ബെയ്റൂത്ത്: ഇസ്രായേലിനെതിരെ ഹിസ്ബുള്ള ആക്രമണം. ലെബനാനിൽനിന്ന് ഇസ്രായേലിലേക്ക് 200ന് മുകളിൽ റോക്കറ്റുകൾ വിക്ഷേപിച്ചതായി ഹിസ്ബുള്ള. സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയാണ് വ്യാഴാഴ്ച ആക്രമണം നടത്തിയത്. ബുധനാഴ്ച ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ മുഹമ്മദ് നിമാഹ് നാസർ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ആക്രമണം.
ഒമ്പത് മാസത്തിനിടെ കൊല്ലപ്പെടുന്ന ഹിസ്ബുള്ളയുടെ മൂന്നാമത്തെ ഉന്നത ഉദ്യോഗസ്ഥനാണ് നാസർ. അധിനിവേശ സിറിയൻ ഗോലാൻ കുന്നുകൾ, അൽ ജലീലി മേഖല, സഫദ്, നഹാരിയ തുടങ്ങിയ പുതിയ കേന്ദ്രങ്ങളെയും ഹിസ്ബുള്ള വ്യാഴാഴ്ച ആക്രമിച്ചു. ഒക്ടോബർ ഏഴിന് ശേഷം ഹിസ്ബുള്ള നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിത്.
സംഭവത്തിൽ വടക്കൻ ഇസ്രായേലിലെ രണ്ട് വനിതകൾക്ക് പരിക്കേറ്റതായി ഇസ്രായേലി ആരോഗ്യസംഘം അറിയിച്ചു. വടക്കൻ മേഖലയിൽ 20 മിനിറ്റിനിടെ 7 അപായ സൈറണുകൾ മുഴങ്ങിയതായും റിപ്പോർട്ടുണ്ട്. ഹിസ്ബുള്ളയുടെ റോക്കറ്റുകളിൽ പലതും തടഞ്ഞതായി ഇസ്രായേൽ അറിയിച്ചു.
അതേസമയം, ഗോലാൻ കുന്നുകളിലും അൽ ജലീലിലുമുണ്ടായ ആക്രമണത്തിൽ ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെടുകയും ഏതാനും പേർക്ക് പരിക്കേറ്റതായും ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ മേഖലയിൽ ഇസ്രായേൽ പരാജയപ്പെട്ടെന്നും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഈ മേഖലയിൽ യുദ്ധം കാരണം നിരവധി പേരാണ് കുടിയൊഴിഞ്ഞ് പോയത്.