വിശാഖപട്ടണം
ധനമന്ത്രി അരുൺ ജയ്റ്റ്ലി ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധിച്ച്, ആന്ധ്രാപ്രദേശിലെ ഇടതുപക്ഷ പാർട്ടികൾ വ്യാഴാഴ്ച ബന്ദ് നടത്തി. ആന്ധ്രാപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ഏകദേശം 1300 ബസ്സുകൾ വിശാഖപട്ടണത്ത് തടഞ്ഞു. എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. ദേശീയപാത 16ലെ വാഹനഗതാഗതം തടഞ്ഞു.
പവൻ കല്യാണിന്റെ ജനസേനാ പാർട്ടിയും ബന്ദിനെ പിന്തുണയ്ക്കുകയും പ്രതിഷേധം അറിയിക്കാനായി ഇന്ത്യൻ പതാകയും പാർട്ടി പതാകയും കൈയിലേന്തി തെരുവുകളിൽ ഇറങ്ങുകയും ചെയ്തു. ജനസേന, ബന്ദിനെ പിന്തുണയ്ക്കുന്നുവെന്നും പക്ഷേ ജനസേന പാർട്ടി പ്രവർത്തകർ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ, സമാധാനപരമായ പ്രതിഷേധം നടത്തണമെന്നും പവൻ കല്യാൺ ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
കോൺഗ്രസ്സും ജഗൻ റെഡ്ഡിയുടെ വൈ എസ് ആർ കോൺഗ്രസ്സ് പാർട്ടിയും ബന്ദിൽ പങ്കുചേർന്നു.
ബജറ്റിൽ ആന്ധ്രാപ്രദേശിനു അനുവദിച്ച് വിഹിതം കുറഞ്ഞതിൽ, തെലുഗുദേശം പാർട്ടിയുടെ എം പി മാർ പാർലമെന്റിനു മുന്നിൽ അവരുടെ പ്രതിഷേധം നാലാം ദിവസവും തുടർന്നു. രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയവേ ആന്ധ്രാപ്രദേശ് തിരക്കിട്ടു വിഭജിച്ചതിൽ, പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസ്സുകാരെ കുറ്റപ്പെടുത്തിയിരുന്നു.