Thu. Mar 28th, 2024

ന്യൂഡൽഹി

Sakina_Khatunfeb08-1
പാരാ അത്ലറ്റ് സക്കീന ഖാതൂനെ കോമൺ‌വെൽത്ത് ഗെയിമിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥന

ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺ‌വെൽത്ത് ഗെയിമിൽ, ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമിൽ ഭാരോദ്വഹന താരം സക്കീന ഖാതൂനേയും ഉൾപ്പെടുത്തണമെന്നു അഭ്യർത്ഥിച്ച് ഇന്ത്യൻ ഒളിമ്പിക്സ് അസ്സോസിയേഷൻ, കോമൺ-വെൽത്ത് ഫെഡറേഷനു കത്തയച്ചു.

ഉൾപ്പെടുത്താത്തത് അറിയിച്ചുകൊണ്ടും, ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും സക്കീന ഖാതൂൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഒരു കത്തെഴുതിയതിനു ശേഷമാണ് ഇങ്ങനെയൊരു നീക്കമുണ്ടായത്. ഗ്ലാസ്ഗോയിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ ബ്രോൺസ് മെഡൽ നേടിയ ഏക പാരാ അത്ലറ്റ് ആണ് സക്കീന ഖാതൂൻ. എന്നിട്ടും പ്രധാന കായികമേളകളിൽ നിന്നൊക്കെ അവരെ ഒഴിച്ചുനിർത്തുകയായിരുന്നു. കോമൺ വെൽത്ത് ഫെഡറേഷന്റെ തെരഞ്ഞെടുപ്പ് മാനദണ്ഡം അനുസരിച്ചുള്ള അർഹത ഉണ്ടായിട്ടും ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.

ഈ പ്രശ്നം പരിഹരിക്കണമെന്നും, അതുവഴി സക്കീന ഖാതൂനിന് ഇനി വരാൻ പോകുന്ന കായികമേളയിൽ പങ്കെടുക്കാൻ സാധിക്കണമെന്നും കോമൺ വെൽത്ത് ഗെയിമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഡേവിഡ് ഗ്രെവം‌ബർഗിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജീവ് മേഹ്ത്ത അയച്ച കത്തിൽ ആവശ്യപ്പെട്ടു. സക്കീന ഖാതൂൻ യോഗ്യത നേടിയിട്ടുണ്ടെന്നും കത്തിലുണ്ട്.

 

ഒന്നര വയസ്സുള്ളപ്പോൾ ഖാതൂന് പോളിയോ പിടിപെട്ടിരുന്നു. യോഗ്യതാ മാനദണ്ഡം അനുസരിച്ച്, കായികമേളയിൽ പങ്കെടുക്കാൻ തനിക്ക് അർഹതയുണ്ടെന്നും രാജ്യത്തിനുവേണ്ടി ഒരു മെഡലും കൂടെ നേടാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാന മന്ത്രി നരേന്ദ്രമോദിയ്ക്ക് അയച്ച കത്തിൽ ഖാതൂൻ പറയുന്നു. ഇന്ത്യയുടെ പാരാലിമ്പിക് കമ്മറ്റിയ്ക്ക് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നുവെന്നും പക്ഷെ ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും കത്തിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *