മാലെ, മാലദ്വീപ്
ആക്രമണം ഉണ്ടാകുമെന്ന ഭീഷണി കാരണം മാലദ്വീപിലെ പ്രധാന ടി വി സ്റ്റേഷനായ രാജ്ജെ ടി വി പ്രക്ഷേപണം നിർത്തിവെച്ചു. നിരന്തരമായ ആക്രമണ ഭീഷണിയും, വിരട്ടലും, അവഹേളനവും കാരണം പതിവു പ്രക്ഷേപണങ്ങൾ നിർത്തിവെക്കുകയാണെന്നും ഖേദമുണ്ടെന്നും സ്റ്റേഷൻ ഒരു പ്രസ്താവന മുഖാന്തിരം അറിയിച്ചു.
മാധ്യമപ്രവർത്തകർക്ക് സ്വാതന്ത്ര്യത്തോടെ വാർത്തകൾ അറിയിക്കാനുള്ള ഒരു സുരക്ഷിതമായ അന്തരീക്ഷം മാലദ്വീപിൽ ഇപ്പോഴില്ലെന്നും അവർ പറഞ്ഞു. ഫെബ്രുവരി ഒന്നു മുതൽ, പലതരത്തിലുള്ള ഭീഷണികൾ വരുന്നുണ്ടെന്നും ടി വി സ്റ്റേഷൻ കത്തിക്കും എന്നു പറഞ്ഞതായും, ചാനലിലെ ജോലിക്കാരെ ഉപദ്രവിക്കും എന്നു ഭീഷണിയുള്ളതായും അവർ പറഞ്ഞു.
മാലദ്വീപിൽ കഴിഞ്ഞയാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അവിടത്തെ മുൻ രാഷ്ട്രപതി മൌമൂൻ അബ്ദുൾ ഗയൂം, ചീഫ് ജസ്റ്റിസ് സയീദ്, സുപ്രീം കോടതി ജഡ്ജി അലി ഹമീദ്, ജുഡീഷ്യൽ അഡ്മിനിസ്ട്രേറ്റർ ഹസ്സൻ സയീദ് എന്നിവർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.