കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വിലങ്ങാട് ഉരുള്‍പൊട്ടി വ്യാപക നാശനഷ്ടം. ഉരുള്‍പൊട്ടലിനെ തവിലങ്ങാട് ടൗണില്‍ കടകളില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ 15 വീടുകളില്‍ വെള്ളം കയറി. മാവൂര്‍ ചാത്തമംഗലം, പെരുവയല്‍ പഞ്ചായത്തുകളില്‍ നൂറിലേറെ കുടുംബങ്ങളില്‍ വെള്ളം കയറി.
പൂനൂര്‍ പുഴയിലും മാഹി പുഴയിലും കുറ്റ്യാടി പുഴയിലും ജലനിരപ്പ് അപകടകരമാവിധം ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജിലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കുണ്ട്. കണ്ണൂര്‍, കോളയാട് പെരുവ വനത്തില്‍ ഉരുള്‍പൊട്ടി. ഒമ്പത് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
പാലക്കാട് ആലത്തൂര്‍ വീഴുമലയില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ല. ഉരുള്‍പൊട്ടിയത് അടിവാരമായ കാട്ടുശേരി ഭാഗത്ത്. പാലക്കാട് കടുക്കാകുന്നം പാലത്തില്‍ വെള്ളം കയറി. പുത്തൂരില്‍ വീടുകളിലേയ്ക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് 40 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.
പത്തനംതിട്ട മൂഴിയാര്‍ ഡാമിന്റെ ഷട്ടര്‍ 20 സെന്റീമീറ്റര്‍ ഉയര്‍ത്തി. പെരിയാരിലും മുതിരപ്പുഴയാരിലും ജനനിരപ്പ് ഉയര്‍ന്നു. പെരിയാറില്‍ ജലനിരപ്പ് മൂന്ന് മീറ്റര്‍ ഉയര്‍ന്നു. ഇടുക്കി ജില്ലയിലെ കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. മലങ്കര ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി.
വയനാട് ബാണാസുരസാഗര്‍ അണക്കെട്ട് തുറന്നു. തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം. കണ്ണൂര്‍-വയനാട് അതിര്‍ത്തിയില്‍ പേര്യ ചുരത്തില്‍ റോഡ് വിണ്ടുകീറി. നെടുംപൊയില്‍-മാനന്തവാടി ചുരറോഡില്‍ വിള്ളല്‍ രൂപപ്പെട്ടതിനെ തുടര്‍ന്ന് ഈ റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേയ്ക്ക് പോകുന്നവര്‍ പാല്‍ചുരം റോഡ് വഴി പോകണം.
ചാലക്കുടി പുഴയില്‍ ജലനിരപ്പുയര്‍ന്നു. അതിരപ്പള്ളി വിനോദസഞ്ചാര കേന്ദ്രം അടച്ചു. തൃശൂര്‍ ജില്ലയില്‍ 11 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 484 പേരെ മാറ്റിപ്പാര്‍പ്പിച്ചു. വള്ളത്തോള്‍ നഗറിനും വടക്കാഞ്ചേരിയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി. നാലു ട്രെയിനുകള്‍ പൂര്‍ണമായും പത്തു ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.