Thu. Sep 19th, 2024

 

തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രണ്ട് ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടികളും ആഘോഷങ്ങളും മാറ്റിവച്ചു.

ഇന്ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ 63 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. മേപ്പാടിക്കടുത്ത് ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടിയത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോവുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നുണ്ട്. മേഘാവൃതമായ ആകാശവും മൂടല്‍മഞ്ഞും ഹെലികോപ്റ്ററുകള്‍ എത്തുന്നതിന് തടസ്സമായതിനാല്‍ എയര്‍ ലിഫ്റ്റിങ്ങിനും സാധിക്കാത്ത അവസ്ഥയാണുള്ളത്.