ദുരഭിമാനക്കൊലകൾക്കെതിരേയുള്ള ഹരജി പരിഗണിക്കവേ, സുപ്രീം കോടതി ഖാപ് പഞ്ചായത്തുകളെ നിശിതമായി വിമർശിച്ചു. ഖാപ് പഞ്ചായത്ത് അങ്ങനെയുള്ള കേസുകളിലൊന്നും ഇടപെടേണ്ടെന്നും അതൊക്കെ നിയമവും കോടതിയും തീരുമാനിക്കുമെന്നും ഉന്നതനീതിപീഠം അറിയിച്ചു.
വിവാഹിതരെ ഖാപ് പഞ്ചായത്തിന്റെ ഇടപെടലുകളിൽ നിന്നും സംരക്ഷിക്കാനുള്ള ഉചിതതീരുമാനം നിർദ്ദേശിക്കാനും സുപ്രീം കോടതി, കേന്ദ്രത്തിനോടും, ഹരജിക്കാരനോടും ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ചിലയിടങ്ങളിൽ വിവിധമതത്തിലോ ജാതിയിലോ ഉള്ള ആളുകൾ വിവാഹം ചെയ്യുമ്പോൾ അതിന്റെ തീർപ്പു കൽപ്പിക്കുന്നത് അതാതു നാട്ടിലെ ഖാപ് പഞ്ചായത്തുകളാണ്. വിവാഹം കഴിക്കുന്നവർ രണ്ടു മതസ്ഥരോ, ഇതര ജാതിയിൽപ്പെട്ടവരോ ആവുമ്പോൾ കുടുംബത്തിനുണ്ടാവുന്ന അപമാനം കണക്കിലെടുത്താണ് ഖാപ് പഞ്ചായത്ത് ആ കാര്യത്തിലൊരു തീർപ്പു കൽപ്പിക്കുന്നത്. ഉന്നതജാതിക്കാർ താഴ്ന്ന ജാതിക്കാരെ വിവാഹം കഴിക്കുമ്പോൾ, അത് അപമാനകരമായിട്ടാണ് ഖാപ് പഞ്ചായത്തുകളും, അതുപോലെയുള്ള മറ്റു വിഭാഗങ്ങളും തീരുമാനിക്കുന്നത്.
ഹരജി പരിഗണിക്കവേ, ഒരു വിവാഹം നിയമപരമായിട്ട് ശരിയാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് കോടതികളാണെന്ന്, ഖാപ് പഞ്ചായത്തിന്റെ വക്കീലിനോട് സുപ്രീം കോടതി പറഞ്ഞു. ദുരഭിമാനക്കൊലയുടെ പേരിൽ ഖാപ് പഞ്ചായത്തുകൾ നിയമം കയ്യിലെടുക്കുന്നതിനേയും കോടതി വിമർശിച്ചു.
ജനുവരി 16ന്, ഇതരജാതിയിൽപ്പെട്ട വിവാഹിതർക്കെതിരെയുള്ള ആക്രമണം തടയുന്നതിൽ, കേന്ദ്രം പരാജയപ്പെട്ടെന്ന് ഉന്നതനീതിപീഠം വിമർശിച്ചിരുന്നു. കേന്ദ്രം ഖാപ് പഞ്ചായത്തുകൾക്കെതിരെ നടപടിയെടുക്കുന്നില്ലെങ്കിൽ, കോടതി അതിനായി ഇറങ്ങുമെന്ന് മൂന്നംഗ ബെഞ്ചിന്റെ അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞിരുന്നു.
ഇതര ജാതിയിൽപ്പെട്ടതാണെങ്കിലും, പ്രായപൂർത്തിയായ രണ്ടുപേർ വിവാഹിതരാവുമ്പോൾ, അതിൽ ഖാപ് പഞ്ചായത്തിനോ സമൂഹത്തിനോ ഇടപെടാനുള്ള അധികാരമില്ലെന്നും ഉന്നതനീതിപീഠം പറഞ്ഞിരുന്നു.
With inputs from ANI