ക്വലാലമ്പൂർ, മലേഷ്യ
അവരുടെ ചോക്ക്ലേറ്റ്, മാൾട്ട് പൌഡർ ഉത്പന്നമായ മിലോയ്ക്ക് പൊതുജനങ്ങളുടെ ഇടയിൽ നിന്ന് വിമർശനം നേരിടേണ്ടിവന്നതിന്റെ പശ്ചാത്തലത്തിൽ, ഉത്പന്നത്തെ ന്യായീകരിച്ചുകൊണ്ട് നെസ്‌ലേ മലേഷ്യ ബുധനാഴ്ച ഒരു പ്രസ്താവന ഇറക്കി.
“ആരോഗ്യത്തേയും, പോഷകാഹാരത്തേയും കുറിച്ച് ഭക്ഷ്യവ്യവസായക്കമ്പനികൾ നിങ്ങളോടു കള്ളമാണു പറയുന്നത്. എന്തുകൊണ്ടാണെന്ന് ഇതാ” എന്ന തലക്കെട്ടോടെ മലേഷ്യയിലെ വ്യവസായസംരംഭകനായ വിഷൻ ലഖാനി, യൂ ട്യൂബിൽ ഒരു വീഡിയോ പോസ്റ്റു ചെയ്തിരുന്നു. അതിൽ നെസ്‌ലേയുടെ മാൾട്ട്, മിലോയിൽ 40% പഞ്ചസാര ആണെന്നു പറയുകയും, അതിനെ ഒരു നല്ല ഉത്പന്നം എന്ന നിലയിൽ വിറ്റഴിക്കാൻ ശ്രമിക്കുന്നതിനെതിരെ വിമർശിക്കുകയും ചെയ്തിരുന്നു.
“ആ വീഡിയോയിൽ പറഞ്ഞിരിക്കുന്നതെല്ലാം തെറ്റിദ്ധാരണാജനകമായതാണ്. ഞങ്ങൾ, വളരെ സ്വാദിഷ്ടമായതും, പോഷകം അടങ്ങിയിട്ടുള്ളതുമായ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ഉത്തരവാദിത്തം ഉള്ളവരാണ്” നെസ്‌ലേ മലേഷ്യ പറഞ്ഞതായി, ഫുഡ് നാവിഗേറ്റർ ഏഷ്യാ ഡോട്ട് കോം അറിയിച്ചു.
മിലോ നിർമ്മിച്ചിരിക്കുന്നത്, പാൽ, ബാർളി, കൊക്കോ പൌഡർ എന്നിവ കൊണ്ടാണെന്നും, അതിൽ വിറ്റാമിൻ ബി 2, ബി3, ബി6, വിറ്റാമിൻ സി എന്നിവയും, മിനറലുകളും അടങ്ങിട്ടുണ്ടെന്നും നെസ്‌ലേ കമ്പനി പറഞ്ഞു.
“ഞങ്ങൾ 200 മില്ലീലിറ്ററിന്, ആറ് ഗ്രാം പഞ്ചസാര, അതായത്, ഏകദേശം ഒരു ടീസ്പൂൺ പഞ്ചസാരയാണു കൂട്ടുന്നത്. മിലോയിലെ 50 ശതമാനത്തിലധികവും പഞ്ചസാര വരുന്നത് മാൾട്ടിൽ നിന്നും പാലിൽ നിന്നുമാണ്.” കമ്പനി കൂട്ടിച്ചേർത്തു.
മുകളിലുള്ള അവകാശവാദത്തിനു മറുപടിയെന്നോണം, നെസ്‌ലേയുടെ പല ഉത്പന്നങ്ങളെക്കുറിച്ചും, അവയിലടങ്ങിയിട്ടുള്ള വസ്തുക്കളെക്കുറിച്ചും പറഞ്ഞുകൊണ്ട്, ലഖാനി രണ്ടാമതൊരു വീഡിയോ ഇറക്കി.
“ഓരോ മിലോ ടിന്നിന്റേയും പിറകിൽ, മൂന്നു സ്പൂൺ മിലോ ചേർക്കാനാണു എഴുതിയിരിക്കുന്നത്. മൂന്ന് ടീസ്പൂൺ മിലോ ഏകദേശം 9 ഗ്രാം പഞ്ചസാരയേ ആവുന്നുള്ളൂ” ലഖാനി രണ്ടാമത്തെ വീഡിയോയിൽ പറഞ്ഞു.