Tue. Sep 17th, 2024

 

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രത്യേക മത വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മനപ്പൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നമാസ് നടത്താന്‍ അനുമതിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയാണെന്നും മത തീവ്രവാദ ചിന്താഗതിക്കാരാണ് ഇതിന് പിന്നിലെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഇത്തരം ശ്രമങ്ങളെ കെഎസ്യുവും എസ്എഫഐയും പിന്തുണയ്ക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ഇരട്ട നീതിയാണ്. മുസ്ലീം മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ ഹിന്ദുക്കള്‍ക്കോ ക്രിസ്ത്യാനികള്‍ക്കോ മതാചാരം അനുഷ്ഠിക്കാന്‍ അനുമതി നല്‍കുമോ എന്നും സുരേന്ദ്രന്‍ ചോദിച്ചു. നരേന്ദ്ര മോദി അധികാരത്തില്‍ നിന്ന് പുറത്ത് പോയിരുന്നെങ്കില്‍ കേരളത്തില്‍ തോക്കുമായി ആളുകള്‍ തെരുവിലിറങ്ങുമായിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇടതുപക്ഷവും കോണ്‍ഗ്രസും ഈ വിഭാഗത്തെ പിന്തുണക്കുകയാണെന്നും പ്രകോപനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

ക്ലാസ് മുറിയില്‍ നിസ്‌കരിക്കാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്നലെയാണ് മുവാറ്റപുഴ നിര്‍മ്മല കോളജില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെവിന്‍ കെ കുര്യാക്കോസിനെ തടഞ്ഞത്. നിസ്‌കാരത്തിനായി പ്രത്യേക സ്ഥലം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.