Fri. Nov 22nd, 2024

 

ന്യൂഡല്‍ഹി: അമേഠിയിലേറ്റ കനത്ത പരാജയത്തിന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയേയും മറ്റ് ബിജെപി നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാഹുലിന്റെ ആവശ്യം.

ജീവിതത്തില്‍ ജയവും തോല്‍വിയും ഉണ്ടാമെന്നും എന്നാല്‍, ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണെന്നും ശക്തിയല്ലെന്നും അദ്ദേഹം കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

‘ജീവിതത്തില്‍ ജയവും തോല്‍വിയും ഉണ്ടാകും. ശ്രീമതി സ്മൃതി ഇറാനിക്കോ മറ്റേതെങ്കിലും നേതാക്കള്‍ക്കേ എതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും മോശമായി പെരുമാറുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ആളുകളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നത് ബലഹീനതയുടെ ലക്ഷണമാണ്, ശക്തിയല്ല’, എങ്ങനെയാണ് രാഹുലിന്റെ പോസ്റ്റ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും തിരഞ്ഞെടുപ്പിലെ അരങ്ങേറ്റക്കാരനുമായ കിഷോരി ലാല്‍ ശര്‍മ്മയോടാണ് സിറ്റിംഗ് എംപിയായിരുന്ന സ്മൃതി ഇറാനി 1.6 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ടത്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ പരാജയപ്പെടുത്തിയതോടെ ബിജെപിയിലെ ഗ്ലാമര്‍ താരമായിരുന്നു സ്മൃതി. അമേഠിയില്‍ വീണ്ടും മത്സരിക്കാന്‍ അവര്‍ രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കിഷോരി ലാല്‍ ശര്‍മയോട് തോല്‍ക്കുകയായിരുന്നു.