Sun. Nov 3rd, 2024

 

ചെന്നൈ: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി തമിഴ്‌നാട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ നിന്നും പ്രത്യേക സംഘം എത്തും.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഖത്തില്‍ തമിഴ്‌നാട് പങ്കുചേരുന്നതായി മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞു.

‘ഐഎഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ സഹായിക്കാന്‍ അയക്കുന്നുണ്ട്. ഇത് കൂടാതെ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ & റെസ്‌ക്യൂ സര്‍വീസസ് ടീമിനെയും അയയ്ക്കുന്നുണ്ട്.

ഞങ്ങളുടെ പിന്തുണ വാഗ്ദാനം ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. നമ്മള്‍ ഒറ്റക്കെട്ടായി ഈ പ്രതിസന്ധി തരണം ചെയ്യും’, സ്റ്റാലിന്‍ വ്യക്തമാക്കി.