Wed. Jan 22nd, 2025

 

മേപ്പടി: മുണ്ടക്കൈയില്‍ ഉണ്ടായിരുന്ന ആകെ 540 വീടുകളില്‍ അവശേഷിക്കുന്നത് 30 വീടുകള്‍ മാത്രമാണെന്ന് മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് 11-ാം വാര്‍ഡ് മെമ്പര്‍ കെ ബാബു. രണ്ടുനില വീടുകളുടെ മേല്‍ക്കൂരക്കൊപ്പമാണ് മണ്ണ് മൂടിയിരിക്കുന്നത്.

റൂഫ് നീക്കി കോണ്‍ക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള മനുഷ്യരെ പുറത്തെടുക്കാന്‍. ഉറ്റവരെ കാത്ത് രാവിലെ മുതലേ മുണ്ടക്കൈയിലേയ്ക്ക് ആളുകള്‍ എത്തുന്നുണ്ട്.

ചിലയിടത്ത് വീടുണ്ടായിരുന്നെന്നുപോലും അറിയാന്‍പറ്റാത്തവിധം എല്ലാം തുടച്ചുമാറ്റപ്പെട്ടു. വീടുകളില്‍ ചെളിയടിഞ്ഞതിനാല്‍ അകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നുപോലും അറിയാനാകാത്ത സ്ഥിതിയാണ്.

ചൊവ്വാഴ്ച പരിക്കേറ്റവരെ എയര്‍ലിഫ്റ്റിങ് വഴി പുറത്തെത്തിച്ചിരുന്നു. ചൂരല്‍മലയേയും മുണ്ടക്കൈയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന താത്കാലിക പാലം നിര്‍മാണം പൂര്‍ത്തിയായതോടെ ബാക്കിയുള്ളവരെയും പുറത്തെത്തിച്ചു.

മണ്ണിനടിയില്‍പ്പെട്ടവര്‍ക്കായി ബുധനാഴ്ച രാവിലെ മുതല്‍ തിരച്ചില്‍ നടത്താനെത്തിയവര്‍ക്ക് മുന്നില്‍ ഉപകരണങ്ങളുടെ അപര്യാപ്തത വെല്ലുവിളി നിറക്കുകയാണ്. കോണ്‍ക്രീറ്റ് കട്ടറുപയോഗിച്ച് വീടിന്റെ കോണ്‍ക്രീറ്റും റൂഫും നീക്കം ചെയ്യാന്‍ സാധിച്ചാല്‍ മാത്രമേ മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കരികിലെത്താന്‍ സാധിക്കുകയുള്ളൂ.

അത്യാധുനിക ഉപകരണങ്ങള്‍ എപ്പോള്‍ എത്തിക്കാനാവുമെന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ലാത്തതിനാല്‍ ചുറ്റിക ഉള്‍പ്പെടെ ഉപയോഗിച്ച് തടസം നീക്കി വളരെ പ്രയാസപ്പെട്ടാണ് സംഘം തിരച്ചില്‍ നടത്തുന്നത്. ഓരോ വീട്ടിലും സ്ലാബിന്റേയും കട്ടിളയുടേയും ഇടയില്‍ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.