Sat. Jan 18th, 2025

 

ലുധിയാന: ഖലിസ്ഥാന്‍ വിഘടനവാദി നേതാവും ഖാദൂര്‍ സാഹിബ് എംപിയുമായ അമൃതപാല്‍ സിങ്ങിന്റെ സഹോദരന്‍ ഹര്‍പ്രീത് സിങ് മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍. നാല് ഗ്രാം മെത്താഫെറ്റമിനുമായി ലവ്പ്രീത് സിങ്, സന്ദീപ് അറോറ എന്നിവര്‍ക്കൊപ്പമാണ് ജലന്തര്‍ റൂറല്‍ പൊലീസ് ഹര്‍പ്രീതിനെ അറസ്റ്റ് ചെയ്തത്.

ലുധിയാനയിലേക്കുള്ള യാത്രക്കിടെ ജലന്തര്‍-പാനിപ്പത്ത് ദേശീയപാതയില്‍ ഫില്ലോറില്‍ നിന്നാണ് ഇരുവരും പിടിയിലാകുന്നത്. ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ ഡെസ്പാച്ചിങ് ജോലിയാണ് ഹര്‍പ്രീത് സിങിന്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, ഇത് തന്റെ കുടുംബത്തിനും അമൃതപാല്‍ സിങ്ങിനെ പിന്തുണക്കുന്നവര്‍ക്കും എതിരായ ഗൂഢാലോചനയാണെന്ന് ഹര്‍പ്രീത് സിങ്ങിന്റെ പിതാവ് ടര്‍സേം സിങ് ആരോപിച്ചു.

‘ഇത് ഞങ്ങളുടെ കുടുംബത്തിനും അമൃത്പാല്‍ സിങിനും അനുയായികള്‍ക്കും എതിരായ ഗൂഢാലോചനയാണ്. ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി സര്‍ക്കാരിന് ഇങ്ങനെയൊരു ഗൂഢാലോചന കെട്ടിച്ചമക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ ഇതിനകം മനസ്സിലാക്കിയിട്ടുണ്ട്.

തങ്ങളുടെ പരാജയം മറച്ചുവെക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു കാര്യം ചെയ്യുന്നത്. യുവാക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അമൃത്പാല്‍ സിങ്ങിന്റെ ദൗത്യത്തിന് തടയിടുകയാണ് അവരുടെ ലക്ഷ്യം’, ടര്‍സേം സിങ് പറഞ്ഞു.

‘യുവാക്കളെ രക്ഷിക്കുക എന്ന അമൃതപാല്‍ സിങ്ങിന്റെ ദൗത്യം പരാജയപ്പെടുത്തുകയും ബണ്ടി സിങ്ങുമാരുടെ മോചനത്തിന് തടസ്സം സൃഷ്ടിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. ബണ്ടി സിങ്ങുമാരുടെ മോചനത്തിനായി ഇന്ന് ബഗപുരാനയില്‍ ഒരു മാര്‍ച്ച് നിശ്ചയിച്ചതായിരുന്നു. ഹര്‍പ്രീത് സിങ്ങും ഇതില്‍ പങ്കെടുക്കാനിരുന്നതാണ്.

എന്നാല്‍, സര്‍ക്കാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. അതിനാലാണ് ഗൂഢാലോചന നടന്നത്. മുമ്പും സര്‍ക്കാര്‍ വ്യാജ കേസുകള്‍ എടുത്തിട്ടുണ്ട്. സിക്കുകാരെ വ്യാജ ഏറ്റുമുട്ടലുകളില്‍ വധിക്കുക പോലുമുണ്ടായി’ ടര്‍സേം സിങ് പറയുന്നു.

ദേശീയ സുരക്ഷ നിയമപ്രകാരം അറസ്റ്റിലായ അമൃതപാല്‍ സിങ് നിലവില്‍ അസമിലെ ദിബ്രുഗഢിലെ ജയിലിലാണുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച ലോക്‌സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ പ്രത്യേക അനുമതിയോടെ അദ്ദേഹം ഡല്‍ഹിയിലെത്തിയിരുന്നു.

ജയിലിലിരിക്കെ ഖദൂര്‍ സാഹിബ് മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയ അമൃതപാല്‍ സിങ് കോണ്‍ഗ്രസിലെ കുല്‍ബീര്‍ സിങ് സിറയെ രണ്ട് ലക്ഷത്തോളം വോട്ടിന് പരാജയപ്പെടുത്തിയാണ് ലോക്‌സഭാംഗമായത്.