Sat. Oct 5th, 2024

 

കോഴിക്കോട്: ജീവനക്കാരെയോ ഓഫീസോ ആക്രമിക്കില്ലെന്ന് ഉറപ്പു നല്‍കിയാല്‍ അജ്മലിന്റെ വീട്ടിലെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി. ഉറപ്പു വാങ്ങാന്‍ ഉദ്യോഗസ്ഥരെ അജ്മലിന്റെ വീട്ടിലേക്ക് അയക്കാന്‍ കോഴിക്കോട് ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടെന്നും കെഎസ്ഇബി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

അജ്മലിന്റെ പിതാവ് റസാഖിന്റെ പേരില്‍ 11 വൈദ്യുതി കണക്ഷനുണ്ടെന്നും അതില്‍ പത്തെണ്ണം കൊമേഷ്യല്‍ കണക്ഷനാണെന്നും കെഎസ്ഇബി അറിയിച്ചു. ഇവര്‍ സ്ഥിരമായി ബില്ലടക്കാറില്ലെന്നും കെഎസ്ഇബി കുറിപ്പില്‍ അറിയിച്ചു.

വൈദ്യുതി ബില്ലടക്കാത്തതിനെത്തുടര്‍ന്ന് വിച്ഛേദിക്കാന്‍ എത്തുമ്പോള്‍ വാക്കുതര്‍ക്കം ഭീഷണിയും പതിവാണെന്നും ആക്രമണത്തില്‍ കെഎസ്ഇബിക്കുണ്ടായ നാശനഷ്ടങ്ങള്‍ മുഴുവന്‍ ഈടാക്കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകര്‍ അറിയിച്ചു.

ഇപ്പോള്‍ നടത്തിയ ആക്രമണത്തില്‍ നിയമ നടപടികളുമായി മുന്നോട്ടുപോകുകയും ഇനി ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാല്‍ കണക്ഷന്‍ ഇന്നുതന്നെ നല്‍കാന്‍ തയ്യാറാണെന്നും കെഎസ്ഇബി വ്യക്തമാക്കി.

അതേസമയം, കെഎസ്ഇബിക്ക് എതിരായ പരാതിയില്‍ അജ്മലിന്റെ ഉമ്മയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.