ജാം നഗർ, ഗുജറാത്ത്
ഒരു യുദ്ധവിമാനം പറപ്പിച്ച് ഫ്ലൈയിംഗ് ഓഫീസർ അവനി ചതുർവേദി, ആദ്യമായി ഒറ്റയ്ക്കു യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റ് ആയി ചരിത്രം സൃഷ്ടിച്ചു.
തിങ്കളാഴ്ച, ഗുജറാത്തിലെ ജാം നഗറിൽ, അവരുടെ പരിശീലപ്പറക്കലിൽ എം ഐ ജി – 21(മിഗ് -21) ബൈസൻ വിമാനമാണ് അവനി പറത്തിയത്.
“ഇത് ഭാരതീയ വായു സേനയ്ക്കും, രാജ്യത്തിനും അപൂർവ്വമായൊരു നേട്ടമാണ്” എയർ കോമഡോർ പ്രശാന്ത് ദീക്ഷിത് മാദ്ധ്യങ്ങളോടു പറഞ്ഞു.
ലാൻഡിങ്ങിലും ടേക്ക് ഓഫിലും ലോകത്ത് ഏറ്റവും കൂടുതൽ സ്പീഡുള്ളതാണ് മിഗ് – 21 ബൈസൻ. മണിക്കൂറിൽ 340 കിലോമീറ്റർ.
മദ്ധ്യപ്രദേശിലെ റാണാ ജില്ലക്കാരിയാണ് അവനി. ആദ്യത്തെ ഗ്രൂപ്പ് പൈലറ്റുമാരിലും ഒരാളായിരുന്നു അവനി. മോഹന സിംഗ്, ഭാവന കാന്ത് എന്നിവരോടൊപ്പം 2016 ജൂൺ 18 നു വായുസേനയിലെ പൈലറ്റായി ചേർന്നു. ആ സമയത്ത് ആഭ്യന്തര മന്ത്രി ആയിരുന്ന മനോഹർ പരീക്കറാണ് ഇവർക്ക് പദവി കൊടുത്തത്.
മോഹന സിംഗ്, ഭാവന കാന്ത് എന്നിവരും യുദ്ധവിമാനം പറപ്പിക്കാനുള്ള പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. അവരും താമസിയാതെ വിമാനം പറത്തും. മൂന്നുപേർക്കും ജനുവരിയിലാണ് പരിശീലനം നൽകിയത്.
അഞ്ചു വർഷത്തേക്ക്, ഒരു പരീക്ഷണം എന്ന നിലയ്ക്കാണ് മൂന്നുപേരേയും 2016 ൽ അടിസ്ഥാന പരിശീലനം നൽകി ഫ്ലൈയിംഗ് ഓഫീസർമാരായി നിയമിച്ചത്.
ഹൈദരാബാദിലെ വായുസേന അക്കാദമിയിൽ നിന്നാണ് അവനി പരിശീലനം പൂർത്തിയാക്കിയത്. മദ്ധ്യപ്രദേശിലെ ഷാഡോൾ ജില്ലയിലെ ഒരു ചെറിയ ടൌണായ ദേവ്‌ലാൻഡിൽ നിന്നാണ് അവർ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. 2014 ൽ രാജസ്ഥാനിലെ ബനസ്ഥലി സർവകലാശാലയിൽ നിന്ന് ബി ടെക്ക് പൂർത്തിയാക്കി വായുസേനയുടെ പരീക്ഷയും ജയിച്ചു.
സൈന്യത്തിൽ ജോലിയുള്ള സ്വന്തം സഹോദരനായിരുന്നു അവനിയുടെ പ്രചോദനം. ആകാശം കീഴടക്കണമെന്നുള്ള ഒരു മോഹം കൊണ്ട് അവർ കോളേജിലെ ഫ്ലൈയിംഗ് ക്ലബ്ബിൽ ചേർന്നു.