മേപ്പാടി: മുണ്ടക്കൈ ഉരുല്‍പൊട്ടല്‍ ദുരന്തമേഖലയില്‍നിന്ന് 80ലേറെ പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡെപ്യൂട്ടി കലക്ടര്‍ ദേവകിയാണ് ഇക്കാര്യം അറിയിച്ചത്. എന്‍ഡിആര്‍എഫ് സംഘം മുണ്ടക്കൈയില്‍ എത്തിയിട്ടുണ്ട്. ഉച്ചയോടെ കൂടുതല്‍ സംഘങ്ങള്‍ എത്തും.
മൃതദേഹങ്ങള്‍ മേപ്പാടി പിഎച്ച്‌സിയിലാണുള്ളതെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. പരിക്കേറ്റവരെ വിംസ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. നിലവില്‍ 65 പേരെ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
രാവിലെ എട്ടരയോടെ എന്‍ഡിആര്‍എഫിന്റെ രക്ഷാസംഘം സുല്‍ത്താന്‍ ബത്തേരിയിലെത്തി. ഹെലികോപ്ടര്‍ മാര്‍ഗമാണ് സംഘം എത്തിയത്. കല്‍പറ്റയില്‍ വെള്ളം കയറിയതുകൊണ്ടാണ് ബത്തേരിയില്‍ ഇറങ്ങിയതെന്ന് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
ഉരുള്‍പൊട്ടലില്‍ മരണസംഖ്യ ഉയരുകയാണ്. വിവിധ ഭാഗങ്ങളില്‍നിന്നായി 15 മൃതദേഹങ്ങള്‍ കണ്ടെത്തി. മരിച്ചവരില്‍ കുട്ടികളുമുണ്ട്. മുണ്ടക്കൈ, അട്ടമല പ്രദേശങ്ങള്‍ക്കു പുറമെ മലപ്പുറം ജില്ലയില്‍ ചാലിയാര്‍ പുഴയില്‍നിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിരവധി പേര്‍ മണ്ണിനടിയിലാണ്. മുണ്ടക്കൈയില്‍നിന്ന് ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തി. നിലമ്പൂര്‍ ഭാഗത്തുനിന്ന് ആറു മൃതദേഹങ്ങളും ലഭിച്ചിട്ടുണ്ട്.