Thu. Dec 19th, 2024

പൂനെ

HanumantKharat
നീരവ് മോദി തട്ടിപ്പുകേസിൽ എന്റെ മകനെ കുടുക്കിയതാണ്; ഹനുമന്ത് ഖാരാട്ട്

നീരവ് മോദി തട്ടിപ്പുകേസിൽ തന്റെ മകനെ പഞ്ചാബ് നാഷണൽ ബാങ്ക് കുടുക്കിയതാണെന്ന് മനോജ് ഖാരാട്ടിന്റെ അച്ഛൻ ഹനുമന്ത് ഖാരാട്ട് പറഞ്ഞു.

മോദിയെ 11000 കോടിക്കു മുകളിലുള്ള തട്ടിപ്പു നടത്താൻ സഹായിച്ചതിനു ഏകജാലക ഓപ്പറേറ്ററായ മനോജ്, പഞ്ചാബ് നാഷണൽ ബാങ്കിലെ മുൻ ഡെപ്യൂട്ടി മാനേജറായ ഗോകുൽ നാഥ് ഷെട്ടി എന്നിവരെ സി ബി ഐ അറസ്റ്റു ചെയ്തിരുന്നു.

“മുഴുവൻ ബാങ്ക് സംവിധാനവും മോശമാണ്. എന്റെ മകനെ ബാങ്ക് കുടുക്കിയതാണ്” ഹനുമന്ത് മാദ്ധ്യമങ്ങളോടു പറഞ്ഞു.

“25000 രൂപയ്ക്കു മുകളിലുള്ള പണമിടപാടുകൾ നടത്താൻ അധികാരമില്ലാത്ത ഒരു ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് എങ്ങനെ നടത്തും?” അദ്ദേഹം ചോദിച്ചു.

“എന്റെ മകന്റെ അധികാരവും പോസ്റ്റും എന്താണ്? അവർ എന്റെ മകനോട് അനീതിയാണു കാട്ടിയത്. 20000 മുതൽ 25000 വരെയുള്ള തുകയ്ക്ക് ഇടപാടുകൾ നടത്താനേ ഒരു ക്ലർക്കിന് അധികാരമുള്ളൂ. എന്താണ് അവന്റെ ശമ്പളം? തുടക്കത്തിൽ അത് 17000 ആയിരുന്നു. 2.5 കൊല്ലത്തിനുശേഷം 23000 ആയി. ബാങ്ക് എങ്ങനെയാണ് കോടികളുടെ ചുമതല അവനെ ഏൽപ്പിക്കുന്നത്?” ഹനുമന്ത് ആശ്ചര്യപ്പെട്ടു.

“വലിയ അധികാരികൾ, ഒന്നും അറിഞ്ഞുകൂടാത്ത പുതിയ ജൂനിയർ ജീവനക്കാരെ ഉപയോഗിച്ച് തെറ്റായ പ്രവർത്തികൾ ചെയ്യുന്നുണ്ടാവും” അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് ൽ, ഷെട്ടി വിരമിക്കുന്നതിനു മൂന്നുമാസം മുമ്പ്, നീരവ് മോദിയുടെ കമ്പനിക്കുവേണ്ടി 280 കോടിക്കു മുകളിൽ വിലവരുന്ന തുകയ്ക്ക് എട്ട് ജാമ്യച്ചീട്ടുകൾ ഗോകുൽനാഥ് ഷെട്ടിയും, മനോജും ചേർന്ന് അനുവദിച്ചു എന്നാണ് സി ബി ഐ പറയുന്നത്.

പ്രമുഖ ഡിസൈനർ ആഭരണവ്യാപാരിയായ നീരവ് മോദിക്കും കുടുംബാംഗങ്ങൾക്കും, ഗീതാഞ്ജലി ജ്വല്ലറി ഉടമയായ മേഹുൽ ചോക്സിക്കും എതിരെ 11400 കോടിയുടേയും, 280 കോടിയുടേയും തട്ടിപ്പുകേസിൽ പഞ്ചാബ് നാഷണൽ ബാങ്ക് രണ്ടു പരാതി നൽകിയിട്ടുണ്ട്.

280 കോടിയുടെ തട്ടിപ്പുകേസിൽ, നീരവ് മോദി, ഭാര്യ അമി, സഹോദരൻ നിഷാൽ, മേഹുൽ ചോക്സി എന്നിവർക്കെതിരെ സി ബി ഐ ജനുവരി 31 നു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

നീരവ് മോദിയുടേയും, മേഹുൽ ചോക്സിയുടേയും, രാജ്യത്തിന്റെ പല സ്ഥലങ്ങളിലുമുള്ള നിരവധി സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് റെയ്‌ഡു നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *