Mon. Dec 2nd, 2024

 

ഓരോ വിഭാഗത്തിലെയും ഒഴിവുള്ള തസ്തികകളുടെ എണ്ണം മാത്രമാണ് വിജ്ഞാപനത്തിലുള്ളത്. എന്നാല്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളാണെന്ന് വ്യക്തമാക്കുന്നില്ല.

സംവരണക്രമം വ്യക്തമാക്കാതെ അധ്യാപക നിയമനത്തിനുള്ള നീക്കവുമായി കാലിക്കറ്റ് സര്‍വകലാശാല. 21 അധ്യാപക തസ്തികകളിലേയ്ക്കാണ് സംവരണം വ്യക്തമാക്കാതെ സര്‍വകലാശാല വിജ്ഞാപനമിറക്കിയത്. സര്‍വകലാശാല സംവരണം പാലിക്കണം എന്ന സുപ്രീം കോടതിയുടെ ഉത്തരവും യുജിസിയുടെ നിര്‍ദേശവും നിലനില്‍ക്കെയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ പുതിയ വിജ്ഞാപനം.

ഈ മാസം രണ്ടിനാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ 16 പഠന വിഭാഗങ്ങളിലേക്കുള്ള 21 അധ്യാപക തസ്തികകളിലേക്ക് വിജ്ഞാപനമിറക്കിയത്. ഓരോ വിഭാഗത്തിലെയും ഒഴിവുള്ള തസ്തികകളുടെ എണ്ണം മാത്രമാണ് വിജ്ഞാപനത്തിലുള്ളത്. എന്നാല്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളാണെന്ന് വ്യക്തമാക്കുന്നില്ല.

നിലവില്‍ സംവരണ അട്ടിമറിയുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയുടെ പരിഗണയില്‍ ഉണ്ടായിരിക്കെയാണ് വീണ്ടുമൊരു നീക്കം സര്‍വകലാശാല നടത്തിയിരിക്കുന്നത്.

2019ല്‍ പുറപ്പെടുവിച്ച അധ്യാപക നിയമന വിജ്ഞാപനത്തില്‍ 2021 ല്‍ നിയമനം നടത്തിയതില്‍ സംവരണം പാലിക്കാത്തത് നേരത്തെ വിവാദമായിരുന്നു. തെറ്റായ രീതിയില്‍ ഭിന്നശേഷി സംവരണം നടപ്പാക്കിയതിനാല്‍ നിയമനത്തില്‍ ഈഴവ സമുദായത്തിന്റെ സംവരണ ഊഴം നഷ്ടപ്പെട്ടെന്നും ലഭിക്കേണ്ട നിയമനം നല്‍കിയില്ലെന്നും കാണിച്ച് ഉദ്യോഗാര്‍ഥിയായ ഡോ. കെപി അനുപമ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഹര്‍ജി പരിശോധിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അധ്യാപക നിയമനത്തില്‍ സംവരണം പാലിക്കപ്പെട്ടില്ലെന്ന് കണ്ടെത്തി, ഹര്‍ജിക്കാരിക്ക് നിയമനം നല്‍കാന്‍ വിധി പുറപ്പെടുവിച്ചു.

ഭിന്നശേഷിക്കാരുടെ സംവരണം ഹൊറിസോണ്ടലായി നടപ്പാക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കാത്തതാണ് സാമുദായിക സംവരണം തെറ്റാന്‍ കാരണമെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍.

കാലിക്കറ്റ് സര്‍വകലാശാല Screengrab, Copyright: The Hindu

ഹൈക്കോടതി വിധിക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല സുപ്രീം കോടതിയെ സമീപിച്ചു. അവിടെയും സര്‍വകലാശാല പരാജയപ്പെട്ടു. റോസ്റ്റര്‍ പോയിന്റുകള്‍ നല്‍കുന്നതില്‍ സര്‍വകലാശാല പിന്തുടരുന്ന നയം, സംവരണം 50 ശതമാനം കടക്കരുതെന്ന് അനുശാസിക്കുന്ന ഇന്ദിര സാഹ്നി കേസിലെ വിധിയ്ക്ക് എതിരാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിധിയില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കിയാണ് സര്‍വകലാശാലയുടെ അപ്പീല്‍ തള്ളിയത്.

53 അസിസ്റ്റന്റ് പ്രൊഫസര്‍മാരെ നിയമച്ചിതില്‍ 29 പേരെ സംവരണ ഊഴം തെറ്റിയാണ് നിയമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് അംഗമായിരുന്ന ഡോ. റഷീദ് അഹമ്മദ് ചാന്‍സലര്‍ക്ക് പരാതി നല്‍കുകയും നിയമനാവസരം നഷ്ടപ്പെട്ട ഒട്ടേറെ പേര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. അതില്‍ ആദ്യത്തെ വിധിയാണ് ഡോ. അനുപമയ്ക്ക് അനുകൂലമായി ഹൈക്കോടതിയില്‍നിന്നും സുപ്രീംകോടതിയില്‍ നിന്നും ഉണ്ടായത്.

പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തിന് സംവരണം ചെയ്ത മുഴുവന്‍ സീറ്റുകളിലും കലിക്കറ്റ് സര്‍വകലാശാല മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ നിയമിച്ചിരുന്നു. മലയാളം, സൈക്കോളജി, സംസ്‌കൃതം, ബോട്ടണി എന്നീ പഠന വകുപ്പുകളിലെ ആറ് തസ്തികളിലാണ് എസ്സി, എസ്ടി വിഭാഗങ്ങളില്‍ നിന്നുള്ള അധ്യാപകരെ നിയമിക്കേണ്ടിയിരുന്നത്. എന്നാല്‍ ഈ ഒഴിവുകള്‍ ജനറല്‍, മുസ്ലീം, ഈഴവ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികളെ വെച്ച് നികത്തുകയായിരുന്നു. 2021 ല്‍ തന്നെയാണ് ഈ നിയമനവും നടന്നത്.

മലയാളം പഠന വിഭാഗത്തില്‍ രണ്ട് എസ് സി സംവരണ സീറ്റുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഒന്നില്‍ പോലും എസ്സി വിഭാഗത്തില്‍ നിന്നുള്ളവരെ പരിഗണിച്ചില്ല. പകരം രണ്ടും ഓപ്പണ്‍ സീറ്റുകളായി പരിഗണിച്ച് ജനറല്‍ വിഭാഗത്തില്‍ നിന്ന് അപര്‍ണ ടി, മഞ്ജു എംപി എന്നിവരെയാണ് അസിസ്റ്റന്റ് പ്രൊഫസര്‍മാരായി നിയമിച്ചത്. ഇതുവഴി പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികളായ ഡോ. താര എസ്എസ്, ഡോ.സുരേഷ് പുത്തന്‍പറമ്പില്‍ എന്നിവര്‍ക്ക് അവസരം നഷ്ടമായി. കോളേജ് അധ്യാപന പരിചയമുള്ള അധ്യാപികയും മികച്ച പിഎച്ച്ഡി പ്രബന്ധത്തിന് അവാര്‍ഡ് നേടിയ ഗവേഷകയുമാണ് താര.

സൈക്കോളജി പഠന വകുപ്പില്‍ എസ്സി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റില്‍ നിയമിച്ചത് ഓപ്പണ്‍ വിഭാഗത്തില്‍പ്പെട്ട ഡോ. നീതു ലാലിനെയാണ്. ബോട്ടണി പഠന വകുപ്പില്‍ എസ്‌സി, എസ്ടി സംവരണ ഒഴിവില്‍ അര്‍ഹനായ ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കാതെ ഒഴിച്ചിട്ടു.

സംസ്‌കൃത പഠന വകുപ്പില്‍ ഓരോ എസ്സി സീറ്റും എസ്ടി സീറ്റുമാണ് ഉണ്ടായിരുന്നത്. ഇതു രണ്ടും സമാനമായ രീതിയില്‍ മറ്റ് വിഭാഗങ്ങളിലുള്ളവരെ നിയമിച്ചു. ഡോ. ഷിഹാബ്, ഡോ. ഗായത്രി എന്നിവരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്.

ഡോ. ശ്യാം കുമാര്‍, ഡോ. ഗീതുനാഥ് എന്നീ എസ്സി, എസ്ടി ഉദ്യോഗാര്‍ഥികളെ തഴഞ്ഞാണ് ഇവരുടെ നിയമനം. ബോട്ടണി പഠന വകുപ്പില്‍ എസ്സി, എസ്ടി സംവരണ ഒഴിവില്‍ അര്‍ഹനായ ഉദ്യോഗാര്‍ഥിക്ക് നിയമനം നല്‍കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഡോ. അനില്‍ രാജ് കെ എന്ന ഉദ്യോഗാര്‍ഥിക്കായിരുന്നു ഇവിടെ നിയമനം ലഭിക്കാന്‍ അര്‍ഹത.

‘2019 ലാണ് കാലിക്കറ്റ് സര്‍വകലാശാല ഏതാണ്ട് അമ്പതിലധികം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നത്. പബ്ലിക് സര്‍വീസ് കമ്മീഷനെ സംബന്ധിച്ച് സംവരണ റോസ്റ്റര്‍ ഉള്ളതുകൊണ്ട് ഏതു റോസ്റ്ററിലേയ്ക്കാണ് നിയമനം നടക്കാന്‍ പോകുന്നത് എന്ന് നമ്മുക്ക് അറിയാന്‍ പറ്റും.

സംവരണ കാറ്റഗറിയിലേയ്ക്കണോ, ഓപ്പണ്‍ കാറ്റഗറിയിലേയ്ക്കാണോ നിയമനം നടക്കുന്നത് എന്ന് ഇന്ത്യയിലെ സര്‍വകലാശാലകള്‍ നോട്ടിഫിക്കേഷനില്‍ പ്രത്യേകമായി പറഞ്ഞിരിക്കും. പൊതുവേ കേരളത്തിലെ സര്‍വകലാശാലകള്‍ എല്ലാം പാലിക്കുന്ന കാര്യമാണിത്.

ഡോ. ടി എസ് ശ്യാം കുമാര്‍ Screengrab, Copyright: Facebook

പക്ഷേ 2019 ല്‍ അധ്യാപക നിയമനത്തിന് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സമയത്ത് ഓപ്പണ്‍ കാറ്റഗറി ആണോ സംവരണ വിഭാഗത്തിനു വേണ്ടി മാറ്റിവെച്ചതാണോ എന്ന് എടുത്തുപറയാതെയാണ് കാലിക്കറ്റ് സര്‍വകലാശാല നിയമന പ്രക്രിയയിലേയ്ക്ക് കടന്നത്.

ഈ നിയമനം നടക്കുന്ന ഘട്ടത്തിലാണ് ഇത് ഓപ്പണ്‍ ആണോ സംവരണം ആണോ എന്ന് തീരുമാനിക്കുന്നത്. അങ്ങനെ വരുമ്പോള്‍ അടിസ്ഥാനപരമായി ഇത് ഉദ്യോഗാര്‍ഥികളോടുള്ള കടുത്ത വഞ്ചനയാണ്. രണ്ടാമത് ഇത് സാമൂഹ്യ നീതിയെ അട്ടിമറിക്കുന്നു എന്നുള്ളതാണ്.

ഉദ്യോഗാര്‍ഥികളോടുള്ള വഞ്ചനയാണെന്ന് പറയാന്‍ കാരണം ഓപ്പണ്‍ കാറ്റഗറിയിലേയ്ക്കാണോ സംവരണ കാറ്റഗറിയിലേയ്ക്കാണോ നിയമനം എന്ന് പറയാതെ ഇന്റര്‍വ്യൂന് ക്ഷണിക്കുന്നതിലൂടെ ഒരുപാട് ഉദ്യോഗാര്‍ഥികളെ പുറത്താക്കാന്‍ സാധിച്ചു.’, അധ്യാപകനും എഴുത്തുകാരുമായ ഡോ. ടി എസ് ശ്യാം കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

‘കാലിക്കറ്റ് സര്‍വകലാശാല 2019 ല്‍ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍ അനുസരിച്ച് 2021 ല്‍ പുറത്തുവന്ന റാങ്ക് ലിസ്റ്റ് അനുസരിച്ച് നിയമനം നടത്തിയപ്പോള്‍ സംസ്‌കൃത വിഭാഗത്തില്‍ ഓപ്പണ്‍ കാറ്റഗറയില്‍ നിന്നും ആരെയും തന്നെ നിയമിച്ചില്ല. കാരണം അവിടെ പിഎച്ചിന്റെ സംവരണവും മുസ്ലീം സംവരണവുമാണ് വരിക. ഓപ്പണ്‍ കാറ്റഗറിയിലേയ്ക്ക് നിരവധി വിഭാഗത്തിലുള്ള ആളുകള്‍ മത്സരിക്കാനായി വരികയും പക്ഷേ, ഓപ്പണ്‍ കാറ്റഗറിയിലേയ്ക്ക് ഒരുതരത്തിലുള്ള മത്സരവും ഉണ്ടാവുകയും ചെയ്തില്ല. ഉദ്യോഗാര്‍ഥികളെ വഞ്ചിക്കുന്ന നിലപാടാണിത്. ഏത് തസ്തികയിലേയ്ക്കാണ് നിയമനം നടക്കുന്നത്, ഏത് കാറ്റഗറിയിലേയ്ക്കാണ് നിയമനം നടക്കുന്നത് എന്ന് വ്യക്തമാക്കി കൊണ്ട് നിയമനം നടക്കുമ്പോള്‍ മാത്രമേ സാമൂഹ്യ നീതി കൃത്യമായി പാലിക്കാന്‍ പറ്റൂ.

2019 ലെ നോട്ടിഫിക്കേഷന്‍ അനുസരിച്ച് കാലിക്കറ്റ് സര്‍വകലശാല നിയമനം നടത്തിയപ്പോള്‍ സംവരണ റോസ്റ്റര്‍ കോടതിയില്‍ സമര്‍പ്പിക്കാന്‍ വളരെയധികം പ്രയസപ്പെട്ടതായി നമ്മള്‍ കണ്ടു. നിരവധി സമ്മര്‍ദ്ദങ്ങള്‍ നേരിടേണ്ടി വന്നതിനുശേഷമാണ് കാലിക്കറ്റ് സര്‍വകലാശാല സംവരണ റോസ്റ്റര്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചത്.

കെഎസ് ആന്‍ഡ് എസ്എസ്ആര്‍ റൂള്‍ അനുസരിച്ചാണ് സംവരണ ചട്ടങ്ങള്‍ പാലിക്കുന്നത് എന്ന് കാലിക്കറ്റ് സര്‍വകലാശാല പറയുന്നുണ്ടെങ്കിലും ഭിന്നശേഷി സംവരണം നടപ്പാക്കിയപ്പോള്‍ സാമുദായിക സംവരണം വലിയ രീതിയില്‍ അട്ടിമറിക്കപ്പെട്ടു. ഭിന്നശേഷി സംവരണം കൃത്യമായി നടപ്പാക്കിയതുമില്ല വലിയ രീതിയില്‍ സാമുദായിക സംവരണം അട്ടിമറിക്കപ്പെടുകയും ചെയ്തു.

ഈ പ്രശ്‌നങ്ങളുടെ അനന്തരഫലമായി നിരവധി കേസുകള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഡോ. കെപി അനുപമ അന്നുതന്നെ തന്റെ സംവരണം അട്ടിമറിക്കപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബെഞ്ചില്‍ കേസ് തോറ്റുപോയി.

കേസ് ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് പോയി. ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് പോയപ്പോള്‍ സിംഗിള്‍ ബെഞ്ചിന്റെ വിധി തെറ്റാണെന്നും ഡോ. അനുപമയുടെ സംവരണക്രമം തെറ്റിക്കപ്പെട്ടിരിക്കുന്നു എന്നും കോടതി കണ്ടെത്തി.

മാത്രമല്ല, ആ വിധിയുടെ ആമുഖത്തില്‍ തന്നെ സംവരണം എന്ന് പറയുന്ന സാമൂഹിക നീതിയുടെ ആശയത്തെ പറ്റി വളരെ ഗംഭീരമായ വാക്കുകളാണ് പറഞ്ഞിട്ടുള്ളത്. സംവരണം എങ്ങനെയാണ് സാമൂഹിക നീതിയുടെ പ്രധാനപ്പെട്ട വിഷയമാകുന്നത് എന്നും ഭരണഘടനാപരമായ തുല്യത, സമത്വം എന്നീ ആശയങ്ങള്‍ എങ്ങനെയാണ് സംവരണം എന്നീ ആശയത്തിലൂടെ നടപ്പാക്കുന്നത് എന്നും വളരെ കൃത്യമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നുണ്ട്.

ഈ വിധിക്കെതിരെ കാലിക്കറ്റ് സര്‍വകലാശാല സുപ്രീംകോടതിയില്‍ പോയി. കാലിക്കറ്റ് സര്‍വകലാശാലയുടെ വാദങ്ങള്‍ നിരസിക്കുക മാത്രമല്ല ഡോ. അനുപമയുടെ വാദങ്ങളെ അംഗീകരിച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി അപ്പ്ഹോള്‍ഡ് ചെയ്യുകയാണ് സുപ്രീം കോടതി ചെയ്തത്.

സംവരണക്രമം ആകമാനം തെറ്റിയിരിക്കുന്നതിനാല്‍ സംവരണ റോസ്റ്റര്‍ കൃത്യപ്പെടുത്തണമെന്നും അതനുസരിച്ച് സംരണം ലഭ്യമാകേണ്ടവര്‍ക്ക് ലഭ്യമാക്കണം എന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്ന പ്രധാനപ്പെട്ട ഒരു കാര്യം. പക്ഷേ, കാലിക്കറ്റ് സര്‍വകലാശാല ഡിവിഷന്‍ ബെഞ്ചിന്റെ വിധി അനുസരിച്ച് സംവരണ റോസ്റ്റര്‍ പുനപ്പരിശോധിക്കാന്‍ തയ്യാറായില്ല.’ , ഡോ. പി എസ് ശ്യാംകുമാര്‍ പറഞ്ഞു.

‘യഥാര്‍ത്ഥത്തില്‍ കെഎസ് ആന്‍ഡ് എസ്എസ്ആര്‍ റൂള്‍ കാലിക്കറ്റ് സര്‍വകലാശാല പാലിച്ചിട്ടേ ഇല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗത്തില്‍ പെട്ട ആളുകളുടെ സംവരണം അട്ടിമറിച്ചത്.

ഡോ. സുരേഷും ഡോ. താരയും ഈ വിഷയത്തില്‍ പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷനെ സമീപിക്കുകയും അവര്‍ക്ക് അനുകൂലമായ ഒരു ഉത്തരവ് സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ പുറപ്പെടുവിക്കുകയും ചെയ്തു. ഇവരെ അടിയന്തരമായി നിയമിക്കണം എന്നുപറഞ്ഞായിരുന്നു ഉത്തരവ്.

കാലിക്കറ്റ് സര്‍വകലാശാല സംവരണക്രമം വ്യക്തമാക്കാതെ പുറത്തിറക്കിയ പുതിയ വിജ്ഞാപനം Screengrab, Copyright: Facebook

കാലിക്കറ്റ് സര്‍വകലാശാല ചെയ്തത് പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയിലേയ്ക്ക് പോവുകയും ആ ഉത്തരവ് താല്‍ക്കാലികമായി റദ്ദ് ചെയ്യുകയുമാണ് ചെയ്തത്. ഈ കേസും ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്.

അപ്പോള്‍ സാമൂഹ്യ നീതിയെ സംബന്ധിച്ച് സംവരണം എന്ന് പറയുന്നത് പ്രതിനിധ്യം ഉറപ്പിക്കുന്ന പ്രധാനപ്പെട്ട സംഗതിയായിരിക്കെ, അത് വലിയ രീതിയില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നു എന്നുള്ളത് പകല്‍ പോലെ വ്യക്തമായിരിക്കെ ആണ് ജൂലൈ രണ്ടാം തീയതി വീണ്ടും ഒരു നോട്ടിഫിക്കേഷന്‍ കാലിക്കറ്റ് സര്‍വകലാശാല പുറപ്പെടുവിച്ചിരിക്കുന്നത്. ഏതാണ്ട് 21 തസ്തികകളിലേയ്ക്കാണ് നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

2019 ലെ പോലെ തന്നെ ഓപ്പണ്‍ കാറ്റഗറിയിലേയ്ക്കാണോ സംവരണ കാറ്റഗറിയിലേക്കാണോ എന്ന് വ്യക്തമാക്കാതെയാണ് കാലിക്കറ്റ് സര്‍വകലാശാല നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വീണ്ടും സംവരണം അട്ടിമറിക്കും. ഭരണകൂട ശക്തികള്‍ക്കും ശൂദ്ര നിലീന ഭരണകൂടത്തിനും തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ മാത്രം നിയമിക്കുന്നതിന് സാഹചര്യം ഒരുക്കുക എന്നുള്ളതാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ട ആപത്ത്.

തന്നെയുമല്ല യുജിസി കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് നിരന്തരം കത്ത് എഴുതിയിരുന്നു. ബാക്ക്‌ലോഗ് നികത്തണം എന്ന് പറഞ്ഞ്. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് നിരവധി ബാക്ക്‌ലോഗുകളുണ്ട്. പ്രത്യേകിച്ച് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിന്, ഒബിസിയ്ക്ക്, മുസ്ലീം വിഭാഗത്തിന്, ഇങ്ങനെ നിരവധി പിന്നാക്ക വിഭാഗങ്ങള്‍ക്ക് നിരവധി ബാക്ക്‌ലോഗുകള്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കുണ്ട്.

ഈ ബാക്ക്‌ലോഗുകള്‍ ഒന്നും തന്നെ നികത്താതെയാണ് കാലിക്കറ്റ് സര്‍വകലാശാല 2019 ല്‍ നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചതും 2021 ല്‍ നിയമന നടപടിക്രമങ്ങള്‍ ആരംഭിച്ചതും. ബാക്ക്‌ലോഗുകള്‍ നികത്തണമെന്ന് യുജിഡി നിരന്തരം ആവശ്യപ്പെട്ടിട്ടും ബാക്ക്‌ലോഗുകള്‍ നികത്താന്‍ കേരളത്തിലെ സര്‍വകലാശാലകള്‍ തയ്യാറായില്ല എന്നാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.

രാജന്‍ ഗുരുക്കള്‍ ഇതൊരു മണ്ണുണ്ണി വ്യവസ്ഥയാണെന്ന് പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മണ്ണുണ്ണി വ്യവസ്ഥയെ സൃഷ്ടിച്ചത് ഇവിടുത്തെ ശൂദ്ര നിലീന ഭരണകൂടമാണ്. അതുപോലെ സാമൂഹ്യ നീതി പാലിച്ചുകൊണ്ട് കൃത്യമായ ചിട്ടകളുടെ അടിസ്ഥാനത്തില്‍ നിയമനം നടത്താത്തതും കൊണ്ടാണ് ഈ മണ്ണുണ്ണി വ്യവസ്ഥ സൃഷ്ടിക്കപ്പെട്ടത്. അതിനെ പറ്റി പറയാതെ രാജന്‍ ഗുരുക്കള്‍ കാടടിച്ച് വെടിവെക്കുകയാണ് ചെയ്യുന്നത്.

രാജന്‍ ഗുരുക്കള്‍ Screengrab, Copyright: The Hindu

ഇത്തരം വിഷയങ്ങളെ അഡ്രസ്സ് ചെയ്യാന്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വലിയ ശൂദ്ര ബുദ്ധിജീവികള്‍ തയ്യാറാകുന്നില്ല. കാരണം അടിസ്ഥാനപരമായി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സംരക്ഷിക്കുന്നത് സവര്‍ണ താല്‍പ്പര്യങ്ങളാണ് എന്നുള്ളതാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ നോട്ടിഫിക്കേഷനിലൂടെ വീണ്ടും വീണ്ടും തെളിയുന്നത്.’, ഡോ. ടി എസ് ശ്യാം കുമാര്‍ പറയുന്നു.

‘ഇതുമായി ബന്ധപ്പെട്ട് നീതിന്യായ സ്ഥാപങ്ങളെ സമീപിക്കുമ്പോള്‍ അവിടെയും ഇത്തരം സംവരണ വിഷയങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്യുന്നത്. നീതിന്യായ സ്ഥാപനങ്ങളിലും ഇവിടുത്തെ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ല.

അവിടെയും ശൂദ്ര -ബ്രാഹ്‌മണ്യ വ്യവസ്ഥയിലുള്ള കുത്തകധികാരമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണ് ഈ സംവരണ വിഷയങ്ങള്‍ അവിടെയും വലിയ രീതിയിലുള്ള തിരിച്ചടികള്‍ നേരിടുന്നത്. പ്രത്യേകിച്ചും സവര്‍ണ സംവരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഈ കേസ് വാദിച്ചപ്പോള്‍ സവര്‍ണ സംവരണം അംഗീകരിക്കുന്ന സമീപനമാണ് ഉണ്ടായത്.

ഇതൊക്കെ തന്നെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന സംവരണ വിഷയത്തിലും ഉണ്ടാകുന്നത്. ലക്ഷങ്ങള്‍ മുടക്കി കോടതിയിലേയ്ക്ക് പോയി അനുകൂലമായ ഒരു വിധി സമ്പാദിച്ചാല്‍ പോലും സര്‍വകലാശാലകള്‍ നടപ്പാക്കുന്നതില്‍ വലിയ അമാന്തമാണ് കാണിക്കുന്നത്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഡോ. അനുപമയുടെ വിഷയം.

ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടുപോലും അവര്‍ക്ക് നിയമനം നല്‍കിയില്ല. അവസാനം സുപ്രീംകോടതിയില്‍ നിന്നും അനുകൂല ഉത്തരവ് വാങ്ങി മാസങ്ങള്‍ കഴിഞ്ഞാണ് അവരെ നിയമിക്കുന്നത്. ഈ രീതിയില്‍ വളരെ കൃത്യമായി സാമുദായിക സംവരണം നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തയ്യാറാകുന്നില്ലാ എന്നാണ് ഇത്തരം സംഭവ വികാസങ്ങല്‍ തെളിയിക്കുന്നത്.

സംവരണത്തെ സാമ്പത്തിക സഹായമായാണ് പൊതുവേ കാണുന്നത്. അത് പ്രതിനിധ്യം ഉറപ്പാക്കാനുള്ള പ്രധാനപ്പെട്ടകാര്യമാണ് എന്നുള്ളത് പൊതുസമൂഹം ആഴത്തില്‍ തിരിച്ചറിയുകയും സംവരണ അട്ടിമറി നേരിടുന്ന ജനവിഭാഗങ്ങള്‍ പ്രത്യേകിച്ചും മുസ്ലീങ്ങള്‍, ഒബിസികള്‍, ഒബിസിയിലെ തന്നെ ഈഴവര്‍, ദളിതര്‍, ആദിവാസികള്‍ ഇവരുടെയൊക്കെ തന്നെ സംയുകതമായ പ്രക്ഷോഭമാണ് യഥാര്‍ത്ഥത്തില്‍ സവര്‍ണ കൂട്ടുകെട്ടിനെതിരെ ഉണ്ടായി വരേണ്ടത്.

എന്നാല്‍ മാത്രമേ കൃത്യമായുള്ള പ്രാതിനിധ്യം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപിക്കാന്‍ പറ്റൂ. അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും സവര്‍ണ ശക്തികളുടെ കേന്ദ്രമായി മാറിത്തീരും.’, ഡോ ടിഎസ് ശ്യാം കുമാര്‍ പറഞ്ഞു.

‘സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ജീവനക്കാരുടെ സാമുദായികാടിസ്ഥാനത്തിലുള്ള പ്രതിനിധ്യ കണക്കിന്റെ പ്രധാനപ്പെട്ട പരിമിതി ഡിപ്പാര്‍ട്ട്‌മെന്റ്, ബോര്‍ഡുകള്‍, സ്ഥാപനങ്ങള്‍ എന്നിവ തരം തിരിച്ചല്ല പുറത്തുവന്നിരിക്കുന്നത് എന്നാണ്. സാമുദായിക സെന്‍സസ് നടത്താതുകൊണ്ടുതന്നെ ഏതൊക്കെ വിഭാഗങ്ങള്‍ക്കാണ് ഇനി പ്രാതിനിധ്യം ലഭിക്കേണ്ടത് എന്നുള്ള വിവരവും അറിയാന്‍ കഴിയുന്നില്ല.

ഇക്കാര്യമുള്ളപ്പോള്‍ തന്നെ വ്യക്തമാകുന്ന ഒരുകാര്യം ഏതാണ്ട് ഒരു ലക്ഷത്തില്‍ അധികം സര്‍ക്കാര്‍ പോസ്റ്റുകളില്‍ മുന്നാക്ക വിഭാഗക്കാരുടെ വര്‍ധിച്ച കുത്തകധികാരമാണ് കാണുന്നത്. നിലവില്‍ കേരളത്തിലെ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യാതൊരു സാമുദായിക പ്രാതിനിധ്യവും പാലിക്കാതെയാണ് നിയമനം നടത്തുന്നത്. വലിയ അസമത്വമാണ് ഇവിടെ നിലനില്‍ക്കുന്നത്. കേരളത്തിലെ ദളിത്, ആദിവാസി ജനവിഭാഗങ്ങളെ സമ്പൂര്‍ണമായി പുറംന്തള്ളിക്കൊണ്ടാണ് കേരളത്തിലെ എയിഡഡ് വിദ്യാഭ്യാസ മേഖല നിലനില്‍ക്കുന്നത്.

ഇതില്‍ നിന്നും നമ്മുക്ക് വ്യക്തമാകുന്ന മറ്റൊരു കാര്യമുണ്ട്. കേരളത്തില്‍ ഹിന്ദുത്വം വലിയ രീതിയില്‍ അധിനിവേശം നടത്തുന്നു, രാഷ്ട്രീയമായി പാര്‌ലമെന്റിലേയ്ക്ക് സീറ്റുകള്‍ കിട്ടുന്നു, ഹിന്ദുത്വ രാഷ്ട്രീയത്തിന് ഒരു മുന്നാക്കാവസ്ഥ ഉണ്ടാകുന്നു എന്നൊക്കെ പറയുന്നുണ്ടല്ലോ.

കേവലം ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം കുറ്റപ്പെടുത്തി ഇതില്‍ നിന്നും തലയൂരാം എന്നാണ് പുരോഗമന ശക്തികള്‍ പൊതുവേ വിചാരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഭരണകൂടത്തെ ബാധിച്ചിരിക്കുന്ന സവര്‍ണധികാര ഹുങ്കാണ് നമ്മുടെ രാഷ്ട്രീയത്തില്‍ നിരന്തരം പ്രതിഫലിച്ചു കൊണ്ടിരിക്കുന്നത്.

ഇതെല്ലാം കൂട്ടിച്ചേര്‍ത്തു വായിക്കുമ്പോള്‍ കേരളം എന്തുകൊണ്ട് ഹിന്ദുത്വ രാഷ്ട്രീയത്തിന് അടിമപ്പെട്ടു എന്നുള്ളതിന്റെ ഉത്തരം, കേരളം ഒരു സവര്‍ണ നിലീന ഭരണകൂടമായി നിലനില്‍ക്കുന്നത് കൊണ്ടാണ് അത് ഹിന്ദുത്വത്തിന് വളരെ പെട്ടെന്ന് വഴിപെട്ടു പോകുന്നത് എന്നുള്ളതാണ്.’, ഡോ. ടി എസ് ശ്യാം കുമാര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

എന്താണ് സംവരണം?

സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന സമുദായങ്ങളുടെ ശാക്തീകരണം ഉദ്ദേശിച്ചാണ് സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യൻ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ തൊഴിൽ മേഖലകളിലും സംവരണം ഏർപ്പെടുത്തിയത് ചരിത്രത്തിലുടനീളം അനീതിക്കിരയായ പിന്നോക്ക ജനവിഭാഗങ്ങൾക്ക് അധികാര പങ്കാളിത്തവും പൊതുരംഗങ്ങളിലേക്കുള്ള പ്രാപ്യത വർധിപ്പിക്കാനും ഉദ്ദേശിച്ചാണ്.

എന്താണ് നിയമം?

ഒരു വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്പിനായി അതിലെ അംഗങ്ങളായ വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം തുടങ്ങിയവയ്ക്കുമേൽ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം.

യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്

കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയാണ് കാലിക്കറ്റ് സർവകലാശാല. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവകലാശാലാ ആസ്ഥാനം. ഇഎംഎസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ സിഎച്ച് മുഹമ്മദ്‌ കോയയാണ് സർവകലാശാല തറക്കല്ലിടലും ഉദ്ഘാടനവും നടത്തിയത്.

Quotes

“സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും പഠിപ്പിക്കുന്ന മതമാണ് ഞാൻ ഇഷ്ടപ്പെടുന്നത്- ഡോ. ബി ആര്‍ അംബേദ്‌ക്കര്‍.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.