ന്യൂഡല്‍ഹി: തമിഴ്‌നാട് ബിഎസ്പി അധ്യക്ഷന്‍ കെ. ആംസ്‌ട്രോങ്ങ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ യഥാര്‍ത്ഥ പ്രതികള്‍ അല്ലെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. കേസില്‍ സിബിഐ അന്വേഷണം വേണമെന്നും മായാവതി പറഞ്ഞു.
‘ആംസ്‌ട്രോങ്ങിന്റെ കൊലപാതകം വ്യക്തമാക്കുന്നത് സംസ്ഥാനത്ത് ക്രമസമാധാനം ഇല്ലാ എന്നാണ്. അദ്ദേഹത്തെ കൊലപ്പെടുത്തിയവര്‍, യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും പിടിക്കപ്പെട്ടിട്ടില്ല. കേസ് സിബിഐക്ക് കൈമാറൂ. സംസ്ഥാന സര്‍ക്കാര്‍ നീതി നടപ്പാക്കുമെന്ന് ഞങ്ങള്‍ക്ക് പ്രതീക്ഷയില്ല,’ മായാവതി പറഞ്ഞു.
ആംസ്‌ട്രോങ്ങിന്റെ കൊലപാതകത്തിന് പിന്നാലെ ദളിത് വിഭാഗം ആകെ ആശങ്കയിലാണെന്നും സര്‍ക്കാര്‍ അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച ചെന്നൈയിലെ പെരമ്പലൂരിലുള്ള വസതിക്ക് സമീപം പാര്‍ട്ടി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുന്നതിനിടെ ആംസ്‌ട്രോങ്ങിന് നേരെ ആക്രമണമുണ്ടായത്. മൂന്ന് ബൈക്കുകളിലായെത്തിയ ആറംോഗ സംഘമാണ് ആക്രമണം നടത്തിയത്. ഓണ്‍ലൈന്‍ ഏജന്റുമാരെന്ന വ്യാജേന ഭക്ഷണം നല്‍കാനെത്തിയവരാണ് കൊല നടത്തിയത്.
സംഘം ആംസ്ട്രോങ്ങിനെ വാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആംസ്‌ട്രോങ്ങിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. തമിഴ്‌നാട്ടിലെ ദലിത് വിഷയങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു മുന്‍ ചെന്നൈ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കൂടിയായ ആംസ്‌ട്രോങ്.
കേസില്‍ എട്ട് പേര്‍ അറസ്റ്റിലായിട്ടുണ്ട്. പൊന്നൈ ബാല, രാമു, തിരുവെങ്ങാടം, തിരുമലൈ, സെല്‍വരാജ്, മണിവണ്ണന്‍, സന്തോഷ്, അരുള്‍ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട ഗുണ്ടാ നേതാവ് ആര്‍കോട് സുരേഷിന്റെ സഹോദരനും കൂട്ടാളികളുമാണ് കീഴടങ്ങിയത്. ആര്‍കോട് സുരേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പ്രതികാരമാണ് ഈ സംഭവമെന്നാണ് പൊലീസ് പറയുന്നത്.