Fri. Jan 17th, 2025

ശമ്പളം എന്ന് പറയുന്നത് ഒരു അടിസ്ഥാന കാര്യമല്ലേ. ഒരു വര്‍ഷത്തിന്റെ പകുതി മാസങ്ങള്‍ കടം വാങ്ങേണ്ടി വന്നു. കടം വാങ്ങുന്നതിനും ഒരു പരിധിയില്ലേ?

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായി നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് ആറുമാസം. കേന്ദ്ര വിഹിതം ലഭിച്ചിട്ടും സംസ്ഥാനം പണം അനുവദിച്ചിട്ടും ഇതുവരെ ശമ്പള വിതരണം നടത്തിയിട്ടില്ല.

അമ്മമാരുടെയും കുട്ടികളുടെയും പോഷകാഹാര കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ട് 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍. പദ്ധതിയുടെ ഭാഗമായ പോഷന്‍ അഭിയാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ പോഷകാഹാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

പദ്ധതിയുടെ നടത്തിപ്പിനായി സംസ്ഥാനത്തെ 152 ബ്ലോക്ക് പഞ്ചായത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. കൂടാതെ ജില്ലാ തലത്തിലും ജീവനക്കാരുണ്ട്. ഇത്തരത്തില്‍ ജോലി എടുക്കുന്ന കരാര്‍ ജീവനക്കാര്‍ക്കാണ് കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിക്കാതിരിക്കുന്നത്.

എന്താണ് പോഷന്‍ അഭിയാന്‍

കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരുടെ പോഷകാഹാര കുറവ് പരിഹരിക്കുക എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് പോഷന്‍ അഭിയാന്‍ എന്ന പദ്ധതി പ്രവര്‍ത്തിക്കുന്നത്.

2018 മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജസ്ഥാനിലെ ജുന്‍ജുനുവില്‍ വച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രിയുടെ സമഗ്ര പോഷകാഹാര പദ്ധതി അവതരിപ്പിക്കുന്നത്. പോഷകാഹാര കുറവിന്റെ അളവ് കുറയ്ക്കുകയും രാജ്യത്തെ കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുകയും ചെയ്യുക എന്നതാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

2022-ഓടെ രാജ്യത്ത് പോഷകാഹാരക്കുറവ് ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മിഷന്‍ തുടങ്ങിയത്. 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കി വരുന്നത്. ഈ ഒരു അനുപാതത്തിലാണ് കരാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളവും വിതരണം ചെയ്യുന്നത്.

അങ്കണവാടി സെര്‍വിസെസ്, പോഷന്‍ അഭിയാന്‍, കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പദ്ധതി, ദേശീയ ശിശുക്ഷേമ പദ്ധതി എന്നീ നാല് കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ലയിപ്പിച്ച് മിഷന്‍ പോഷന്‍ 2.0 എന്ന പേരിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്ത് ഐസിഡിഎസിന്റെ കീഴിലാണ് പോഷന്‍ അഭിയാന്‍ പദ്ധതിയുടെ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്.
പ്രോജക്റ്റ് അസിസ്റ്റന്റ്, ബ്ലോക്ക് കോ-ഓഡിനേറ്റേഴ്സ് എന്നിങ്ങനെയുള്ള പോസ്റ്റുകളിലേയ്ക്കാണ് കരാര്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ളത്.

ഒരു വര്‍ഷത്തെ കരാര്‍ ആണ് നല്‍കുക. അല്ലെങ്കില്‍ പ്രോജക്റ്റ് തീരുന്നത് വരെ ജോലിയില്‍ തുടരാം. അങ്കണവാടി ജീവനക്കാര്‍ക്ക് സാങ്കേതിക വിദ്യയില്‍ പിന്തുണ കൊടുക്കുക, പോഷന്‍ ട്രാക്കര്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക തുടങ്ങിയവയാണ് കരാര്‍ ജീനക്കാര്‍ ചെയ്യേണ്ടത്.

‘ഐസിഡിഎസ് പ്രൊജക്റ്റുകളില്‍ ആണ് ഞങ്ങള്‍ ജോലി ചെയ്യുന്നത്. അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് സാങ്കേതിക പിന്തുണ കൊടുക്കാന്‍ വേണ്ടിയാണ് ഞങ്ങളെ നിയമിച്ചിരിക്കുന്നത്. പോഷന്‍ അഭിയാന്റെ ഭാഗമായി അങ്കണവാടി വര്‍ക്കര്‍മാര്‍ക്ക് മൊബൈല്‍ഫോണ്‍ നല്‍കിയിട്ടുണ്ട്. അതിനുവേണ്ടിയുള്ള സാങ്കേതിക സഹായങ്ങള്‍ നല്‍കുക, കൂടാതെ സോഫ്റ്റ്‌വെയറിലെ സാങ്കേതിക സംശയങ്ങള്‍ പരിഹരിക്കല്‍, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി എങ്ങനെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാം തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനാണ് ഞങ്ങളെ നിയമിച്ചിരിക്കുന്നത്.

ഒരു ബ്ലോക്കില്‍ ഒരു കോഡിനേറ്റര്‍ ആണ് ഉണ്ടാവുക. ഒരു ബ്ലോക്കില്‍ തന്നെ നൂറില്‍ കൂടുതല്‍ അങ്കണവാടികള്‍ ഉണ്ടാകും. കൂടാതെ മറ്റു പ്രോജക്ടുകളില്‍ കൂടി ബ്ലോക്ക് സ്റ്റാഫുകള്‍ക്ക് ജോലി എടുക്കേണ്ടി വരാറുണ്ട്. അങ്ങനെ വരുമ്പോള്‍ ഏകദേശം 350തോളം അങ്കണവാടി അധ്യാപകരുടെ കാര്യങ്ങള്‍ ഒരു മാസം നോക്കേണ്ടി വരും.

സാങ്കേതിക പിന്തുണയാണ് കൊടുക്കുന്നത് എങ്കിലും ടീച്ചര്‍മാരില്‍ പലര്‍ക്കും ഫോണ്‍ ഉപയോഗിക്കാന്‍ പോലും അറിയാത്തവര്‍ ആയിരിക്കും. ഇവരെയൊക്കെ ടെക്നോളജിയൊക്കെ പടിപ്പിച്ചെടുക്കല്‍ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്.

കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ടും സംസ്ഥാന സര്‍ക്കാരന്റെ ഫണ്ടും കൂടി ചേര്‍ത്താണ് ഞങ്ങള്‍ക്ക് ശമ്പളം തരുന്നത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് വന്നിട്ടില്ലാ എന്നും അത് കിട്ടിയതിന് ശേഷമേ ശമ്പളം നല്‍കാന്‍ സാധിക്കൂ എന്നുമാണ് ഡയറക്ട്ടറേറ്റില്‍ നിന്നും ഞങ്ങളോട് പറഞ്ഞത്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് സെപ്റ്റംബര്‍ ആയപ്പോള്‍ അനുവദിച്ചിട്ടുണ്ട്. 15 ദിവസത്തിന് ശേഷം സംസ്ഥാനത്തിന്റെ ഫണ്ടും അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വാംസ് (വേയ്‌സ് ആന്‍ഡ് മീന്‍സ്) ക്ലിയറന്‍സിന്റെ പേരില്‍ സാലറി പിടിച്ചുവെച്ചിരിക്കുകയാണ്.

അവസാനമായി ശമ്പളത്തിന്റെ കാര്യം അന്വേഷിച്ചപ്പോള്‍ പറഞ്ഞത് സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ട് പരിഗണിക്കാം എന്നാണ്. കഴിഞ്ഞ വര്‍ഷവും ഇതുപോലെ ശമ്പളം കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നിടുണ്ട്. മാര്‍ച്ച് മാസത്തിന് ശേഷമാണ് ഈ അവസ്ഥ വരുന്നത്. 2022 വരെ ശമ്പള വിതരണത്തില്‍ തടസ്സങ്ങള്‍ ഒന്നും നേരിട്ടിട്ടില്ല.

ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശമ്പള വര്‍ദ്ധനവ് ഇതുവരെ ഉണ്ടായിട്ടില്ല. എസ്പിഎംയു സ്റ്റാഫുകള്‍ കുറച്ചുപേരുണ്ട്. അവര്‍ക്ക് മാത്രമേ ശമ്പള വര്‍ദ്ധനവ് ഉണ്ടായിട്ടുള്ളൂ. 2021 വരെ അവര്‍ക്ക് ശമ്പളം വര്‍ദ്ധിപ്പിച്ചു കൊടുത്തു. മൂന്നു ശതമാനമുള്ള ഇന്‍ഗ്രിമെന്റ് ഇനി കൊടുക്കേണ്ടതില്ലാ എന്നുപറഞ്ഞ് 2022ല്‍ പുതിയൊരു ഗൈഡ്ലൈന്‍ വന്നു. അതുവരെ താഴെത്തട്ടില്‍ ജോലി ചെയ്യുന്ന ഞങ്ങളെ തഴഞ്ഞ് മേലെത്തട്ടിലുള്ളവര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുത്തു.”, പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന ഒരു കരാര്‍ ജീവനക്കാരന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

‘പദ്ധതിയുടെ ഭാഗമായി പോഷന്‍ ട്രാക്കര്‍ എന്ന ഒരു ആപ്പുണ്ട്. ആ ആപ്പിലെ എല്ലാ പ്രവര്‍ത്തങ്ങളും നിരീക്ഷിക്കാന്‍ വേണ്ടിയാണ് ഞങ്ങളെ നിയമിച്ചിരിക്കുന്നത്. എല്ലാ ബ്ലോക്കുകളിലും ഓരോ ജീവനക്കാരുണ്ട്. ബ്ലോക്കുകളില്‍ അഡീഷണല്‍ ബ്ലോക്കുകള്‍ ഉണ്ടെങ്കില്‍ അവിടെയും ഞങ്ങള്‍ക്ക് വര്‍ക്ക് ചെയ്യണം. നിലവില്‍ ആറുമാസമായി സാലറി കിട്ടിയിട്ടില്ല.

ഏപ്രില്‍ മുതല്‍ ജൂലൈ വരെയാണ് ആദ്യ ക്വാട്ടര്‍. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയാണ് അടുത്ത ക്വാട്ടര്‍. ഈ രണ്ട് ക്വാട്ടറുകളിലും കേന്ദ്ര വിഹിതം വന്നിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ക്ക് ഇതുവരെയും ആ പൈസ അനുവദിച്ചു തന്നിട്ടില്ല. ഞങ്ങള്‍ അന്വേഷിക്കുമ്പോള്‍ പറയുന്നത് സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്ള ഫണ്ട് വന്നിട്ടില്ലാ എന്നും റിപ്പോര്‍ട്ടുകള്‍ കൃത്യസമയത്ത് നല്‍കുന്നില്ലാ എന്നുമാണ്. എന്നാല്‍ ഞാന്‍ ജോലി ചെയ്യുന്ന ജില്ലയില്‍ നിന്നും കൃത്യസമയത്ത് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സ്ഥിരം ജോലിക്കാരായ സംസ്ഥാന ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്തിട്ട് മാത്രമേ കരാര്‍ ജീവനക്കാരായ ഞങ്ങള്‍ക്ക് ശമ്പളം അനുവദിച്ച് തരൂ എന്നാണ് ട്രെഷറിയില്‍ നിന്നും പറയുന്നത്. ആറുമാസമായി ഞങ്ങള്‍ക്ക് ശമ്പളം കിട്ടാത്തത് എന്നുള്ളത് ഇവര്‍ പരിഗണിക്കുന്നില്ല. ഒരു പരിഗണനയോ മനുഷ്യത്വമോ ഞങ്ങളോട് കാണിക്കുന്നില്ല.

ഈ ശമ്പളം കൊണ്ട് ജീവിക്കുന്ന കുടുംബങ്ങളുണ്ട്. ഇത്രയും മാസമായി ശമ്പളം കിട്ടുന്നില്ലാ എന്ന് പറയുമ്പോള്‍ ജോലി ഉപേക്ഷിക്കാനാണ് പലരോടും വീടുകളില്‍ നിന്നും പറയുന്നത്. ജോലിയിലെ സമ്മര്‍ദ്ധവും കുടുംബങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ധവും കൂടി വരുമ്പോള്‍ ഞങ്ങള്‍ ഭയങ്കരമായ മാനസിക സമ്മര്‍ദ്ധം അനുഭവിക്കുന്നുണ്ട്.

രണ്ടു വര്‍ഷം മുമ്പ് ഇതുപോലെ ശമ്പളം അഞ്ചുമാസം വൈകിയിരുന്നു. അന്ന് മറ്റുള്ള ഫണ്ടുകളില്‍ നിന്നും എടുത്ത് സാലറി തന്നിരുന്നു. ഇപ്പോള്‍ അത് പറ്റില്ല. ഞങ്ങള്‍ക്ക് സമരം പോലും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്. ഞങ്ങളെ പിരിച്ചു വിടുകയോ അല്ലെങ്കില്‍ അടുത്ത വര്‍ഷത്തേയ്ക്കുള്ള കരാര്‍ പുതുക്കാതിരിക്കുകയോ ചെയ്യും. മാസംതോറും നടക്കാറുള്ള റിവ്യൂ മീറ്റിങ്ങില്‍ ശമ്പളം കിട്ടാത്ത കാര്യം പറയുമ്പോള്‍ അപമര്യാദയായി പെരുമാറി എന്ന പേരില്‍ ഞങ്ങള്‍ക്കെതിരെ റിപ്പോര്‍ട്ട് കൊടുക്കുകയാണ് ചെയ്യുന്നത്.

അഞ്ചു വര്‍ഷമായി ഞാന്‍ ഈ പദ്ധതിയില്‍ പ്രോജക്റ്റ് ബ്ലോക്ക് കോഡിനേറ്റര്‍ ആയി ജോലി ചെയ്യുന്നു. ഇതുവരെ ശമ്പള വര്‍ധനവ് ഉണ്ടായിട്ടില്ല. ഓരോ വര്‍ഷവും ശമ്പളത്തില്‍ മൂന്ന് ശതമാനം ഇന്‍ഗ്രിമെന്റ് ഉണ്ടാകുമെന്ന് ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഒന്നും ലഭിച്ചിട്ടില്ല. ഇപ്പോഴും ഞങ്ങള്‍ 20000 രൂപയ്ക്കാണ് ജോലി ചെയ്യുന്നത്.

ശമ്പളം എന്ന് പറയുന്നത് ഒരു അടിസ്ഥാന കാര്യമല്ലേ. ഒരു വര്‍ഷത്തിന്റെ പകുതി മാസങ്ങള്‍ കടം വാങ്ങേണ്ടി വന്നു. കടം വാങ്ങുന്നതിനും ഒരു പരിധിയില്ലേ? കിട്ടുന്ന ശമ്പളം ആണെങ്കില്‍ ഒരുപാട് നടപടി ക്രമങ്ങള്‍ കഴിഞ്ഞാണ് കയ്യില്‍ കിട്ടുക.

ആദ്യം കേന്ദ്രത്തിന്റെ ഫണ്ട് വരണം, പിന്നീട് സംസ്ഥാനം ഫണ്ട് അനുവദിക്കണം. ഈ പണമെല്ലാം ചേര്‍ത്ത് ജില്ലയിലെ ബന്ധപ്പെട്ട അക്കൗണ്ടിലേയ്ക്ക് എത്തണം. അവിടെ നിന്നും ഐഡിഡിഎസുകളിലെയ്ക്ക് എത്തുന്ന ഫണ്ട് ഒടുവില്‍ ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തും. ഇത്രയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ പതിനഞ്ച് ദിവസമെങ്കിലും എടുക്കാറുണ്ട്. അപ്പോള്‍ അത്രയും വൈകിയാണ് ഓരോ മാസവും ശമ്പളം ലഭിച്ചിരുന്നത്. നേരത്തെയൊക്കെ മുന്‍കൂട്ടി മൂന്നുമാസത്തെ ശമ്പളം ഒരുമിച്ച് തരുമായിരുന്നു. അത് പിന്നീട് തുടര്‍ന്നില്ല.

ഓഫീസില്‍ വരാതെ വര്‍ക്ക് ഫ്രം ഹോം പോലെ ചെയ്യാന്‍ പറ്റുന്ന ജോലിയാണിത്. അങ്കണവാടി ജീവനക്കാരുടെ ജോലിയെ തടസ്സപ്പെടുത്തുന്ന എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് അവരെ ഏതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം വഴി അറിയിച്ചാല്‍ മതി. അതോടൊപ്പം അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കുക. നേരിട്ടുപോയി ചെയ്ത് കൊടുക്കേണ്ട കാര്യങ്ങള്‍ ആണെങ്കില്‍ നേരിട്ട് പോയാല്‍ മതിയാകും. അല്ലെങ്കില്‍ മീറ്റിങ്ങുകളില്‍ കാര്യങ്ങള്‍ ശരിയാക്കി നല്‍കും.

മേലുദ്യോഗസ്ഥര്‍ പലപ്പോഴും പല കാര്യങ്ങളും ഞങ്ങളെ അറിയിക്കാറില്ല. എങ്കിലും ഞങ്ങളോട് പറയുന്ന, ഞങ്ങള്‍ അറിയുന്ന എല്ലാ പ്രശ്നങ്ങളും അപ്പോള്‍ തന്നെ പരിഹരിച്ച് കൊടുക്കാറുണ്ട്. റിപ്പോര്‍ട്ടുകള്‍ കൊടുക്കാന്‍ മാത്രം ഒന്നോ രണ്ടോ ദിവസം ഓഫീസില്‍ പോയാല്‍ മതിയാകും. എന്നാല്‍ ഞങ്ങള്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കുന്നില്ല. സര്‍ക്കാരിന്റെ പോളിസി അനുസരിച്ച് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാന്‍ പറ്റില്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ട് എന്നും ഓഫീസില്‍ വരണം. സാലറി ഒന്നും ലഭിക്കാത്ത സാഹചര്യത്തില്‍ കടം വാങ്ങിയാണല്ലോ വണ്ടിക്കൂലിയൊക്കെ കണ്ടെത്തുന്നത്.

ഞങ്ങളുടെ മേലുദ്യോഗസ്ഥര്‍പോലും ഞങ്ങള്‍ക്ക് ശമ്പളം കിട്ടാത്തതിനെ കുറിച്ച് ഒരു വാക്ക് പോലും മിണ്ടുന്നില്ല. എപ്പോഴെങ്കിലും കിട്ടട്ടെ എന്നുള്ള ഒരു സമീപനമാണ് സ്വീകരിക്കുന്നത്. പദ്ധതിയ്ക്ക് നല്ലൊരു റിസള്‍ട്ട് ഉണ്ടാകാന്‍ വേണ്ടിയാണല്ലോ കരാര്‍ ജീവനക്കാരെ നിയമിച്ചിട്ടുള്ളത്. കീഴുദ്യോഗസ്ഥരോട് മേലുദ്യോഗസ്ഥരുടെ സമീപനം ഇങ്ങനെ ആണെങ്കില്‍ എങ്ങനെയാണ് നല്ല ഔട്ട്പുട്ട് ഉണ്ടാക്കാന്‍ സാധിക്കുക.”, പോഷന്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ജോലി ചെയ്യുന്ന ഒരു കരാര്‍ ജീവനക്കാരി വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

എന്താണ് പോഷന്‍ അഭിയാന്‍?

കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 6 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവരുടെ പോഷകാഹാര കുറവ് പരിഹരിക്കുക എന്ന ആശയത്തെ അടിസ്ഥാനപ്പെടുത്തിയാണ് പോഷക് അഭിയാന്‍ എന്ന പദ്ധതി പ്രവര്‍ത്തിക്കുന്നത്.

അന്താരാഷ്ട്ര വനിതാദിനം?

ലോകത്തിലെ എല്ലാ വനിതകൾക്കുമായി ഒരു ദിവസം എന്ന ആശയത്തിൽ നിന്നാണ് വനിതാ ദിനാചരണം ഉരുത്തിരിഞ്ഞത്. വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം തുടങ്ങിയ കാര്യങ്ങളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് ഈ ദിവസം

Quotes

“നീതി വൈകുന്നത് നീതി നിഷേധമാണ്- വില്യം ഇ. ഗ്ലാഡ്‌സ്റ്റോൺ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.