ഗള്‍ഫ് കുടിയേറ്റം കേരളത്തിലെ തൊഴില്‍ മേഖലയിലുണ്ടാക്കിയ കായികാധ്വാന വിടവിലേയ്ക്കാണ് ഇതരസംസ്ഥാനങ്ങളില്‍ നിന്നും കുടിയേറ്റം സംഭവിക്കുന്നത്. ആദ്യകാലങ്ങളില്‍ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കേരളത്തില്‍ തൊഴില്‍ അന്വേഷിച്ച് എത്തിയിരുന്നത്. പിന്നീട് 1990കളില്‍ പാലക്കാട്ടെ കഞ്ചിക്കോട് ഇരുമ്പ് വ്യവസായം അഭിവൃദ്ധിപ്പെട്ടപ്പോള്‍ ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ കേരളത്തിലേക്ക് കുടിയേറി. എറണാകുളം ജില്ലയിലെ തടി വ്യവസായത്തില്‍ ജോലി ചെയ്യാന്‍ ഒഡീഷയില്‍ നിന്നും കുടിയേറ്റക്കാരെത്തി. ഇതോടെ ദക്ഷിണേന്ത്യയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളി കുടിയേറ്റം ഗണ്യമായി ആരംഭിച്ചു. ഇന്നിപ്പോള്‍ തമിഴ്നാട്, കര്‍ണാടക എന്നിവയ്ക്ക് പുറമേ അസം, പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍പ്രദേശ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ വലിയ ഒഴുക്കാണ് കേരളത്തിലേയ്ക്കുള്ളത്.സ്ത്രീകളെ ‘ഭായിച്ചി’ എന്ന് വിളിച്ചാണ് അഭിസംഭോധന ചെയ്യുന്നത്. അവര്‍ വൃത്തി ഇല്ലാത്തവരാണ്, ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കത്തവരാണ് എന്നൊക്കെയുള്ള വംശീയമായ വിവേചനം സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്.
സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (സിഎംഐഡി) ന്റെ കണക്ക് പ്രകാരം കേരളത്തില്‍ ഏകദേശം 35 ലക്ഷം കുടിയേറ്റ തൊഴിലാളികളുണ്ട്. ഇത് കേരളത്തിലെ ജനസംഖ്യയുടെ 12 ശതമാനം വരും. കേരളത്തിലെ തൊഴില്‍ മേഖലയില്‍ 26.3 ശതമാനം ഇതര സംസ്ഥാനക്കാരാണ്. സമീപ ഭാവിയില്‍ തന്നെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം സംസ്ഥാന ജനസംഖ്യയുടെ ആറിലൊന്നായി മാറുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. എട്ടുവര്‍ഷത്തിനുള്ളില്‍ ഇത് സംഭവിക്കുമെന്നാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡിനു കീഴിലെ ഇവാല്വേഷന്‍ വിഭാഗം അഭിപ്രായപ്പെടുന്നത്.
കുടിയേറ്റക്കാരുടെ ശരാശരി എണ്ണം 2025ല്‍ 45.5 ലക്ഷം മുതല്‍ 47.9 ലക്ഷം വരെ ആയി ഉയരാം എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2030 ഓടെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരും. ആ സമയത്ത് കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുന്നതനുസരിച്ച് ഈ സംഖ്യയും വര്‍ദ്ധിക്കും എന്നാണ് പഠനം പറയുന്നത്.
കേരളത്തില്‍ കുടുംബമായി കഴിയുന്ന ഇതര സംസ്ഥാനക്കാര്‍ ഇപ്പോള്‍ 10.3 ലക്ഷത്തോളം വരും. ഇത് 2025ല്‍ 13.2 ലക്ഷമായും, 2030ല്‍ 15.2 ലക്ഷമായും വര്‍ദ്ധിക്കും. നിലവില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ പണിയെടുക്കുന്നത് നിര്‍മ്മാണ മേഖലയിലാണ്- 17.5 ലക്ഷം പേര്‍. ഉത്പാദന മേഖലയില്‍ 6.3 ലക്ഷം പേര്‍, കാര്‍ഷിക അനുബന്ധ മേഖലയില്‍ 3 ലക്ഷം പേര്‍, ഹോട്ടല്‍ ഭക്ഷണശാല മേഖലയില്‍ 1.7 ലക്ഷം പേരും പണിയെടുക്കുന്നു. ബാക്കിയുള്ളവര്‍ അസംഘിടത മേഖലയില്‍ വിവിധ ജോലികള്‍ ചെയ്യുന്നവരാണ്.
2016-17ല്‍ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലുസീവ് ഡവലപ്‌മെന്റ് നടത്തിയ പഠന പ്രകാരം രാജ്യത്തെ 25 സംസ്ഥാനങ്ങളില്‍ നിന്നായി 194 ജില്ലകളില്‍ നിന്നുള്ള ഇതര സംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ ജോലി ചെയ്യുന്നുണ്ട്. 60% പേരും കിഴക്കന്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. മേഘാലയ, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, സിക്കിം, ത്രിപുര, അസം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ടെക്‌സ്‌റ്റൈല്‍ മേഖലയിലും ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും നാഗാലാന്‍ഡില്‍ നിന്നുള്ളവര്‍ സലൂണുകളിലും പ്ലൈവുഡ്, നിര്‍മാണ മേഖലകളില്‍ പശ്ചിമബംഗാള്‍, ഒറീസ സംസ്ഥാനത്ത് നിന്നുള്ളവരും ജോലി ചെയ്യുന്നു. കൂടാതെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റ ത്തൊഴിലാളികളും ഇവിടെ ജോലി ചെയ്യുന്നു.
കുടിയേറ്റ തൊഴിലാളികളെ കേരളത്തിലേയ്ക്ക് ആകര്‍ഷിക്കുന്നത് താരതമ്യേന മെച്ചപ്പെട്ട വേതനവും സാമൂഹിക അന്തരീക്ഷവുമാണ്. ലേബര്‍ ബ്യൂറോയുടെ കണക്ക് പ്രകാരം കേരളമാണ് ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്ക് ആകര്‍ഷകമായ വേതനം നല്‍കുന്ന സംസ്ഥാനം. മലയാളി തൊഴിലുടമകള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികളെ ജോലിക്കു വയ്ക്കാനാണ് കൂടുതല്‍ താല്‍പര്യം. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ പഠന പ്രകാരം അതിനു മൂന്ന് കാരണങ്ങളുണ്ട്. 1. ഇതര സംസ്ഥാന തൊഴിലാളികള്‍ ഒരിക്കലും ജോലിയില്‍ നിന്ന് അവധിയെടുക്കില്ല. 2. അവര്‍ വേതനം കൂട്ടിച്ചോദിക്കില്ല. 3. തൊഴിലാളി യൂണിയനുകളുടെ ഭാഗമാകാത്തതിനാല്‍ അവര്‍ സമരം ചെയ്യുകയോ പണിമുടക്കുകയോ ചെയ്യില്ല. ഈ കാരണങ്ങള്‍ തന്നെയാണ് കുടിയേറ്റ തൊഴില്‍ മേഖലയില്‍ പലതരത്തിലുള്ള ചൂഷങ്ങള്‍ പെരുകാന്‍ കാരണവും. കേരളത്തിലെ തൊഴില്‍ വിപണി അവിദഗ്ധ ജോലികള്‍ ചെയ്യാന്‍ കുടിയേറ്റ തൊഴിലാളികളെയാണ് നിലവില്‍ കൂടുതലും ആശ്രയിക്കുന്നത്. ഇത്തരത്തിലുള്ള തൊഴിലാളികള്‍ ആവട്ടെ താല്‍ക്കാലിക തൊഴിലുകള്‍ ആണ് ചെയ്യുന്നത്. തൊഴില്‍ ധാതാവിനും ഇടനിലക്കാരനും താല്‍പര്യമില്ലെങ്കില്‍ തൊഴിലിലില്‍ തുടരാനും സാധിക്കില്ല.
ഏറ്റവും കൂടുതല്‍ കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍ എത്തുന്ന പെരുമ്പാവൂരിനെ കേന്ദ്രീകരിച്ച്, സ്ത്രീ തൊഴിലാളികള്‍ നേരിടുന്ന വിവേചനങ്ങള്‍, അതിക്രമങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ഒരന്വേഷണമാണ് ഈ റിപ്പോര്‍ട്ട്. 20 നും 50 ത്തിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ആണ് പെരുമ്പാവൂരിലേയ്ക്ക് തൊഴില്‍ അന്വേഷിച്ച് എത്തുന്നത്. പ്ലൈവുഡ് കമ്പനികള്‍, ഇഷ്ടിക നിര്‍മ്മാണ കമ്പനികള്‍, തീപ്പെട്ടി നിര്‍മ്മാണ കമ്പനികള്‍ തുടങ്ങിയവ പ്രധാനമായും പെരുമ്പാവൂര്‍ ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്. ഈ തൊഴില്‍ മേഖലകളിലാണ് വലിയ രീതിയില്‍ സ്ത്രീ തൊഴിലാളികള്‍ ചൂഷണത്തിന് വിധേയരാവുന്നത്. കൂലി നല്‍കാതിരിക്കല്‍, അവധി നല്‍കാതിരിക്കല്‍, സൂപ്പര്‍വൈസര്‍/ കരാറുകാരുടെ പീഡനങ്ങള്‍ ഇവയെല്ലാം ഈ മേഖലയില്‍ സാധാരണമാണ്.
സ്ത്രീ തൊഴിലാളിയും തൊഴിലിടവും
സുരക്ഷിതവും ശുചിത്വമുള്ളതുമായ തൊഴിലിടങ്ങളുടെ അഭാവം, ശുദ്ധജലം, ശുദ്ധവായു എന്നിവയുടെ അപര്യാപ്തത, കുടിയേറി ജീവിക്കുന്ന നഗരത്തിലെ സാമൂഹിക സാഹചര്യം, വിവേചനങ്ങള്‍ എന്നിവ സ്ത്രീ തൊഴിലാളികള്‍ നേരിടുന്നുണ്ട്. യുനെസ്‌കോ- യൂണിസെഫ് 2013 ലെ റിപ്പോര്‍ട്ടനുസരിച്ച്, കുടിയേറ്റ തൊഴിലാളികളുടെ മാതൃ-ശിശു ആരോഗ്യ സൂചിക നിലവാരം കുറവും സ്ത്രീകള്‍ക്കുനേരെയുള്ള ചൂഷണങ്ങളുടെ (ശാരീരികം, മാനസികം, സാമൂഹികം) തോതും കൂടുതലാണ്.
കൊവിഡ് ലോക്ഡൗണ്‍ കാലത്താണ് മുര്‍ഷിദാബാദ് സ്വദേശിയായ സഞ്ചിത (37 വയസ്സ്) കേരളത്തിലേയ്ക്ക് ജോലി തേടി എത്തിയത്. ഗ്രാമത്തിലെ കടുത്ത പട്ടിണിയും തൊഴിലില്ലായ്മയുമാണ് സഞ്ചിതയെ ജോലി തേടി കേരളത്തിലേയ്ക്ക് വരാന്‍ പ്രേരിപ്പിച്ചത്. ഫോണിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം (പ്രണയിതാവ്) സഞ്ചിത പെരുമ്പാവൂരില്‍ എത്തി. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായിരുന്ന സഞ്ചിത മൂത്ത മകനെ ബന്ധുക്കളെ ഏല്‍പ്പിച്ച് ഇളയമകനെ ഒപ്പം കൂട്ടി. പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന കണ്ടന്തറയില്‍ രണ്ടുപേരും കൂടി ഒരു ഹോട്ടല്‍ തുടങ്ങി. ഇതിനിടെ ഒരു ആണ്‍കുട്ടി കൂടി ജനിച്ചു. കുഞ്ഞ് ജനിച്ച് നാലാമത്തെ മാസം യുവാവ് സഞ്ചിതയെ ഉപേക്ഷിച്ച് പശ്ചിമ ബംഗാളിലേയ്ക്ക് മടങ്ങിപ്പോയി.
”ഞങ്ങള്‍ക്ക് നാട്ടില്‍ കൃഷിപ്പണി ആയിരുന്നു. സ്വന്തമായി ഭൂമിയൊന്നും ഇല്ല. ദാരിദ്രം രൂക്ഷമായപ്പോള്‍ ഫോണിലൂടെ പരിചയപ്പെട്ട് ആളുടെ കൂടെ കേരളത്തിലേയ്ക്ക് വന്നു. ഞങ്ങള്‍ ഒന്നിച്ച് തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ചെറിയ ഹോട്ടല്‍ നടത്തിയിരുന്നു. മൂന്നാമത്തെ കുഞ്ഞ് ജനിച്ചപ്പോള്‍ അയാള്‍ എന്നെ ഉപേക്ഷിച്ചു പോയി. അതിനു ശേഷം ഹോട്ടല്‍ നടത്താന്‍ സാധിച്ചില്ല. ചെറിയ കുട്ടി ആയതിനാല്‍ മറ്റു ജോലികള്‍ക്ക് പോകാന്‍ സാധിക്കുന്നില്ല. ഇപ്പോള്‍ ഒരു ഹോട്ടലിലാണ് ജോലി ചെയ്യുന്നത്. ഞാന്‍ ഒഴികെ അവിടെ ജോലി ചെയ്യുന്നവര്‍ എല്ലാം പുരുഷന്‍മാരാണ്. അവരോടൊപ്പമാണ് ഞാനും എന്റെ കുട്ടികളും കിടന്നുറങ്ങുന്നത്. അതുകൊണ്ട് സ്വകാര്യത ഒന്നും കിട്ടുന്നില്ല. കക്കൂസ്, കുളിമുറി സൗകര്യങ്ങള്‍ എല്ലാവരും ഒരുപോലെയാണ് ഉപയോഗിക്കുന്നത്. മാസം 12000 രൂപയാണ് ഇപ്പോള്‍ വരുമാനം.”, സഞ്ചിത വോക്ക് മലയാളത്തോട് പറഞ്ഞു.
ആറു വയസ്സുകാരനായ രണ്ടാമത്തെ മകനെ ഇതുവരെ സ്‌കൂളില്‍ ചേര്‍ത്തിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ എന്തൊക്കെയാണ് ഇതിനുവേണ്ടി ചെയ്യേണ്ടത് എന്ന് സഞ്ചിതയ്ക്ക് അറിയില്ല. കൂടെ ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് മെച്ചപ്പെട്ട കൂലി ലഭിക്കുമ്പോള്‍ ദിവസം 400 രൂപ മാത്രമാണ് സഞ്ചിതയുടെ വരുമാനം.
പശ്ചിമ ബംഗാളില്‍ നിന്നുള്ള റീന ബീബിയുടെയും സാഹചര്യം സമാനമാണ്. നാട്ടില്‍ സ്വന്തമായുള്ള ഭൂമിയില്‍ കൃഷി ചെയ്താണ് ജീവിച്ചിരുന്നെങ്കിലും വരുമാനം വളരെ കുറവായതിനാല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടിയാണ് കേരളത്തില്‍ എത്തിയത്. ഭര്‍ത്താവിനൊപ്പമാണ് പെരുമ്പാവൂരില്‍ എത്തിയത് എങ്കിലും വളരെ വൈകാതെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ല. ബംഗാളി അല്ലാതെ മറ്റുഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയാത്ത റീന ബേബിയ്ക്ക് തുടക്കകാല ജീവിതം വളരെ ദുസ്സഹമായിരുന്നു. ഇതിനിടെ ഒരു ഹോട്ടലില്‍ ജോലിയ്ക്ക് കയറി. കുട്ടികള്‍ക്കൊപ്പം ആ ഹോട്ടലില്‍ തന്നെയാണ് റീന ബീബിയുടെ താമസം. സഞ്ചിതയേ പോലെ റീനയ്ക്കും 12000 രൂപയാണ് മാസ വരുമാനം. അതായത് ദിവസം 400 രൂപ. പുരുഷ തൊഴിലാളികള്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ്. അഞ്ചു വര്‍ഷം കേരളത്തില്‍ ജോലി ചെയ്തു നാട്ടില്‍ വീട് പണിയാനുള്ള പണം സമ്പാദിക്കണം എന്നാണ് റീന ബീബിയുടെ ആഗ്രഹം.
കേരളത്തിലെ സ്ത്രീ കുടിയേറ്റ തൊഴിലാളികള്‍
കേരളത്തിലെ മൊത്തം സ്ത്രീ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം ഏകദേശം 262519 ആണെന്നാണ് കണക്കുകള്‍ പറയുന്നത്. കേരളത്തിലെ സര്‍ക്കാര്‍ രേഖകളില്‍ ഉള്‍പ്പെടുന്ന 5,16,320 കുടിയേറ്റ തൊഴിലാളികളില്‍ 26,516 പേര്‍ മാത്രമേ സ്ത്രീകള്‍ ഉള്ളൂ എന്ന മറ്റൊരു കണക്കുമുണ്ട്. എന്നാല്‍ ഈ കണക്കുകള്‍ക്കും മുകളിലാണ് യഥാര്‍ത്ഥ സംഖ്യ എന്നാണ് തൊഴിലാളികള്‍ തന്നെ പറയുന്നത്. എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുടിയേറ്റ തൊഴിലാളികള്‍ തൊഴിലെടുക്കുന്നത്. എട്ട് ലക്ഷത്തില്‍ അധികം കുടിയേറ്റ തൊഴിലാളികള്‍ എറണാകുളം ജില്ലയില്‍ മാത്രമായുണ്ട്. ഇതില്‍ എത്ര സ്ത്രീകള്‍ ഉണ്ടെന്ന കണക്ക് അധികാരികളുടെ കൈവശമില്ല.
ആദ്യഘട്ടങ്ങളില്‍ കുടുംബമായി കുടിയേറിയ സ്ത്രീകള്‍ ഇന്ന് ഒറ്റക്കും മറ്റു സ്ത്രീ സുഹൃത്തുക്കളോടൊപ്പമാണ് ജോലി അന്വേഷിച്ച് കേരളത്തില്‍ എത്തുന്നത്. 2000ന് ശേഷമാണ് സ്ത്രീ തൊഴിലാളികള്‍ കൂടുതലായും തൊഴില്‍ അന്വേഷിച്ചു കേരളത്തിലേക്ക് എത്താന്‍ തുടങ്ങിയത്. എന്നാല്‍ ഇതുവരെ എത്ര സ്ത്രീ തൊഴിലാളികള്‍ കേരളത്തിലേയ്ക്ക് ജോലിയ്ക്കായി എത്തി എന്നതിന്റെ കണക്കുകളില്ല.
കേരള സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം കുടിയേറ്റ തോഴിലാളികളില്‍ ബഹുഭൂരിപക്ഷം പുരുഷന്‍മാരാണ്. എന്നാല്‍ ന്യൂനപക്ഷമായി തുടരുന്ന സ്ത്രീ തൊഴിലാളികള്‍ സര്‍ക്കാരിന്റെ കണക്കുകളിലോ, സര്‍വേകളിലോ പെടാതെ അദൃശ്യരായാണ് തൊഴിലിടങ്ങളില്‍ തുടരുന്നത്. സത്യത്തില്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും സ്ത്രീ തൊഴിലാളികള്‍ എത്ര പേരുണ്ട് എന്നതിനെ കുറിച്ച് ധാരണയില്ല. ഓരോ ജോലികളും കരാറുകാരെയാണ് ഏല്‍പ്പിക്കുന്നത്. തൊഴിലുടമയ്ക്ക് തൊഴിലാളികളുമായി നേരിട്ട് ബന്ധമില്ല. കരാറുകാരാണു തൊഴിലാളികളെ കൊണ്ടുവരുന്നതും താമസിപ്പിക്കുന്നതും ജോലി ചെയ്യിക്കുന്നതും. കരാറുകാരുടെ കൈവശം കൃത്യമായ രേഖകള്‍ ഉണ്ടാകില്ല. തൊഴിലാളികള്‍ സ്ഥിരമായി ഒരു കരാറുകാരന്റെ കീഴില്‍ ജോലി ചെയ്യുന്ന രീതിയും മാറി. കൂടുതല്‍ വേതനം കിട്ടുന്ന സ്ഥലത്തേക്ക് അവര്‍ മാറിക്കൊണ്ടിരിക്കും. അവര്‍ എവിടെപ്പോകുന്നു, എവിടെ താമസിക്കുന്നു തുടങ്ങിയ കാര്യങ്ങളൊന്നും ആരും അന്വേഷിക്കാറില്ല.
ഏറ്റവും കൂടുതല്‍ സ്ത്രീതൊഴിലാളികള്‍ കുടിയേറ്റം ചെയ്യാന്‍ താല്‍പര്യപ്പെടുന്ന സംസ്ഥാനമാണ് കേരളം. അതിന് അടിസ്ഥാന കാരണം, മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ നല്‍കി പോരുന്ന ഉയര്‍ന്ന വേതനനിരക്കാണ്. എറണാകുളം കേരളത്തിന്റെ വ്യാവസായിക ഹബ്ബായതിനാലും തൊഴിലിടങ്ങളും തൊഴിലവസരങ്ങളും വര്‍ധിച്ചു വരുന്നതുകൊണ്ടുമാണ് കൂടുതലും സ്ത്രീ തൊഴിലാളികള്‍ ജോലി തേടി എറണാകുളം ജില്ലയിലെ വിവിധ നഗര പ്രദേശങ്ങളിലെയ്ക്ക് എത്തുന്നത്.
എറണാകുളം ജില്ലയില്‍ സ്ത്രീ തൊഴിലാളികള്‍ പലവിധത്തിലുള്ള തൊഴില്‍ ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തപ്പെടലുകള്‍ക്കും വിധേയരാവുന്നുണ്ട് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുനത്. സുരക്ഷിതമല്ലാത്ത ജോലിയും ജീവിത സാഹചര്യങ്ങളും നല്‍കിക്കൊണ്ട് സ്ത്രീ തൊഴിലാളികളെ അദൃശ്യരായി മാത്രം നിലനിര്‍ത്തുകയാണ് ഇപ്പോഴും ചെയ്യുന്നത്. ഭര്‍ത്താക്കന്മാരെ അനുഗമിച്ച് എത്തുന്നവര്‍ എന ലേബല്‍ നല്‍കി ക്ഷേമ പദ്ധതികളില്‍ നിന്നു പോലും സ്ത്രീകളെ അകറ്റി നിര്‍ത്തുന്നു. സ്ത്രീ തൊഴിലാളികളുടെ അധ്വാനശേഷിയും പണ വിയോഗവും പൊതുസമൂഹത്തിന് മുന്നില്‍ നിന്നും മറച്ചുവെക്കപ്പെടുകയാണ്. നിലവിലുള്ള കണക്കുകളും മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നത് അനുസരിച്ച് വലിയൊരു വിഭാഗം സ്ത്രീ കുടിയേറ്റ തൊഴിലാളികള്‍ ഒരുവിധത്തിലുമുള്ള ഔദ്യോഗിക രേഖകളിലോ, കരാറുകളിലോ ഉള്‍പ്പെടാതെ കേരളത്തിലേക്ക് കുടിയേറുകയും തൊഴിലില്‍ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട് എന്നതാണ്. അതിനാല്‍ തന്നെ തൊഴില്‍ സുരക്ഷിതത്വമില്ലാത്ത മേഖലകളില്‍ പണിയെടുക്കുമ്പോള്‍ അവരുടെ ജീവന് തന്നെ ഭീഷണി ഉണ്ടാവുകയും മറ്റെന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോള്‍ പോലും സര്‍ക്കാറിനോ മറ്റ് സംഘടനകള്‍ക്കോ യാതൊരുവിധത്തിലും ഇടപെടാന്‍ സാധിക്കാതെ വരികയും ചെയ്യുന്നുണ്ട്. ഇവിടുത്തെ തൊഴില്‍ദാതാക്കളുടെ ഇഷ്ടമനുസരിച്ച് അവരെ എങ്ങനെയും ഉപയോഗിക്കാം എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറുകയും ചെയ്യുന്നു. മരണം സംഭവിച്ചാല്‍ പോലും അറിയാനാവാത്ത സ്ഥിതിയാണ് ഉള്ളത്.
തുല്യ ജോലിയ്ക്ക് വേതനം കുറവ്, ആരോഗ്യ സംവിധാനത്തിന്റെ ഭാഗമല്ലാത്ത സ്ത്രീ തൊഴിലാളി
തൊഴിലിനായുള്ള കുടിയേറ്റത്തില്‍ തമിഴ്‌നാട്ടില്‍ നിന്നാണ് ആദ്യമായി സ്ത്രീ തൊഴിലാളികള്‍ കേരളത്തില്‍ എത്തുന്നത്. തമിഴ്‌നാടിന് പുറമേ ഒറീസ, ബീഹാര്‍, ജാര്‍ഖണ്ഡ്, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകള്‍ പെരുമ്പാവൂരില്‍ തൊഴിലന്വേഷിച്ച് എത്തുന്നുണ്ട്.
ഒറീസ, ബീഹാര്‍, ജാര്‍ഖണ്ഡ്, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നും കുടിയേരുന്നവര്‍ ഭൂരിഭാഗവും ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. കുടുംബത്തിനുള്ളിലെ ദാരിദ്ര്യവും പട്ടിണിയും ആണ് മറ്റു സംസ്ഥാനങ്ങളിലേക്ക് തൊഴില്‍ തേടി പോകാന്‍ ഇവരെ നിര്‍ബ്ബന്ധിതരാക്കുന്നത്. സ്വന്തമായോ അല്ലെങ്കില്‍ പെണ്‍മക്കളുടെയോ കല്യാണത്തിന് പണം സ്വരൂപിക്കാനും വീട് വെക്കാനുമൊക്കെയായാണ് കൂടുതലും പെണ്‍കുട്ടികളും സ്ത്രീകളും കുടിയേറ്റം നടത്തുന്നത്. തമിഴ്‌നാട് നിന്നുള്ള സ്ത്രീ തൊഴിലാളികള്‍ പ്രധാനമായും നിര്‍മ്മാണ മേഖലയിലും ആക്രിശേഖരണ മേഖലയിലും തൊഴില്‍ ചെയ്യുമ്പോള്‍ ഒറീസയില്‍ നിന്നുള്ള തൊഴിലാളികള്‍ കൂടുതലായും മത്സ്യ-ഭക്ഷ്യ സംസ്‌കരണ തൊഴിലിലും, വസ്ത്ര നിര്‍മാണ തൊഴിലിലും, ഗാര്‍ഹികതൊഴിലിലും ഫാക്ടറി ജോലികളിലുമാണ് ഏര്‍പ്പെടുന്നത്. പശ്ചിമബംഗാളില്‍ നിന്നുള്ള സ്ത്രീകള്‍ പ്രധാനമായും ഫാക്ടറി ജോലികളാണ് ചെയ്യുന്നത്. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിനും വരുന്നവര്‍ മാളുകള്‍, സലൂണുകള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, മസാജിങ്-സ്പാ സെന്ററുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നു.
‘ഏറ്റവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹമാണ് കുടിയേറ്റ തൊഴിലാളികള്‍. ഇവര്‍ കേരളത്തില്‍ പലതരത്തിലുള്ള വിവേചനങ്ങള്‍ അനുഭവിക്കുന്നുണ്ട്. വംശീയമായ ചൂഷണം, അതിക്രമങ്ങള്‍, തൊഴിലവകാശ ലംഘനങ്ങള്‍ തുടങ്ങിയവ അതില്‍ ചിലതാണ്. സാധാരണ കുടിയേറ്റ തൊഴിലാളികള്‍ എല്ലാ വിവേചനങ്ങളും അനുഭവിക്കുന്നുണ്ട്. അതില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ ഇരട്ട ചൂഷണത്തിന് വിധേയമാകുന്നു. രണ്ടു തരത്തില്‍ സ്ത്രീകള്‍ ചൂഷണത്തിന് വിധേയമാകുന്നുണ്ട്. ഒന്ന് പ്രാദേശിക തൊഴിലുടമകളില്‍ നിന്നും സമൂഹത്തില്‍ നിന്നുമാണ്. രണ്ടാമത്തേത് കുടിയേറ്റ തൊഴിലാളികളായ പുരുഷന്മാരില്‍ നിന്നാണ്. ഇതിനുപുറമേ ഗാര്‍ഹികമായ അതിക്രമങ്ങള്‍ക്കും ലൈംഗികമായ അതിക്രമങ്ങള്‍ക്കും സ്ത്രീകള്‍ വിധയമാകുന്നു. സ്ത്രീകള്‍ക്കെതിരായ തൊഴില്‍ രംഗത്തെ ഇത്തരം ചൂഷണങ്ങള്‍ പരിഹരിക്കാന്‍ ഏറ്റവും പ്രാഥമികമായി സര്‍ക്കാര്‍ ചെയ്യേണ്ടത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നുള്ളതാണ്. തൊഴില്‍ സ്ഥലത്ത് കൃത്യമായ വേതനം ലഭിക്കുന്നുണ്ടോ?, തൊഴിലാളികളുടെ കൃത്യമായ വിവരങ്ങള്‍ തൊഴില്‍ വകുപ്പ് സൂക്ഷിക്കുന്നുണ്ടോ? തൊഴിലാളികളുടെ ആരോഗ്യ വിവരങ്ങള്‍ ലഭ്യമാണോ? തൊഴില്‍ധാതാക്കള്‍ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങള്‍ സൂക്ഷികുന്നുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ ഒന്നും തൊഴില്‍ വകുപ്പ് പരിശോധിക്കുന്നില്ല. അതിന് പ്രധാന കാരണമായി തോന്നുന്നത് തൊഴില്‍ വകുപ്പില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാ എന്നതാണ്. കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വകുപ്പില്‍ ജീവനക്കാരില്ല.
വംശീയമായ വിവേചനം സ്ത്രീകള്‍ വലിയതോതില്‍ നേരിടുന്നുണ്ട്. സ്ത്രീകളെ ‘ഭായിച്ചി’ എന്ന് വിളിച്ചാണ് അഭിസംഭോധന ചെയ്യുന്നത്. അവര്‍ വൃത്തി ഇല്ലാത്തവരാണ്, ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരാണ്, കുടുംബ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കത്തവരാണ് എന്നൊക്കെയുള്ള വംശീയമായ വിവേചനം സ്ത്രീകള്‍ അനുഭവിക്കുന്നുണ്ട്. ‘ഭായിച്ചി’ എന്ന് വിളിക്കുന്നത് ജാതീയമായ അതിക്ഷേപം പോലെ തന്നെയാണ്.’ പ്രോഗ്രസീവ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷന്‍ ചെയര്‍പേഴ്സണ്‍ ജോര്‍ജ് മാത്യു വോക്ക് മലയാളത്തോട് പറഞ്ഞു.
പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിലാണ് റുമ ബീബി (30 വയസ്സ്) ജോലി ചെയ്യുന്നത്. രാവിലെ എട്ട് മണിക്ക് തുടങ്ങുന്ന ജോലി വൈകീട്ട് ആറുമണിക്ക് തീരും. ദിവസം 400 രൂപയാണ് കൂലി. എല്ലാ ആഴ്ചയിലും ശനിയാഴ്ച ഒന്നിച്ച് കൂലി ലഭിക്കും. ചെയ്യുന്ന ജോലിയ്ക്ക് കൂലി ഒരുപാട് കുറവാണെന്ന് റുമ ബേബി വോക്ക് മലയാളത്തോട് പറഞ്ഞു.
”പത്തു സ്ത്രീകള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഞങ്ങള്‍ സ്ത്രീകള്‍ക്ക് 400 രൂപയാണ് ഒരു ദിവസം കൂലി തരുന്നത്. പുരുഷന്മാര്‍ക്ക് കൂടുതല്‍ കൊടുക്കും. ഒരു മണിക്കൂര്‍ ഓവര്‍ടൈം ജോലി ചെയ്താല്‍ സ്ത്രീകള്‍ക്ക് 50 രൂപ അധികം കിട്ടും. എന്നാലും ചെയ്യുന്ന ജോലിക്ക് ശമ്പളം വളരെ കുറവാണ്. രണ്ടു പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് എനിക്കുള്ളത്. പെണ്‍കുട്ടികള്‍ കൊല്‍ക്കത്തയില്‍ ഞങ്ങളുടെ ഗ്രാമത്തിലാണ് താമസിക്കുന്നത്. എന്റെ അച്ഛനും സഹോദരനും ഭര്‍ത്താവും ഇവിടെ ജോലി ചെയ്യുന്നു. മകന്‍ ഞങ്ങള്‍ക്കൊപ്പമാണ് താമസിക്കുന്നത്. ഞങ്ങള്‍ പാവപ്പെട്ട ആളുകളാണ്. പെണ്മക്കളുടെ കല്യാണത്തിന് പൈസ സമ്പാദിക്കാന്‍ വേണ്ടിയാണ് കേരളത്തിലേയ്ക്ക് ജോലിയ്ക്ക് എത്തിയത്. നാട്ടില്‍ ഞങ്ങള്‍ക്ക് വീട് ഉണ്ടെങ്കിലും ഭൂമിയില്ല. അതുകൊണ്ട് പണം സമ്പാദിക്കാന്‍ ഞങ്ങള്‍ക്ക് നാടുവിട്ട് ഇവിടെയ്ക്ക് പോരേണ്ടി വന്നു. കുടുംബമായി താമസിക്കുന്നത് കൊണ്ട് ഒരു സ്ത്രീയെന്ന നിലയില്‍ സമൂഹത്തില്‍ നിന്നും മറ്റു ബുദ്ധിമുട്ടുകള്‍ ഉണ്ടാവാറില്ല. ഞങ്ങള്‍ക്ക് ആര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് ഇല്ല. ചികില്‍സകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കും. പലപ്പോഴും ആശുപത്രികളില്‍ നീണ്ട ക്വൂ ആയിരിക്കും. പലപ്പോഴും ജോലിക്കിടയില്‍ ആയിരിക്കും ആശുപത്രികളില്‍ പോവുക. അതുകൊണ്ട് സമയം ഉണ്ടാവില്ല. കൂടാതെ ഡോക്ടര്‍മാര്‍ക്ക് ഭാഷ അറിയാത്തതിനാല്‍ ഞങ്ങള്‍ സ്വകാര്യ ആശുപത്രികളെയാണ് അശ്രയിക്കാറുള്ളത്. അതിനുള്ള പൈസ ഞങ്ങള്‍ തന്നെ കണ്ടെത്തണം. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യം ആണെങ്കിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേകം സംവിധാനം ഇല്ലാത്തതിനാലും ഒരുപാട് സമയം വേണമെന്നുള്ളതിനാലും ഞങ്ങള്‍ സ്വകാര്യ ആശുപത്രികളില്‍ പോകും.’, റുമ ബീബി കൂട്ടിച്ചേര്‍ത്തു.
‘ആസാമിലെ നൊകൗ ജില്ലയില്‍ നിന്നാണ് ഞാന്‍ ഇവിടെ വന്നത്. പ്ലൈവുഡ് കമ്പനിയില്‍ ആണ് ജോലി ചെയ്യുന്നത്. ഗ്രാമത്തില്‍ ഞങ്ങള്‍ക്ക് കൃഷിപ്പണി ആയിരുന്നു. ഹെല്‍പ്പര്‍ ആയാണ് ഇവിടെ ജോലി ചെയ്യുന്നത്. 400 രൂപയാണ് ഒരു ദിവസത്തെ കൂലി. എല്ലാ ദിവസവും പണി ഉണ്ടാവില്ല. കമ്പനിയില്‍ പ്ലൈവുഡിന്റെ ഓര്‍ഡര്‍ ഉണ്ടാകുമ്പോള്‍ മാത്രം ഞങ്ങള്‍ക്ക് പണിയുണ്ടാകും. അല്ലെങ്കില്‍ ജോലിയുമില്ല, കൂലിയുമില്ല. ഭര്‍ത്താവിന്റെ കൂടെ താമസിക്കുന്നതിനാല്‍ ജോലി ഇല്ലെങ്കിലും ചിലവുകള്‍ നടന്നുപോകും.’ സബീന എസ്മിന്‍ പറയുന്നു.
പുരുഷന്മാര്‍ക്ക് 800 മുതല്‍ 1200 രൂപവരെ ഒരു ദിവസം കൂലി ലഭിക്കുമ്പോള്‍ സ്ത്രീ തൊഴിലാളികള്‍ക്ക് 400 രൂപയാണ് അടിസ്ഥാന കൂലി. നിര്‍മ്മാണ മേഖലയിലെ ജോലിയില്‍ 700 രൂപ മുതല്‍ 900 രൂപ വരെയാണ് ഒരു സ്ത്രീ തൊഴിലാളിയ്ക്ക് കിട്ടുന്ന ദിവസക്കൂലി. വേതനത്തിലെ വിവേചനം മൂലം നിര്‍മാണ മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലി എടുത്തിരുന്ന തമിഴ്‌നാട്ടില്‍ നിന്നുള്ള സ്ത്രീകള്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചു പോവുകയോ വഴിയോര കച്ചവടം, ചായക്കടകള്‍, തട്ടുകടകള്‍ പോലെയുള്ള കച്ചവടത്തിലേക്ക് തിരിയുകയും ചെയ്തിട്ടുണ്ട്. ദിവസം 12-14 മണിക്കൂര്‍ ജോലി ചെയ്താല്‍ മാസം വെറും 15,000 രൂപ വരെയാണ് മാളുകളിലും സലൂണുകളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്നത്.
സ്ത്രീ കുടിയേറ്റ തൊഴിലാളികള്‍ ഭൂരിപക്ഷവും ആരോഗ്യ സംവിധാനത്തിന് പുറത്തുനില്‍ക്കുന്ന സാഹചര്യം കേരളത്തിലുണ്ട്. ഭാഷാപരമായ ബുദ്ധിമുട്ടാണ് പ്രധാനമായും നേരിടുന്നത്. പെരുമ്പാവൂരിലെ ഭൂരിഭാഗം സ്ത്രീ തൊഴിലാളികള്‍ക്കും ഹിന്ദി അറിയില്ല. അതുകൊണ്ട് തന്നെ ഡോക്ടര്‍മാരുമായി രോഗ വിവരങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇവര്‍ക്ക് സാധിക്കില്ല. വലിയ തിരക്കുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ അധികനേരം ഒരു രോഗിക്ക് അനുവദിക്കാന്‍ ഡോക്ടര്‍ക്ക് സാധിക്കില്ല എന്നതും ഒരു പ്രതിസന്ധിയാണ്. പലപ്പോഴും ഡോക്ടറുടെ അടുത്തുനിന്ന് കുറിപ്പുമായി മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ ഡോക്ടര്‍ നിര്‍ദേശിച്ച ടെസ്റ്റുകള്‍ ചെയ്യാറില്ല. മറിച്ച്, അവര്‍ ഫാര്‍മസികളില്‍നിന്ന് മരുന്നുവാങ്ങി സ്വയം ചികിത്സിക്കും. ഇത്തരം അവസ്ഥയില്‍ സാധാരണയായി സ്ത്രീകുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാറുണ്ട്. ഇവിടെ രോഗബാധിതരെ പരിചരിക്കാന്‍ ആളില്ല എന്നതും ഈ തിരിച്ചുപോക്കിനെ സ്വാധീനിക്കുന്നു. അടിയന്തര ഘട്ടങ്ങളില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കാന്‍ ആളില്ലാത്തതിനാലും തൊഴില്‍ ദാതാക്കള്‍ ബില്‍ അടക്കുന്നതുവരെയും ചികിത്സ നിഷേധിക്കപ്പെടുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഗര്‍ഭകാല ബുദ്ധിമുട്ടുകള്‍, അനാരോഗ്യകരമായ തൊഴിലന്തരീക്ഷം (ദീര്‍ഘനേരം എഴുന്നേറ്റുനില്‍ക്കല്‍, കുനിഞ്ഞു നിന്ന് ജോലി ചെയ്യല്‍), പരിചരണത്തിന്റെയും പോഷകാഹാരത്തിന്റെയും കുറവ്, ജോലിസ്ഥലങ്ങളിലെ രാസവസ്തുക്കളുടെ ഉപയോഗം, അത് ഉള്ളില്‍ ചെല്ലുന്നതുമൂലമുണ്ടായേക്കാവുന്ന അസുഖങ്ങള്‍ എന്നിവയും പ്രതിസന്ധിയായി നിലനില്‍ക്കുന്നു. ഇതിലുപരി, ജോലി ചെയ്യുന്ന സ്ഥലത്തെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മ, ജോലിക്കിടയില്‍ ആശുപത്രിയില്‍ പോകാനുള്ള സമയമില്ലായ്മ, വരുമാനത്തിലെ സ്ഥിരതയില്ലായ്മ എന്നിവയും ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കുന്നതില്‍നിന്ന് കുടിയേയേറ്റ തൊഴിലാളികളെ അകറ്റുന്നു.
‘സാമൂഹിക ക്ഷേമ വകുപ്പ് സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു കാര്യവും ചെയ്യുന്നില്ല. തൊഴില്‍ സ്ഥലത്ത് ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് തൊഴിലുമായി ബന്ധപ്പെട്ട് ഒരുപാട് ആരോഗ്യ പ്രശ്‌നങ്ങള്‍ (occupational health) നേരിടുന്നുണ്ട്. പ്ലൈവുഡ് കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ആവട്ടെ, ഇഷ്ടിക കളങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ആവട്ടെ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ആവട്ടെ ആരോഗ്യകരമായ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. തൊഴില്‍ സ്ഥലങ്ങളില്‍ വ്യാവസായിക മലിനീകരണവുമായി ബന്ധപ്പെട്ടും ശബ്ദ മലിനീകരണവുമായി ബന്ധപ്പെട്ടും ആരോഗ്യ പ്രശ്‌നങ്ങളെ കൃത്യമായി മനസ്സിലാക്കാനും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനുമുള്ള സംവിധാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടാവേണ്ടതാണ്. മാത്രമല്ല, തൊഴില്‍ സ്ഥലങ്ങളില്‍ നിന്നും ധാരാളം പേര്‍ക്ക് അപകടം സംഭവിക്കുന്നുണ്ട്. തൊഴില്‍ സ്ഥലങ്ങളില്‍ മതിയായ സുരക്ഷ ഇല്ലാത്തത് കാരണമാണ് ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിക്കുന്നത്. സുരക്ഷ ഒരുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനും തൊഴില്‍ ഉടമകള്‍ക്കുമാണ്. അപകടം പറ്റിക്കഴിഞ്ഞാല്‍ നിയമാനുസൃതമായ നഷ്ടപരിഹാരം ലഭിക്കാറില്ല.
സ്ത്രീകള്‍ക്കുണ്ടാവുന്ന മറ്റു ആരോഗ്യ പ്രശ്‌നങ്ങള്‍, അതായത് സ്ത്രീകളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശങ്ങള്‍ ഉണ്ടല്ലോ ഇതൊക്കെ ഒരു ഡോക്ടറോഡ് പറയാന്‍ ആശുപത്രികളില്‍ ചെന്ന് കഴിഞ്ഞാല്‍ കഴിയില്ല. കാരണം ഭാഷാപരമായ പരിമിതികളുണ്ട്. ബ്ലീഡിംഗ് ഉണ്ടായാല്‍ പോലും സ്ത്രീകള്‍ക്ക് എന്നോട് പറയേണ്ട അവസ്ഥയുണ്ട്. ഡോക്ടര്‍ക്ക് പക്ഷെ ഇത് കൃത്യമായി മനസ്സിലാവില്ല. കാരണം ഭൂരിഭാഗം സ്ത്രീകള്‍ക്കും ഹിന്ദി ഭാഷ അറിയില്ല. ഡോക്ടര്‍മാര്‍ക്കും അറിയില്ല. മാത്രമല്ല, ഡോക്ടറെ കാണാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യം ആണെങ്കിലും ബ്ലഡ് ടെസ്റ്റ് ചെയ്യാനും, എക്‌സറേ എടുക്കാനും, സ്‌കാന്‍ ചെയ്യാനും പൈസ കൊടുക്കെണ്ടി വരുന്നുണ്ട്. ദാരിദ്ര്യ ജനവിഭാഗങ്ങളെ സംബന്ധിച്ചെടുത്തോളം ഈ പണം കണ്ടെത്താന്‍ കഴിയില്ല. ഉദാഹരണത്തിന് ഡെങ്കി പനി വന്നുകഴിഞ്ഞാല്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആകേണ്ടി വരും. അത്രയും ദിവസത്തെ ജോലി നഷ്ടപ്പെടും. മെഡിക്കല്‍ കോളേജുകളില്‍ ആണെങ്കില്‍ പോലും ചുരുങ്ങിയത് 50000 രൂപയെങ്കിലും അടക്കേണ്ടി വരും. ഈ അടുത്തിടെ രണ്ടു സ്ത്രീകള്‍ ഡെങ്കി പനി ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് പോയില്ല. അതിനുള്ള പൈസ ഇല്ല.
മറ്റൊന്ന്, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളാണ്. ഗര്‍ഭധാരണം ഒഴിവാക്കാന്‍ സ്ത്രീകള്‍ വ്യാപകമായി ഗുളികകള്‍ കഴിക്കുന്നുണ്ട്. എട്ടു വര്‍ഷമൊക്കെ ഗുളികകള്‍ കഴിച്ച സ്ത്രീകളുണ്ട്. കേരളത്തില്‍വന്ന് കുട്ടികള്‍ ആയി കഴിഞ്ഞാല്‍ അവരെ പരിപാലിക്കേണ്ടി വരും. അപ്പോള്‍ സ്ത്രീകള്‍ക്ക് ജോലിക്ക് പോകാന്‍ സാധിക്കില്ല. അവരുടെ സ്വന്തം ഗ്രാമങ്ങളില്‍ ആണെങ്കില്‍ മറ്റുള്ള ആരെങ്കിലും കുട്ടികളെ നോക്കാന്‍ ഉണ്ടാകും. ഇവിടെ അത്തരത്തിലുള്ള സാഹചര്യം ഇല്ലല്ലോ. അല്ലെങ്കില്‍ കുട്ടികളെയും കൊണ്ട് ജോലിയ്ക്ക് പോകേണ്ടി വരും. ഇത്തരത്തില്‍ ജോലിയ്ക്ക് പോയി കുഞ്ഞുങ്ങള്‍ മരണപ്പെട്ട സാഹചര്യം പ്ലൈവുഡ് കമ്പനികള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ഗര്‍ഭിണി ആവാതിരിക്കാന്‍ സ്ത്രീകള്‍ ഗുളികകള്‍ കഴിക്കുന്നത്.
ഗര്‍ഭം അലസിപ്പിക്കാനും സ്ത്രീകള്‍ ഗുളികകള്‍ കഴിക്കുന്നുണ്ട്. അതാവട്ടെ അബോഷന്‍ കൃത്യമായി നടക്കാതെ അതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശങ്ങള്‍ സ്ത്രീകള്‍ക്ക് പിന്നീട് അനുഭവിക്കേണ്ടി വരുന്നുണ്ട്. അബോഷന്‍ മരുന്നുകള്‍ നിയമ വിരുദ്ധമായാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സംവിധാനം ഇവിടില്ല.’, ജോര്‍ജ് മാത്യു പറഞ്ഞു.
‘എനിക്കിവിടെ രണ്ടു ലക്ഷം രൂപ കടമുണ്ട്. എന്റെ ഭാര്‍ത്താവ് കേരളത്തില്‍ വെച്ചാണ് മരണപ്പെടുന്നത്. ആശുപത്രി ചിലവുകള്‍ക്ക് വേണ്ടിയും മൃതദേഹം കൊല്‍ക്കത്തയിലേയ്ക്ക് കൊണ്ടുപോകാനും ഒരുപാട് പണം ചിലവായി. കുറെ കടം ഞാനും എന്റെ മകനും പണി ചെയ്ത് കൊടുത്തുതീര്‍ത്തു. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാന്‍ കേരള സര്‍ക്കാര്‍ പണം നല്‍കണം. അത് ഇതുവരെ ലഭിച്ചിട്ടില്ല. എനിക്ക് മരത്തിന്റെ മില്ലിലാണ് ജോലി. ജോലി ഒരുപാട് ബുദ്ധിമുട്ടാണ്. കൂലിയായി 500, 600 രൂപ വരെ ലഭിക്കും. മില്ലിലെ പൊടിയും കേരളത്തിലെ കാലാവസ്ഥയും കാരണം എന്നും അസുഖമാണ്. അതുകൊണ്ട് സ്ഥിരമായി പണിക്ക് പോകാന്‍ സാധിക്കില്ല. ഭര്‍ത്താവിനെ ആദ്യമൊക്കെ ചികില്‍സിച്ചത് സ്വകാര്യ ആശുപത്രികളിലാണ്. ഓരോ ആശുപതിയില്‍ പോകുമ്പോഴും എന്താണ് രോഗമെന്ന് പറഞ്ഞുതന്നിരുന്നില്ല. ഒരു ആശുപത്രിയില്‍ നിന്നും മറ്റു ആശുപത്രിയിലേയ്ക്ക് പറഞ്ഞുവിടും. ഒരുപാട് പണവും ചിലവായി. ഒടുവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നിന്നാണ് ഹൃദ്രോഗം ആണെന്ന് പറഞ്ഞത്. അപ്പോള്‍ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. ഞങ്ങള്‍ക്ക് അസുഖം വന്നാല്‍ ചികിത്സിക്കാന്‍ ഇവിടെ നല്ല സംവിധാനമില്ല.’, ശ്രീമതി കരണ്‍ റോയി പറയുന്നു.
പല മേഖലകളിലും കുടിയേറ്റ തൊഴിലാളികള്‍ ജോലിക്കെത്തുന്നത് പ്രഥമിക തൊഴില്‍ ദാതാവ് വഴിയാണ്. എന്നാല്‍ അവരുടെ രജിസ്ട്രേഷന്‍, ഇഎസ്‌ഐ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തൊഴില്‍ ദാതാവ് തയാറാകുന്നില്ല. ആരോഗ്യ സംരക്ഷണത്തിനുള്ള പ്രാഥമിക ഇടപെടല്‍ പോലും തൊഴില്‍ കോണ്‍ട്രാക്റ്റര്‍മാരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ദിവസ വേതന ജോലികളില്‍ ഏര്‍പ്പെടുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ലേബര്‍ കോണ്‍ട്രാക്റ്റര്‍മാര്‍ക്കൊപ്പം ജോലി ചെയുന്ന തൊഴിലാളിക്ക് കിട്ടുന്ന പരിഗണനയയോ, ആരോഗ്യ അവബോധമോ ലഭിക്കുന്നില്ല.
ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് സമാനമായ വാസസ്ഥലം
സ്ത്രീ തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍ മിക്കതും ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് സമാനമാണ്. ഒരു മുറിയില്‍ നിരവധി സ്ത്രീ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്ത് കഴിയേണ്ട അവസ്ഥയാണ് പെരുമ്പാവൂരില്‍ കാണാന്‍ സാധിക്കുന്നത്. ഭൂരിഭാഗം കുടിയേറ്റ സ്ത്രീ തൊഴിലാളികളും താമസിക്കുന്നത് താല്‍ക്കാലിക ക്യാമ്പുകളിലോ ഇടുങ്ങിയ മുറികളിലോ ഷെയര്‍ റൂമുകളാകുന്ന താമസസ്ഥലങ്ങളിലോ ആണ്. ആവശ്യത്തിന് വെളിച്ചവും വെന്റിലേഷനും സൗകര്യമുള്ള അടുക്കളയും ഇല്ലാത്ത ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് സമാനമാണ് ഈ ജീവിത സാഹചര്യം. ശുദ്ധജലത്തിന്റെയും ശുചിത്വ സൗകര്യങ്ങളുടെയും കുറവും ഇത്തരം താമസ സ്ഥലങ്ങളിലുണ്ട്.
‘സാമൂഹിക ക്ഷേമ വകുപ്പില്‍ തദ്ദേശീയരായ സ്ത്രീകള്‍ക്ക് വേണ്ടി ധാരാളം ഷെല്‍ട്ടര്‍ ഹോമുകളുണ്ട്. ഏതെങ്കിലും ഒരു സ്ത്രീ ഒറ്റപ്പെട്ട് പോയാല്‍ അവരെ സഹായിക്കാന്‍ ആശ വര്‍ക്കര്‍മാര്‍ ഉണ്ടാകും അംഗനവാടി ടീച്ചര്‍മാര്‍ ഉണ്ടാകും പഞ്ചായത്ത് മെമ്പര്‍മാര്‍ ഉണ്ടാകും. ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഒക്കെ വിധേയമായി കഴിഞ്ഞാല്‍ തദ്ദേശീയരായ സ്ത്രീകള്‍ക്ക് ഈ പറഞ്ഞ ആളുകളുടെ സഹായത്തോടെ ഷെല്‍ട്ടര്‍ ഹോമുകളിലെയ്ക്ക് പോകാം. എന്നാല്‍ കുടിയേറ്റ തൊഴിലാളികളായ സ്ത്രീകള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ പല എന്‍ജിഒകളും നടത്തുന്ന ഷെല്‍ട്ടര്‍ ഹോമുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. അതാവട്ടെ ജയിലിനെക്കാള്‍ ഭീകരമാണ്. ഷെല്‍ട്ടര്‍ ഹോമുകളില്‍ പ്രവേശിപ്പിക്കുന്ന സ്ത്രീകള്‍ പ്രശ്‌നക്കാരാണ് എന്ന സമീപനമാണ് നടത്തിപ്പുകാര്‍ പലപ്പോഴും സ്വീകരിക്കുന്നത്. അതുകൊണ്ടുതന്നെ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേയ്ക്ക് തൊഴില്‍ തേടി എത്തുന്ന സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ സാമൂഹിക ക്ഷേമ വകുപ്പ് ഒരുക്കണം. രണ്ടാമത്തെ കാര്യം, പുരുഷന്മാരെ പോലെ സ്ത്രീകള്‍ക്ക് താമസിക്കാന്‍ മുറികള്‍ കിട്ടാന്‍ വലിയ തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. ഒരു പുരുഷന് 15000 രൂപ കൊടുത്തുകഴിഞ്ഞാല്‍ പുരുഷന്മാര്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ ഒരു റൂം കിട്ടാന്‍ വളരെ എളുപ്പമാണ്. കെട്ടിടത്തിന്റെ ഉടമസ്ഥന് ആധാര്‍ കാര്‍ഡ് കൊടുത്താല്‍ പുരുഷന് അവിടെ താമസിച്ചുതുടങ്ങാം. എന്നാല്‍ സ്ത്രീ തൊഴിലാളികളെ സംബന്ധിച്ച് ഇത്തരമൊരു സ്ഥലം ഇല്ല. കാരണം സ്ത്രീകള്‍ കുഴപ്പക്കാരാണ്, ലൈംഗിക തൊഴിലാളികളാണ് എന്നതരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ താമസിക്കാനുള്ള സൗകര്യം ആരും കൊടുക്കുന്നില്ല.’, ജോര്‍ജ് മാത്യു പറയുന്നു.
‘പല സ്ത്രീകളും പെരുമ്പാവൂരിലേയ്ക്ക് ജോലിയ്ക്കായി വരുന്നത് കുടുംബമായാണ്. അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ താമസ സൗകര്യം ഒരുക്കാരില്ല. പകരം പുറത്ത് എവിടെയെങ്കിലും വാടകയ്ക്ക് മുറികളോ, വീടോ എടുത്ത് താമസിക്കുകയാണ് ചെയ്യുന്നത്. ഒറ്റക്ക് വരുന്ന സ്ത്രീകള്‍ മറ്റു സ്ത്രീകളുടെ കൂടെ വീട് എടുത്ത് താമസിക്കുന്നുണ്ട്. ‘അതിഥി രജിസ്‌ട്രേഷന്‍’ എന്ന ഒരു പരിപാടി എപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നുണ്ട്. അതിനു വേണ്ടി വിവിധ സ്ഥലങ്ങളില്‍ പോകുമ്പോള്‍ സ്ത്രീകള്‍ ഒന്നിച്ച് കൂട്ടമായി താമസിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. കുട്ടികളെ ജോലി സ്ഥലങ്ങളിലേയ്ക്ക് കൊടുപോകരുത് എന്ന് ഇപ്പോള്‍ നിര്‍ബന്ധമായും പറയുന്നുണ്ട്. കമ്പനികളോട് ചേര്‍ന്ന് അംഗനവാടി സംവിധാങ്ങള്‍ കുട്ടികള്‍ക്കായുണ്ട്. പട്ടണത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കമ്പനികളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ കുട്ടികളെ അംഗനവാടികളില്‍ ആക്കുന്നുണ്ട്. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ ഇത് എത്രത്തോലും പ്രാവര്‍ത്തികമാവുന്നുണ്ട് എന്ന് അറിയില്ല. എല്ലാവരും അംഗനവാടികളില്‍ കുട്ടികളെ വിടുന്നുണ്ട് എന്നത് പൂര്‍ണമായും അവകാശപ്പെടാനും കഴിയില്ല. ഇത്തരം കാര്യങ്ങള്‍ ഇപ്പോള്‍ നിരന്തരമായി പരിശോധിക്കുന്നുണ്ട്. കുട്ടികളെ ഒരുകാരണവശാലും ജോലി സ്ഥലങ്ങളിലേയ്ക്ക് കയറ്റരുത് എന്ന് നിര്‍ബന്ധമായും തൊഴില്‍ ഉടമസ്ഥരോട് ഇപ്പോള്‍ പറയുന്നുണ്ട്. തൊഴില്‍ ഉടമയെ കൂടാതെ ഇടനിലക്കാരന്‍ ആയി ഒരു കോണ്‍ട്രാക്ടര്‍ ഉണ്ടാവും. അവരുടെ തൊഴിലാളികളാണ് ജോലി എടുക്കാന്‍ വരുന്നത്. തൊഴിലുടമകള്‍ മലയാളികള്‍ ആയതുകൊണ്ട് തന്നെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി കൊടുക്കാന്‍ കുറച്ചുകൂടി എളുപ്പമാണ്.’, ലേബര്‍ ഓഫീസര്‍ സൗമ്യ സോമന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
ഗാര്‍ഹിക പീഡനം, ലൈംഗിക ചൂഷണം
തൊഴിലാളികളായിട്ടുള്ള പുരുഷന്‍മാരാല്‍ സ്ത്രീകള്‍ ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് വിധേയമാകുന്നുണ്ട്. അതിനുള്ള പ്രധാനകാരണം തൊഴിലാളികളായ സ്ത്രീകള്‍ സ്വതന്ത്രമായി പണം സമ്പാദിക്കാന്‍ തുടങ്ങുമ്പോള്‍ പുരുഷന്റെ ഈഗോയേ അത് ബാധിക്കുന്നു. പുരുഷന്‍ പരമാധികാരി ആകുന്ന ഗ്രാമീണ കുടുംബ വ്യവസ്ഥിതിയില്‍ സ്ത്രീ പണം സമ്പാദിക്കാന്‍ തുടങ്ങുന്നതോടെ ഭാര്യയ്ക്കും ഭര്‍ത്താവിനും ഇടയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാവുന്നു. അത് ഗാര്‍ഹിക പീഡനത്തിലേയ്ക്ക് നയിക്കുന്നു. അതിനുള്ള ഉദാഹരണമാണ് പെരുമ്പാവൂരില്‍ ഹോട്ടല്‍ ജീവനക്കാരി ആയിരുന്ന മാമുനി. ഭര്‍ത്താവിനും ആണ്‍ സുഹൃത്തിനും ഒപ്പമാണ് മാമുനി കേരളത്തിലെത്തിയത്. ഇവര്‍ക്കിടയില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മാമുനിയെ മര്‍ദ്ദിക്കുന്നത് പതിവായിരുന്നു എന്ന് ദൃക്‌സാക്ഷിയായ റഫീഖുള്‍ പറഞ്ഞു. കേരളത്തിലെത്തിയതിന് ശേഷം ആണ്‍ സുഹൃത്തിനെയും മാമുനി വിവാഹം കഴിച്ചിരുന്നു. മൂന്നുപേരും ഒരേ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. ഒരു ദിവസം ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ മാമുനിയെ ആദ്യ ഭര്‍ത്താവ് കഴുത്തറത്ത് കൊലപ്പെടുത്തി.
‘ജോലി ലഭിക്കണമെങ്കില്‍ സ്ത്രീകള്‍ക്ക് പലപ്പോഴും കോണ്‍ട്രാക്ട്ടര്‍മാരായ പുരുഷന്മാര്‍ക്ക് വിധേയമാവേണ്ട അവസ്ഥയുണ്ട്. കെട്ടിട നിര്‍മാണ മേഖലയിലാണ് കൂടുതലായും ഈ ഒരു പ്രവണതയുള്ളത്. ശരിക്കും പറഞ്ഞാല്‍ കെട്ടിടത്തിന്റെ മതില്‍ പണി കഴിഞ്ഞാല്‍ തന്നെ സ്ത്രീകളെ പുരുഷന്മാര്‍ ചൂഷണം ചെയ്തു തുടങ്ങും. ജോലി നല്‍കില്ല, കൂലി നല്‍കില്ല തുടങ്ങിയ സമ്മര്‍ദ്ദങ്ങളില്‍ പെടുത്തിയാണ് ഇത്തരം ചൂഷണങ്ങള്‍ നടക്കുന്നത്.
ഫാക്റ്ററികളില്‍ ജോലി ചെയുന്ന സ്ത്രീകള്‍ക്ക് മൂത്രമൊഴിക്കാനുള്ള സൗകര്യം എങ്കിലും ഉണ്ടാകും. എന്നാല്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അത്തരമൊരു സൗകര്യം ഉണ്ടാവില്ല. പൊതു ഇടങ്ങളില്‍ ആണല്ലോ കെട്ടിട നിര്‍മാണ പണികള്‍ നടക്കുന്നത്. അതുകൊണ്ട് പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് മല മൂത്ര വിസര്‍ജനം നടത്താന്‍ പറ്റോ?
എത്ര സ്ത്രീ തൊഴിലാളികള്‍ കേരളത്തില്‍ ഉണ്ട് എന്നതിന്റെ കണക്ക് ആരുടേയും കൈവശമില്ല. തൊഴിലാളികളായ സ്ത്രീകളുടെയും കുട്ടികളുടെയും പുരുശന്‍മാരുടെയും പ്രത്യേകമായ സെന്‍സെസ് എടുക്കണം. തൊഴിലാളികള്‍ സാമൂഹ്യ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന കാരണം പറഞ്ഞാണ് പലപ്പോഴും തൊഴിലാളികള്‍ക്കിടയില്‍ സര്‍ക്കാര്‍ കണക്കെടുപ്പ് നടത്തുന്നത്. മറ്റൊരു കാര്യം ഡേറ്റകള്‍ക്ക് വേണ്ടി കോര്‍പ്പറേറ്റുകള്‍ ഇവരുടെ കണക്ക് എടുക്കുന്നുണ്ട്. മൈക്രോ ഫിനാന്‍സ് വഴി പലതരം വായ്പകള്‍ കൊടുക്കുണ്ട്. അതിനുവേണ്ടി മൈക്രോഫിനാസ് കമ്പനികള്‍ മെഡിക്കല്‍ ക്യാമ്പ് പോലെയുള്ള പരിപാടികള്‍ നടത്തിയാണ് തൊഴിലാളികളുടെ ഡേറ്റ ശേഖരിക്കുന്നത്.
ക്ഷേമപദ്ധതികള്‍ നടപ്പാക്കാതിരിക്കുന്നതിന്റെ പ്രധാന കാരണമായി സര്‍ക്കാര്‍ പറയുന്നത് കേരളത്തില്‍ എത്ര ശതമാനം കുടിയേറ്റ സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് എന്ന കണക്ക് ഇല്ലാത്തത് കൊണ്ടാണ് എന്നാണ്. അത് ശരിയായ പ്രവണതയല്ല. ബജറ്റില്‍ ആവശ്യത്തിന് ഫണ്ട് വകയിരുത്തി ക്ഷേമ പദ്ധതികള്‍ ആരംഭിക്കുകയാണ് ചെയ്യേണ്ടത്. കുടിയേറ്റ തൊഴിലാളികളുടെ കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി, സ്ത്രീകളുടെ ക്ഷേമത്തിനുവേണ്ടി, അവരുടെ താമസ സൗകര്യത്തിന് വേണ്ടി, ആരോഗ്യ പരിപാലനത്തിന് വേണ്ടി എല്ലാം ബജറ്റില്‍ പണം മാറ്റിവെക്കണം.” ജോര്‍ജ് മാത്യു കൂട്ടിച്ചേര്‍ത്തു.
പൊലീസ് അതിക്രമം
‘പെരുമ്പാവൂരില്‍ വന്ന കാലം പ്ലൈവുഡ് കമ്പനിയില്‍ ആയിരുന്നു ജോലി ചെയ്തിരുന്നത്. കമ്പനിയിലെ സൂപ്പര്‍വൈസര്‍ ആസാം സംസ്ഥാനക്കാരനായിരുന്നു. അവിടെ ജോലി ചെയ്തിരുന്ന എല്ലാവരുടെയും പണിക്കൂലിയുമായി സൂപ്പര്‍വൈസര്‍ ഓടിപ്പോയി. അതിന് ശേഷം പണി ഒന്നും ഉണ്ടായിരുന്നില്ല. ഒരാളുടെ സഹായത്തോടെയാണ് കരിങ്കല്‍ പണി കിട്ടിയത്. 1000 രൂപ കൂലി ലഭിക്കും. കൂടെ രണ്ടുനേരത്തെ ഭക്ഷണവും തരും. മൂന്നു വര്‍ഷമായി ഇപ്പോള്‍ ഈ ജോലിയാണ് ചെയ്യുന്നത്. കൊല്‍ക്കത്ത ഖോരഖ്പൂര്‍ ആണ് എന്റെ സ്വദേശം. മൂന്നുമക്കളുണ്ട്. അവരെല്ലാം കേരളത്തിലാണ് ജോലി ചെയ്യുന്നത്. കൂലിപ്പണി തന്നെ. നാട്ടില്‍ ഇനി എനിക്ക് ആരുമില്ല. അതുകൊണ്ട് കേരളത്തില്‍ നില്‍ക്കാനാണ് ഇഷ്ടം. ഇവിടെ ആകെ നേരിട്ട ബുദ്ധിമുട്ട് പോലീസില്‍ നിന്നാണ്. ഒരു ദിവസം കോതമംഗലത്ത് നിന്നും ജോലി കഴിഞ്ഞ് തിരിച്ച് വരുമ്പോള്‍ പെരുമ്പാവൂരില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ തടഞ്ഞുനിര്‍ത്തി. എവിടെയാണ് ജോലി, എന്താണ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചു. ഞാന്‍ ലൈംഗികതൊഴില്‍ ചെയ്യുന്ന ആളാണ് എന്നാണ് പൊലീസ് പറഞ്ഞത്. എന്റെ കയ്യിലും കാലിലും സിമന്റ് ഉണ്ടായിരുന്നു. അത് ഞാന്‍ കാണിച്ചുകൊടുത്തു. ലൈംഗിക തൊഴിലാളികള്‍ ചുണ്ടില്‍ ലിപ്സ്റ്റിക് ഇടുമെന്ന് ഞാന്‍ പോലീസിനോട് പറഞ്ഞു. കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നും ജോലി ചെയ്യുമ്പോള്‍ ഉപയോഗിക്കുന്ന വസ്ത്രം ഞാന്‍ കാണിച്ചുകൊടുത്തു. എന്നിട്ടാണ് പൊലീസ് എന്നെ പോകാന്‍ അനുവദിച്ചത്. ‘, സമീന വോക്ക് മലയാളത്തോട് പറഞ്ഞു.
ഗാര്‍ഹിക തൊഴില്‍ പീഡനം
മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ നിലനിന്നിരുന്ന ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ വ്യാവസായിക വല്‍ക്കരണവും നഗരവല്‍ക്കരണവും ചെറുതല്ലാത്ത മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി ആദ്യകാലങ്ങളില്‍ മലയാളികളുടെ വീടുകളില്‍ ഗാര്‍ഹിക തൊഴിലിനായി തമിഴ് സ്ത്രീകളെയാണ് നിയമിച്ചിരുന്നത്. എന്നാലിപ്പോള്‍ ഗാര്‍ഹിക തൊഴില്‍ ബംഗാളി, ഒറീസ, ബീഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ ചെയ്യുന്നുണ്ട്. ഒരു വീട്ടിലെ മുഴുവന്‍ ജോലിയും ചെയ്തിട്ടും വൈകുന്നേരം വരെ വെറും 300, 400 രൂപ മാത്രം ദിവസക്കൂലി കിട്ടുന്നവര്‍ പെരുമ്പാവൂരിലുണ്ട്.
കരാറുകാര്‍ മുഖേനെയാണ് ഭൂരിഭാഗം സ്ത്രീകളും ഗാര്‍ഹിക തൊഴിലിനായി എത്തുന്നത്. മുഴുവന്‍ സമയ വീട്ടുജോലികള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ വേതനം, ലൈംഗിക, കായിക ചൂഷണങ്ങള്‍ മുതലായവ നേരിടേണ്ടി വരുന്നുണ്ട്. ഒരിക്കല്‍ ഉടമയുടെ വീടിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഇവരെക്കുറിച്ച് ഒന്നും തന്നെ അറിയാന്‍ സാധിക്കില്ല. കൊച്ചിയില്‍ ഫ്‌ലാറ്റിലെ തൊഴില്‍ പീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ മരിച്ച തമിഴ്‌നാട് സ്വദേശി രാജകുമാരി ഉദാഹരണമാണ്. സേലം പെന്നാടം സ്വദേശിയായ രാജകുമാരിക്ക് എണ്ണായിരം രൂപ മാസം ശമ്പളമാണ് വാഗ്ദാനം ചെയ്തത്. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ജോലിയ്ക്ക് എത്തിയത് മുതല്‍ തുടങ്ങി കൊടിയ തൊഴില്‍ ചൂഷണമാണ് കുമാരി നേരിട്ടത്. വിശ്രമമില്ലാതെ അടിമയെ പോലെ പണി എടുപ്പിച്ചു. ലീവോ നാട്ടിലേക്ക് പോകാനോ അനുവദിച്ചില്ല. 2020 ഡിസംബര്‍ 13 ന് ഫ്‌ലാറ്റിലെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് മൂന്ന് സാരി കൂട്ടിക്കെട്ടി കയറുണ്ടാക്കി നിലത്തേയ്ക്ക് ഇറങ്ങുന്നതിനിടെ വീണു മരിച്ചു. തൊഴിലുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്ത് ഉള്‍പ്പടെ പൊലീസ് ചുമത്തിയെങ്കിലും അറസ്റ്റുണ്ടായില്ല. പ്രതിക്ക് മുന്‍കൂര്‍ജാമ്യവും കിട്ടി.
ബാധകമല്ലാത്ത തൊഴില്‍ നിയമം
ഇന്റര്‍സ്റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്മെന്‍ (തൊഴില്‍ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമം- 1979 ആണ് ഇന്ത്യയില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കായി പാര്‍ലമെന്റ് പാസാക്കിയ ആദ്യ നിയമം. സ്വന്തം സംസ്ഥാനത്തിനു പുറത്തുപോയി ജോലി ചെയ്യുന്ന തൊഴിലാളികളാണ് ഈ നിയമത്തിനുകീഴില്‍ വരുന്നത്. 2020ല്‍ ഈ നിയമത്തിന് പകരമായി The Occupational Safety, Health and Working Conditions Code കൊണ്ടുവന്നു. തൊഴില്‍ സാചര്യങ്ങളും തൊഴില്‍ സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനുള്ള ബില്‍ 2020 സെപ്റ്റംബര്‍ 22ന് ലോക്സഭയും 23ന് രാജ്യസഭയും പാസാക്കി. 28ന് പ്രസിഡന്റ് ബില്ലില്‍ ഒപ്പുവെച്ചു.
ഇന്ത്യയിലെ എല്ലാ തൊഴിലാളികള്‍ക്കും ബാധകമായ പൊതു ലേബര്‍ നിയമത്തിനുപുറമെ കുടിയേറ്റ തൊഴിലാളികള്‍ക്ക് മറ്റു ചില അവകാശങ്ങള്‍ കൂടി മൈഗ്രന്റ് വര്‍ക്ക്മെന്‍ ആക്റ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരേ ജോലിക്ക് പ്രാദേശിക തൊഴിലാളിക്കും കുടിയേറ്റ തൊഴിലാളിക്കും ഒരേ വേതനം നല്‍കണമെന്നാണ് 1979-ലെ നിയമത്തില്‍ പറയുന്നത്. എന്നാല്‍ ഇത് എവിടെയും നടപ്പാകുന്നില്ല. നാട്ടിലേക്ക് പോകാനുള്ള ചെലവ് നല്‍കുകയും യാത്രയുടെ ദിവസങ്ങളിലെ ശമ്പളം നല്‍കുകയും വേണം. മതിയായ താമസസൗകര്യവും മെഡിക്കല്‍ സൗകര്യങ്ങളും സൗജന്യമായി നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.
യാതൊരു തൊഴില്‍ നിയമങ്ങളും പാലിക്കാതെ അവധി ഇല്ലാതെ 10 മണിക്കൂര്‍ വരെയാണ് പ്ലൈവുഡ് കമ്പനികളിലും കെട്ടിട നിര്‍മാണ സൈറ്റുകളിലും സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്നത്. സലൂണുകള്‍, മാളുകള്‍ പോലെയുള്ള സ്ഥലങ്ങളില്‍ 14 മണിക്കൂര്‍ വരെയാണ് സ്ത്രീകളുടെ ജോലി. അഞ്ചോ അതില്‍ കൂടുതലോ കുടിയേറ്റ തൊഴിലാളികളെ ജോലിക്കെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിശ്ചിത ഫോമില്‍ തൊഴിലാളികളുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശമുണ്ട്. തൊഴിലാളികളുടെ രജിസ്റ്റര്‍ സൂക്ഷിക്കുകയും ബന്ധപ്പെട്ട അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ പരിശോധനയ്ക്ക് നല്‍കുകയും വേണം. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച്, തൊഴില്‍കാലം, ശമ്പളം, ജോലി ലം എന്നിവ രേഖപ്പെടുത്തിയ പാസ്ബുക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന എല്ലാ തൊഴിലാളികള്‍ക്കും നല്‍കണം. തൊഴിലാളികള്‍ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കോണ്‍ട്രാക്ടര്‍ ഉടനെ തന്നെ സര്‍ക്കാരിനെയും തൊഴിലാളിയുടെ ബന്ധുക്കളെയും അറിയിക്കണം. അഞ്ചില്‍ കൂടുതല്‍ കുടിയേറ്റ തൊഴിലാളികളെ നിയോഗിക്കുന്ന മുഖ്യ തൊഴില്‍ദാതാക്കളും തൊഴിലാളികളുടെ രജിസ്റ്റര്‍ സൂക്ഷിക്കുകയും ശമ്പളം കൃത്യമായി നല്‍കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കുടിയേറ്റ തൊഴിലാളി നിയമം നടപ്പാക്കാനുള്ള ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്.
Jamsheena Mullappatt is a Laadli Media Fellow. The opinions and views expressed are those of the author. Laadli and UNFPA do not necessarily endorse the views.