Thu. Sep 19th, 2024

കൽപ്പറ്റ: ഉരുള്‍പ്പൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല പ്രദേശങ്ങളില്‍ രക്ഷാപ്രവർത്തനം പുനരാരംഭിച്ചു.

 മരിച്ചവരുടെ എണ്ണം 150 കടന്നതായാണ് റിപ്പോർട്ടുകൾ. 148 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഓരോ മണിക്കൂറിലും മരിച്ചവരുടെ എണ്ണം കൂടുകയാണ്. കുടുങ്ങികിടക്കുന്നവരെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മൂവായിരത്തിലധികം പേർ ക്യാമ്പുകളിലുണ്ട്. 98 പേരെ കാണാതായിട്ടുണ്ടെന്നാണ് സംസ്ഥാന സർക്കാരിൻ്റെ കണക്കുകള്‍. ഇത് കുറയാനുള്ള സാധ്യതകളുണ്ടെന്ന് റവന്യു മന്ത്രി കെ രാജൻ വ്യക്തമാക്കി. 

150 പേരടങ്ങിയ സംഘമാണ് മുണ്ടക്കൈയിലേക്ക് തിരിച്ചിരിക്കുന്നത്. സൈന്യം, എൻഡിആർഎഫ്, ആരോഗ്യപ്രവർത്തകർ, അഗ്നിശമനസേന എന്നിവരടങ്ങിയതാണ് സംഘം. സന്നദ്ധ പ്രവർത്തകരും സംഘത്തോടൊപ്പമുണ്ടെന്നാണ് റിപ്പോർട്ട്. സൈന്യം വൈകാതെ തന്നെ പാലം നിർമിക്കുമെന്നും ഇതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്നാണ് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്.