Wed. Dec 25th, 2024

വില്യം നഗർ, മേഘാലയ

Jonathan_Sangma
മേഘാലയയിലെ എൻ സി പി സ്ഥാനാർത്ഥി കൊലപ്പെട്ടു

വില്യം നഗർ മണ്ഡലത്തിലേക്കുള്ള എൻ സി പി സ്ഥാനാർത്ഥി ജൊനാഥൻ എൻ സംഗ്മയുടെ കൊലപാതകത്തിൽ ഇപ്പോഴത്തെ എം എൽ എ യും, കോൺഗ്രസ്സ് സ്ഥാനാർത്ഥിയും, മേഘാലയയിലെ വിദ്യാഭ്യാസമന്ത്രിയുമായ ഡെബോറ മാറക്ക് അനുശോചനം രേഖപ്പെടുത്തി. ഈ കൊലപാതകം ദൌർഭാഗ്യകരമായിപ്പോയെന്നും അവർ പറഞ്ഞു.

ആക്രമണത്തിൽ അപലപിക്കുകയും ഒരു സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മേഘാലയയിലെ നിയമസഭയിലെ 60 സീറ്റിൽ 24 സീറ്റ് ഉൾപ്പെടുന്ന ഗാരോ ഹിൽ പ്രദേശത്ത് കൂടുതൽ സൈന്യത്തെ നിയോഗിക്കണമെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മേഘാലയയിലെ മുഖ്യ തെരഞ്ഞെടുപ്പ് അധികാരി ഫ്രെഡറിക് റോയ് ഖർകോൻ‌ഗർ പറഞ്ഞു.

കൊല്ലപ്പെട്ട എൻ സി പി സ്ഥാനാർത്ഥിയും മറ്റു എട്ടുപേരും മത്സരിക്കാനൊരുങ്ങിയ വില്യം നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

“അടുത്ത വോട്ടെടുപ്പു തിയ്യതി ഉടൻ തന്നെ പ്രഖ്യാപിക്കും” ഖർകോൻ‌ഗർ പറഞ്ഞു.

“ഗാരോ ഹിൽസിൽ മെച്ചപ്പെട്ടതും, ഭീതിയില്ലാത്തതുമായ ഒരു തെരഞ്ഞെടുപ്പിനു വേണ്ടി ഞങ്ങൾ പൊലീസിലെ ഉന്നതാധികാരികളുമായി ചർച്ച ചെയ്ത് കൂടുതൽ കേന്ദ്ര പാരാമിലിറ്ററി സൈന്യത്തെ ആവശ്യപ്പെട്ടിട്ടുണ്ട്.” അദ്ദേഹം അറിയിച്ചു.

ഗാരോ നാഷണൽ ലിബറേഷൻ ആർമി (Garo National Liberation Army(GNLA))യിലെ ആൾക്കാരെയാണ് സംശയിക്കുന്നതെന്ന് മേഘാലയ പൊലീസിലെ ഉന്നതാധികാരി പറഞ്ഞു.

ആക്രമണത്തിൽ പ്രതിഷേധിച്ച്  പ്രകടനം നടന്നു. കടകളൊക്കെ അടച്ചിടുകയും ചെയ്തു.

ദുഃഖാചരണത്തിന്റെ ഭാഗമായി നാളെയും മാർക്കറ്റ് അടച്ചിടും.

ആക്രമികൾ അദ്ദേഹം വരുന്നത് കാത്തുനിൽക്കുകയായിരുന്നെന്ന് സംഭവത്തിനു സാക്ഷിയായ ബെഞ്ചമിൽ മാറക്ക് പറഞ്ഞു. അതൊരു കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്നും പറഞ്ഞു. എൻ സി പി സ്ഥാനാർത്ഥി സാമന്ദയിൽ എത്തിയപ്പോൾ എങ്ങനെയാണ് അദ്ദേഹം സഞ്ചരിച്ച വാഹനത്തിൽ ബോംബ് വീണതെന്നും പിന്നിൽ ഒരു വാഹനത്തിലുണ്ടായിരുന്ന ബെഞ്ചമിൻ മാറക്ക് ഓർത്തെടുത്തു.

സാമിൻ ഹസ്സൻ(40) എന്നൊരു പൊലീസുകാരനും ജൊനാഥൻ എൻ സംഗ്മയ്ക്കൊപ്പം കൊല്ലപ്പെട്ടുവെന്ന് ഈസ്റ്റ് ഗാരോ ഹിൽ‌സിലെ ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.

മരിച്ച മറ്റു രണ്ടു പേർ ക്രിബിനാഥ് ഡി ഷീരയും, ഗാരോ നാഷണൽ ലിബറേഷൻ ആർമിയുടെ ആദ്യകാല അംഗം ആയ ബൈചുംഗ് മോമിനും ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്നുപേരെ ഗുവാഹത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരുടെ നില ഗുരുതരമാണ്.

പരിക്കേറ്റവർ, സിൽമാൻ എൻ സംഗ്മ(45), നൂർ അബ്ദുൾ മിയാ, ബെഹെൻസിംഗ് മാറക്ക്(57) എന്നിവരാണ്.

“ഏതെങ്കിലും തീവ്രവാദി സംഘമോ വേറെ ആരെങ്കിലുമോ ഈ ആക്രമണം നടത്തിയെന്ന് ഇതുവരെ അവകാശപ്പെട്ടിട്ടില്ല. ആക്രമണകാരികളെ കണ്ടെത്തുന്നതിൽ ശ്രമം നടത്തുന്നതുകൂടാതെ, സംഗ്മയെ അനുകൂലിക്കുന്ന വോട്ടർമാരെ ഭീഷണിപ്പെടുത്തുന്ന പോസ്റ്ററുകൾ സാമന്ദ, ഡമാഗ്രേ നെൻ‌ഗ്ഖ്ര എന്നിവിടങ്ങളിലും മറ്റു ചില സ്ഥലങ്ങളിലും കണ്ടതിനെക്കുറിച്ചും ഞങ്ങൾ അന്വേഷിക്കുന്നുണ്ട്.” ഡപ്യൂട്ടി കമ്മീഷണർ കൂട്ടിച്ചേർത്തു.

തീവ്രവാദികളുടെ ഭീഷണി മൂലം തെരഞ്ഞെടുപ്പിൽ തടസ്സം വരാതിരിക്കാൻ വോട്ടർമാരെ കാണാനാണ് ഈസ്റ്റ് ഗാരോ ഹിൽ‌സിലെ സാമന്ദയിലെ സവിൽഗ്രെ ഗ്രാമത്തിൽ പോയതെന്ന് അദ്ദേഹം പറഞ്ഞു.

തിരിച്ചുവരുമ്പോഴാണ് വാഹനം ബോംബു പൊട്ടി തകർന്നത്.

ഈ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് എൻ സി പി യുടെ മേഘാലയ സംസ്ഥാന പ്രസിഡന്റ് സലേംഗ് സംഗ്മ, സർക്കാരിനോട് അഭ്യർത്ഥിച്ചു.

കൊല്ലപ്പെട്ട സ്ഥാനാർത്ഥിക്കു പകരം മത്സരിക്കുന്നത് ആരായിരിക്കും എന്ന് പെട്ടെന്നു പറയാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.

നാഷണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടിയുടെ സ്ഥാനാർത്ഥിയുടെ കൊലപാതകം, കോൺഗ്രസ്സ് ഭരിക്കുന്ന മേഘാലയത്തിലെ നിയമവാഴ്ചയുടെ അഭാവം എടുത്തുകാണിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *