ചെന്നൈ: തമിഴ്‌നാട്ടില്‍ ബിഎസ്പി നേതാവ് കെ ആംസ്‌ട്രോങ് വധക്കേസിലെ പ്രതി പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. സ്ഥിരം കുറ്റവാളിയായ തിരുവെങ്കടം ആണ് കൊലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം.
തെളിവെടുപ്പിനായി തിരുവെങ്കടത്തെ എത്തിച്ചപ്പോഴായിരുന്നു സംഭവമുണ്ടായത്. തെളിവെടുപ്പിനിടെ എസ്‌ഐയെ ആക്രമിച്ച് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ തിരുവെങ്കടം മരിച്ചുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജൂലൈ അഞ്ചാം തീയതിയാണ് ബിഎസ്പി സംസ്ഥാന അധ്യക്ഷന്‍ ആംസ്‌ട്രോങ്ങിനെ വെട്ടിക്കൊന്നത്. പെരമ്പലൂരിലുള്ള വസതിയില്‍ ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൊലപാതകം നടത്തിയത്.
മൂന്ന് ബൈക്കുകളിലായി എത്തിയ ആറുപേര്‍ ആംസ്ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെന്നൈ മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലറായ ആംസ്‌ട്രോങ് തമിഴ്‌നാട്ടിലെ ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്നു.
കൊലപാതകത്തിന് പിന്നാലെ സര്‍ക്കാറിനെ വിമര്‍ശിച്ച് ബിഎസ്പി രംഗത്തെത്തിയിരുന്നു. കേസ് സിബിഐക്ക് വിടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു. കേസില്‍ അന്വേഷണം തുടങ്ങിയ പൊലീസ് ഇതുമായി ബന്ധപ്പെട്ട് 11ഓളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.