌. ചിന്നാലിയും കുടുംബവും സഞ്ചരിച്ചിരുന്ന ചീനക്കപ്പൽ, മലയ കടലിൽ വെച്ച്‌ പറങ്കികൾ പിടിച്ചെടുത്ത്‌ കൊളളയടിക്കുകയും അതിലെ മുതിർന്നവരെ വധിക്കുകയും കുട്ടികളേയും സ്ത്രീകളേയും അടിമകളാക്കുകയും ചെയ്യുകയായിരുന്നു. അങ്ങിനെ അടിമയാക്കപ്പെട്ട ചിന്നാലിയുടെ മുന്നിൽ വെച്ചായിരുന്നു അവന്റെ മാതാപിതാക്കളേയും വധിച്ചത്‌. ഇതിലുളള പ്രതികാരം പത്തുവയസ്സ്‌ മാത്രം പ്രായമുണ്ടായിരുന്ന അവന്റെ കുഞ്ഞു മനസ്സിൽ നീറിപ്പുകഞ്ഞിരിക്കണം.

അതാണ്‌ പിന്നീട്‌ പ്രതികാരഗ്നിയായി പട്ടുമരക്കാർക്കൊപ്പവും മുഹമ്മദലി മരക്കാർക്കൊപ്പവും നടത്തിയ ആക്രമണങ്ങളിൽ അവൻ പറങ്കികൾക്കെതിരിൽ പുറത്തെടുത്തത്‌. അടിമയാക്കപ്പെട്ട ചിന്നാലിയെ കൊണ്ട്‌ പറങ്കികൾ കപ്പലിലെ കഠിന ജോലികൾ ചെയ്യിപ്പിച്ചിരുന്നു. ഈ ദുരിത ജീവിതത്തിനിടയിലാണ്‌ മലാക്ക കടലിൽ വെച്ച്‌ പട്ടുമരക്കാറും മുഹമ്മദ്‌ അലി മരക്കാറും ചേർന്ന് നടത്തിയ യുദ്ധത്തിൽ പറങ്കികളെ പരാചയപ്പെടുത്തി അവരുടെ കപ്പലുകൾ പിടിച്ചെടുത്തത്‌. അവയിൽ പറങ്കികളുടെ തടവിലാക്കപ്പെട്ട് അടിമജീവിതം നയിക്കേണ്ടി വന്ന കുട്ടികളടക്കമുളളവരെ കുഞ്ഞാലിമാർ രക്ഷപ്പെടുത്തി സ്വതന്ത്രരാക്കി. അവർക്കിടയിൽ ഏറെ ക്രാന്തശക്തിയുളള മുഖവുമായി നിന്ന ചൈനക്കാരൻ കൗമാരക്കാരനെ കുഞ്ഞാലി മരക്കാർ കൂടെ കൂട്ടി.

അവന്‌ അലിയെന്ന പേരു നൽകിയ മരക്കാർ, അയോധന കലകളിലും പ്രത്യാക്രമണ രീതികളും അഭ്യസിപ്പിച്ചു. കുഞ്ഞാലി മരക്കാരെ പോലെ ഖാദിരിയ്യ സൂഫീ സരണിയുടെ കടുത്ത അനുയായി ആയിരുന്നു ചിന്നാലിയെന്ന് പറങ്കി ചരിത്രരേഖകൾ പറയുന്നുണ്ട്‌. മാപ്പിളമാരുടെ അന്ധവിശ്വാസം ചിന്നാലിയും പിന്തുടരുന്നുവെന്ന് അവർ രേഖപ്പെടുത്തുന്നു. “മൂറിഷ്‌ ( മുസ്‌ലിം ) അന്ധവിശ്വാസത്തിന്റെ ഏറ്റവും വലിയ വക്താവും മലബാറിൽ കൃസ്ത്യാനികളുടെ ( പറങ്കികളുടെ ) ശത്രുവുമായിരുന്നു…” “…പിടിയിലകപ്പെട്ട പറങ്കികളെ അവനു മുന്നിൽ എത്തിക്കുമ്പോൾ ഏറ്റവും ക്രൂരതയോടെ അവരെ അവൻ രക്തസാക്ഷിയാക്കി ( വധിച്ചു )…” എന്നെല്ലാം ചിന്നാലിയെ പറ്റി Diogo do Couto രേഖപ്പെടുത്തുന്നത്‌ കാണാം. ചിന്നാലി അഞ്ഞൂറിലധികം പറങ്കികളെ വധിച്ചിട്ടുണ്ടെന്ന് കുട്ടോയും പിറാറും രേഖപ്പെടുത്തുന്നുണ്ട്‌.

പറങ്കികൾക്കെതിരായ പല പ്രമുഖ യുദ്ധങ്ങളിലും പട്ടുമരക്കാർക്കൊപ്പവും കുഞ്ഞാലി നാലാമനായ മുഹമ്മദലി മരക്കാർക്കൊപ്പവും ചിന്നാലി ധീരമായി പങ്കെടുത്ത്‌ പോരാടി. കുഞ്ഞാലി മരക്കാർ മൂന്നാമനായ പട്ടുമരക്കാരുടെ വിയോഗത്തെ തുടർന്ന് കുഞ്ഞാലി മരക്കാർ സ്ഥാനം ഏറ്റെടുത്ത മുഹമ്മദലി മരക്കാരുടെ കീഴിൽ ഉപനാവിക സേനാ മേധാവിയായി ചിന്നാലിയെ നിയമിച്ചു. തുടർന്ന് നടന്ന യുദ്ധങ്ങളിലെല്ലാം തന്നെ മരക്കാർക്കൊപ്പം സജീവ സാനിധ്യമായി ചിന്നാലിയും പങ്കുകൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ പോരാട്ട വീര്യത്തെ പോർച്ചുഗീസുകാർ പോലും വാഴ്ത്തിയിട്ടുണ്ട്‌.

മാസങ്ങൾ നീണ്ട ഉപരോധത്തിനു ശേഷം സാമൂതിരിക്ക്‌ മുന്നിൽ ഉടവാൾ വെച്ച്‌ കീഴടങ്ങാൻ തയ്യാറായി കോട്ടക്ക്‌ പുറത്തുവന്ന കുഞ്ഞാലി മരക്കാർക്കൊപ്പം ചിന്നാലിയും ഉണ്ടായിരുന്നു. ചതിയിൽ അന്നത്തെ സാമൂതിരി പറങ്കികൾക്ക്‌ കുഞ്ഞാലിയെ പിടിച്ച്‌ നൽകിയപ്പോൾ കൂട്ടത്തിൽ ചിന്നാലിയും പിടിക്കപ്പെട്ടു. അവിടെ നിന്ന് നേരെ ഗോവയിലെ കിരാതമായ ട്രോങ്കോ ജയിലിലടച്ച്‌ ക്രൂരമായ അക്രമങ്ങൾക്ക്‌ ഇരയാക്കിയ ശേഷം കുഞ്ഞാലി നാലാമനൊപ്പം ചിന്നാലിയേയും പറങ്കികൾ വധിക്കുകയാണുണ്ടായത്‌. എന്നാൽ, സാമൂതിരിക്ക്‌ മുന്നിൽ വെച്ച്‌ കുഞ്ഞാലിയേയും ചിന്നാലിയേയും സംഘാംഗങ്ങളേയും പിടികൂടിയ സമയത്ത്‌, പറങ്കികൾ തങ്ങളുടെ പഴയ അടിമപ്പയ്യനെ പിടിച്ച്‌ വീണ്ടും അടിമക്കൂട്ടത്തിൽ ചേർത്തതായി ഒരു അഭിപ്രായവും നിലവിലുണ്ട്‌.

അറസ്റ്റ്‌ ചെയ്ത്‌ ഗോവൻ ജയിലിൽ എത്തിച്ചപ്പോൾ ചിന്നാലി പൊട്ടിക്കരഞ്ഞെന്നും മതം മാറാൻ തയ്യാറായെന്നും തങ്ങളുടെ പക്ഷത്ത്‌ ചേർന്നെന്നും പോർച്ചുഗീസ്‌ പാതിരിയായ ഫാദർ പിമന്റൊ അവകാശപ്പെടുന്നത്‌‌ കാണാം. എന്നാൽ ഇതിലൊക്കെ എത്രത്തോളം വിശ്വാസ്യതയുണ്ടെന്ന് പറങ്കി രേഖകൾ തന്നെ പരിശോധിച്ചാൽ വ്യക്തമാവും. കുഞ്ഞാലി നാലാമനെ ആദ്യം തൂക്കിക്കൊന്നെന്നും രണ്ടാമതായി ചിന്നാലിയെ തലവെട്ടിയാണ്‌ കൊന്നതെന്ന് പറങ്കി രേഖകൾ വ്യക്തമാക്കുന്നുണ്ട്‌. അങ്ങനെയെങ്കിൽ മതം മാറിയെന്ന് ഫാദർ അവകാശപ്പെടുന്ന ചിന്നാലിയെ എന്തിനാണ്‌ വധിച്ചത്‌‌. അന്ന് പിടിയിലായ അലി ഇബ്രാഹിം മരക്കാർ എന്ന ഡോൺ പെഡ്രോ റോഡ്‌റിഗ്സ്‌ എന്ന കുഞ്ഞാലി മരക്കാർ അഞ്ചാമനെ മതം മാറാൻ തയ്യാറായതിനാൽ വധശിക്ഷയിൽ നിന്ന് ഒഴിവാക്കുക മാത്രമല്ല പറങ്കികൾ ചെയ്തത്‌, അദ്ദേഹത്തിനു ഒരു പറങ്കിപ്പെണ്ണിനെ വിവാഹം ചെയ്ത്‌ കൊടുക്കുകയും തടവുപുളളികളുടെ മേൽനോട്ടം ഏൽപ്പിക്കുകയും ചെയ്തിരുന്നു.

പിന്നീട്‌ ജയിൽ ചാടിയ റോഡ്‌റിഗ്സ്‌ എന്ന അലി ഇബ്രാഹിം മരക്കാർ പറങ്കികൾക്ക്‌ മാരകമായ പരിക്കുകൾ ഏൽപ്പിക്കുന്നുണ്ട്‌. എന്നാൽ ഇത്തരം ഒരു ആനുകൂല്യവും നൽകിയില്ലെന്ന് മാത്രമല്ല, തങ്ങൾക്ക്‌ മാരക പ്രഹരങ്ങൾ സമ്മാനിച്ച ചിന്നാലിയെ ക്രൂരപീഠനങ്ങൾക്കു ശേഷം വധിക്കുകയാണ്‌ പറങ്കികൾ ചെയ്തത്‌ എന്നതിൽ നിന്നു തന്നെ ചിന്നാലി മതം മാറാനോ പോർച്ചുഗീസ്‌ പക്ഷത്ത്‌ ചേരാനോ തയ്യാറായിരുന്നില്ല എന്ന് ഇതിൽ തന്നെ വ്യക്തവുമാണ്‌.


Ref: The voyage of François Pyrar, History of Diogo do Couto, Wikipedia, Islamic Encyclopedia