അലോർ സെതാർ
സുൽത്താൻ അബ്ദുൾ ഹാലിം സ്റ്റേഡിയത്തിൽ വെച്ചു നടന്ന, ഏഷ്യാ ടീം ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ, ലോക അഞ്ചാം നമ്പർ താരം കിഡമ്പി ശ്രീകാന്ത് നയിച്ച ഇന്ത്യൻ ടീം 5-0 നിലയിൽ മാലദ്വീപിനെ തോൽപ്പിച്ചു.
പുരുഷ സിംഗിൾസിൽ ശ്രീകാന്ത്, ഷഹീദ് ഹുസ്സൈൻ സയാനെ 21- 5, 21- 6 എന്ന നിലയിലും, സിംഗപ്പൂർ ഓപ്പൺ സീരീസ് ജേതാവായ ബി സായ് പരിണീത്, അഹമദ് നിബാലിനെ 21- 10, 21-4 എന്ന നിലയിലും തോൽപ്പിച്ചു.
മൊഹമ്മദ് അർസലാൻ അലിയെ 21- 5, 21- 1 എന്ന നിലയിൽ തോൽപ്പിച്ച് സമീർ വർമ്മ ഇന്ത്യയുടെ വിജയം (3-0) ഉറപ്പാക്കി. പുരുഷ ഡബിൾസിൽ സ്വാത്വിക് സായ് രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ഷഹീദ് ഹുസ്സൈൻ സയാൻ, ഷഹീം ഹസ്സൻ അഫ്ഷീം എന്നിവരെ 21- 8, 21- 8 എന്ന നിലയിൽ തോൽപ്പിച്ചു.
അവസാനം നടന്ന കളിയിൽ, അർജ്ജുൻ എം ആർ, ശ്ലോക് രാമചന്ദ്രൻ എന്നിവർ മൊഹമ്മദ് അർസലാൻ അലി, അഹമ്മദ് നിബാൽ എന്നിവരെ 21-2, 21-5 എന്ന നിലയിൽ തോൽപ്പിച്ചു.
പുരുഷ ടീം, മുമ്പ് ഫിലിപ്പീൻസിനെ ഇതേ അനുപാതത്തിൽ തോൽപ്പിച്ചിരുന്നു. അത് 2018 ലേക്കുള്ള തോമസ് ആൻഡ് ഊബർ കപ്പിലേക്കുള്ള ഏഷ്യക്കാർക്കുള്ള പ്രവേശനമത്സരം കൂടെ ആയിരുന്നു.
വ്യാഴാഴ്ച പുരുഷ ടീം ഇന്തോനേഷ്യയെയും, വനിതാ ടീം ജപ്പാനെയും നേരിടും.
ഒളിമ്പിക്സിൽ വെള്ളിമെഡൽ നേടിയ, പി. വി സിന്ധു നയിക്കുന്ന വനിതാ ടീം ഹോങ്കോങ്ങിനെ തോൽപ്പിച്ചിരുന്നു. സ്കോർ 3-2.