ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനം നിലനിർത്തി കേരളം. 79 പോയിന്റുമായി ഉത്തരാഖണ്ഡും കേരളത്തോടൊപ്പം ഒന്നാം സ്ഥാനം പങ്കിട്ടു. ബിഹാറാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങളാണ് റിപ്പോർട്ടിൽ പരിഗണിക്കുന്നത്.
സംസ്ഥാനങ്ങളുടെ പട്ടികയിൽ 78 പോയിന്റുള്ള തമിഴ്നാടാണ് കേരളത്തിനും ഉത്തരാഖണ്ഡിനും പിറകിലായുള്ളത്. ഗോവക്ക് 77 പോയിന്റുണ്ട്. 57 പോയിന്റുള്ള ബിഹാറാണ് ഏറ്റവും മോശം പ്രകടനമുള്ള സംസ്ഥാനം. ജാർഖണ്ഡിന് 62ഉം നാഗാലാൻഡിന് 63ഉം പോയിന്റാണുള്ളത്. 2020-21 കാലയളവിലും പട്ടികയിൽ കേരളമായിരുന്നു ഒന്നാമത്.
ഛണ്ഡീഗഢ്, ജമ്മു ആൻഡ് കശ്മീർ, പുതുച്ചേരി, ആൻഡമാൻ ആൻഡ് നിക്കോബാർ, ഡൽഹി എന്നിവയാണ് മികച്ച പ്രകടനം നടത്തുന്ന കേന്ദ്രഭരണ പ്രദേശങ്ങൾ. സുസ്ഥിര വികസന ലക്ഷ്യത്തിൻറെ കീഴിൽ നിശ്ചയിച്ച 16 ലക്ഷ്യങ്ങളിൽ കാര്യമായ പുരോഗതി കൈവരിക്കാൻ സർക്കാറിന്റെ നടപടികളുടെ ഫലമായി രാജ്യത്തിന് സാധിച്ചിട്ടുണ്ടെന്ന് നിതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യൻ റിപ്പോർട്ട് പുറത്തുവിട്ടുകൊണ്ട് പറഞ്ഞു.