Wed. Dec 18th, 2024

30 ഏക്കറിലാണ് ഭോലെ ബാബയുടെ നാരായണ്‍ സാകര്‍ ഹരി ആശ്രമം സ്ഥിതി ചെയ്യുന്നത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുന്ന ഇയാള്‍ എപ്പോഴും മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചാണ് ജീവിച്ചിരുന്നത്

 

ത്രാസില്‍ ആള്‍ദൈവം സംഘടിപ്പിച്ച പ്രാര്‍ഥനാ സമ്മേളനത്തിലുണ്ടായ ദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. ‘ഭോലെ ബാബ’, എന്നും ‘നാരായണ സാകര്‍ ഹരി’ എന്നും അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സൂരജ് പാലിന്റെ ആത്മീയ പ്രഭാഷണം കേള്‍ക്കാന്‍ രണ്ടര ലക്ഷത്തോളം ആളുകളാണ് തടിച്ചുകൂടിയത് എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.

121 പേരാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഇതില്‍ നൂറോളം പേര്‍ സ്ത്രീകളെന്നാണ് റിപ്പോര്‍ട്ട്. 150 പേര്‍ മരിച്ചതായും അനൗദ്യോഗിക റിപ്പോര്‍ട്ടുണ്ട്. പരിപാടിക്കുശേഷം ഭോലെ ബാബയെ കാണാന്‍ ആളുകള്‍ തിരക്കുകൂട്ടിയതും ഭോലെ ബാബയുടെ കാല്‍പ്പാദത്തിനരികില്‍നിന്ന് മണ്ണ് ശേഖരിക്കാന്‍ ശ്രമിച്ചതുമാണ് തിക്കും തിരക്കുമുണ്ടാവാന്‍ കാരണമായതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭോലെ ബാബയ്ക്ക് പോകാനുള്ള വഴിയൊരുക്കാന്‍ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജനങ്ങളെ തള്ളിമാറ്റിയതും ദുരന്തത്തിന് കാരണമായി എന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലേദിവസം മഴ പെയ്തതിനാല്‍ പരിപാടി സംഘടിപ്പിച്ച വയലില്‍ വഴുക്കല്‍ ഉണ്ടായിരുന്നു. ഇത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണമായി.

ഭോലെ ബാബയും ഭാര്യ പ്രേം ബാട്ടിയും Screengrab, Copyright: Hindustan Times

ഹത്രാസ് ജില്ലയിലെ സിക്കന്ദ്രറാവു പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫുല്‍റായ് ഗ്രാമത്തിലാണ് അപകടം നടന്നത്. 80,000 ആളുകള്‍ക്ക് പങ്കെടുക്കാനുള്ള അനുമതിയാണ് സത്സംഗിന്റെ സംഘാടകര്‍ക്ക് ജില്ലാ ഭരണകൂടത്തില്‍ നിന്നും ലഭിച്ചത്. എന്നാല്‍ 2.5 ലക്ഷത്തിലധികം ആളുകള്‍ എത്തിയിരുന്നുവെന്ന് എഫ്‌ഐആറില്‍ പറയുന്നു.

സമ്മേളനത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ 40 ഓളം പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടമുണ്ടായതിനു പിന്നാലെ ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് നാട്ടുകാരാണ്. പിന്നീടാണ് പോലീസെത്തുന്നത്. മരിച്ചവരെയും അബോധാവസ്ഥയിലായവരെയും ട്രാക്റ്ററുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലാണ് ആശുപത്രിയിലെത്തിച്ചത്.

പരിക്കേറ്റവരെ സംഭവസ്ഥലത്ത് നിന്നും നീക്കാന്‍ ആവശ്യമായ ആംബുലന്‍സ് സൗകര്യങ്ങള്‍ പോലും ലഭ്യമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഹത്രാസ് സിക്കന്ദര്‍ റൗവിലും സമീപ പഞ്ചായത്തുകളിലുമുള്ള ആശുപത്രികളില്‍ വേണ്ടത്ര മരുന്നുകളോ മറ്റു സന്നാഹങ്ങളോ ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ പറഞ്ഞതായി എന്‍ഡിടിവി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുരുതരമായി പരിക്കേറ്റവരെപ്പോലും മണിക്കൂറുകളോളം ആശുപത്രി വരാന്തയില്‍ കിടത്തിയ ശേഷമാണ് സൗകര്യങ്ങളുള്ള മറ്റാശുപത്രികളിലേക്കു മാറ്റിയത്. ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതും ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ കുറവും പലപ്പോഴും നാട്ടുകാരും അധികൃതരും തമ്മില്‍ തര്‍ക്കത്തിലേക്ക് നയിച്ചു.

ഇത്രയും വലിയ ദുരന്തം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങള്‍ ആദിത്യനാഥ് നയിക്കുന്ന ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍ ഇല്ലാ എന്നത് ഒരിക്കല്‍കൂടി വെളിവായിരിക്കുകയാണ്.

ഏഴു വര്‍ഷം മുമ്പ് യുപിയിലെ ആശുപത്രികളില്‍ പിഞ്ചുകുഞ്ഞുങ്ങളു രോഗികളും മരിച്ചുവീണ വാര്‍ത്ത നമ്മള്‍ കേട്ടതാണ്. യുപിയിലെ മികച്ച ആശുപത്രിയെന്ന് പേരുകേട്ട ബിആര്‍ഡി മെഡിക്കല്‍ കോളേജിലാണ് മതിയായ ഓക്സിജന്‍ സൗകര്യങ്ങളില്ലാതെ 63 പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം 81 പേര്‍ ശ്വാസംമുട്ടി മരിച്ചത്.

വിതരണക്കാര്‍ക്ക് കൃത്യസമയത്ത് പണം നല്‍കാത്തതും മറ്റു ഭരണപരമായ പ്രശ്‌നങ്ങളും കാരണമായിരുന്നു ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടായത്. ദുരന്ത സാധ്യത പലരും നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടും അധികൃതര്‍ കണ്ണടക്കുകയായിരുന്നു. അടിയന്തരമായി ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സ്വന്തം പണം മുടക്കിയും മറ്റും ഓടിനടന്ന് പ്രവര്‍ത്തിച്ച ഡോ. ഖഫീല്‍ ഖാന്‍ അന്ന് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഡോ. ഖഫീല്‍ ഖാന്‍ Screengrab, Copyright: Manorama

മെഡിക്കല്‍ കോളജിലെ പീഡിയാട്രിക് വിഭാഗത്തിലെ ജൂനിയര്‍ ലക്ച്ചററായിരുന്നു അന്ന് ഡോ. ഖഫീല്‍ ഖാന്‍. അന്നും മുഖ്യമന്ത്രി ആദിത്യനാഥ് ആയിരുന്നു. അധികൃതരുടെയും സര്‍ക്കാറിന്റെ വീഴ്ച മറച്ചുവെക്കാന്‍ ഖഫില്‍ ഖാനടക്കമുള്ള ഡോക്ടര്‍മാരെ കുറ്റക്കാരാക്കി ജയിലില്‍ അടക്കുകയാണ് ആദിത്യനാഥ് ചെയ്തത്.

അധികൃതരുടെ വീഴ്ച ചൂണ്ടികാട്ടിയ ഖഫീല്‍ ഖാനോട് പ്രതികാരബുദ്ധിയോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഒരു തവണ ജയില്‍ മോചിതനായ ശേഷം മറ്റൊരു കേസില്‍ അദ്ദേഹത്തെ വീണ്ടും ജയിലിലടച്ചു. ഈ കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി ജയില്‍ മോചിതനാക്കുമ്പോഴേക്കും ജയില്‍ വാസം വീണ്ടും അരക്കൊല്ലത്തിലധികമായി നീണ്ടിരുന്നു.

ഖഫീല്‍ ഖാന്‍ പറഞ്ഞതത്രയും കള്ളമാണെന്നും യുപി രാജ്യത്തിന് തന്നെ മാതൃകയായ സംസ്ഥാനമാണെന്നുമാണ് അന്ന് യുപിയിലും കേന്ദ്രഭരണത്തിലുമുണ്ടായിരുന്നു ബിജെപി ആവര്‍ത്തിച്ച് അവകാശപ്പെട്ടത്. ആ മാതൃക എന്താണെന്ന് ഹത്രാസ് ദുരന്തം വീണ്ടും കാണിച്ചുതന്നു.

ദുരന്തത്തിനു പിന്നാലെ ഒളിവില്‍ പോയ പരിപാടിയുടെ മുഖ്യ സംഘാടകന്‍ ഭോലെ ബാബയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഇയാളെ തേടി മെയില്‍പുരിയിലെ ആശ്രമത്തില്‍ പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായില്ല.

അതേസമയം, എഫ്‌ഐആറില്‍ ഭോലെ ബാബയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. ഐപിസി 105, 110, 126 (2), 223, 238 വകുപ്പുകള്‍ പ്രകാരം പരിപാടിയുടെ തലവന്‍ ദേവ്ദാസ് മധുകറിനെതിരേയും സംഘാടകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഭോലെയ്ക്ക് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പോലും അനുയായികള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പരിപാടി വീക്ഷിക്കാന്‍ ഉത്തര്‍പ്രദേശിന് പുറത്ത് നിന്നും ആളുകള്‍ എത്താറുണ്ടെന്നാണ് വിവരം.

കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ വിവിധയിടങ്ങളില്‍ നിന്ന് ആളുകള്‍ എത്തിയിരുന്നു. മാത്രമല്ല എംഎല്‍എമാര്‍ എംപിമാര്‍ അടക്കമുള്ള പ്രമുഖര്‍ ഇയാളുടെ പരിപാടിയില്‍ പങ്കെടുക്കാറുണ്ടായിരുന്നു എന്നാണ് വിവരം.

ഹത്രാസിലെ പ്രാര്‍ത്ഥനാ സമ്മേളനത്തിലുണ്ടായ അപകടത്തില്‍പ്പെട്ടവര്‍ Screengrab, Copyright: PTI

ആരാണ് ഭോലേ ബാബാ

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലെ ബഹദൂര്‍ നഗരി ഗ്രാമത്തില്‍ കര്‍ഷക കുടുംബത്തിലാണ് സ്വയം പ്രഖ്യാപിത ആള്‍ദൈവമായ ഭോലെ ബാബയുടെ ജനനം. സൂരജ് പാല്‍ എന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. രണ്ടു സഹോദരങ്ങളുണ്ട്.

ഗ്രാമത്തില്‍ നിന്ന് തന്നെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ ഇയാള്‍ ഉത്തര്‍പ്രദേശ് പോലീസില്‍ ലോക്കല്‍ ഇന്റലിജന്‍സ് യൂണിറ്റില്‍ കോണ്‍സ്റ്റബിളായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. കോളേജ് പഠനത്തിന് ശേഷം ഇന്റലിജന്‍സില്‍ ജോലി ചെയ്ത ഇയാള്‍ പിന്നീട് ആത്മീയതയിലേക്ക് തിരിയുകയായിരുന്നു.

1999-ലാണ് ഇയാള്‍ ആത്മീയതിലേക്ക് തിരിയുന്നത്. കൂടെ ഇയാളുടെ ഭാര്യ പ്രേം ബാട്ടിയും ഉണ്ടായിരുന്നു. ‘മാതാശ്രീ’ എന്നാണ് പ്രേം ബാട്ടി ഇന്ന് അറിയപ്പെടുന്നത്. പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതാണ് ഇയാളുടെ പ്രവര്‍ത്തന രീതി.

പശ്ചിമ യുപി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭോലേ ബാബയ്ക്ക് വലിയൊരു സംഘം ആരാധകരുണ്ട്. ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളിലും ഇദ്ദേഹത്തെ നിരവധി പേര്‍ ആരാധിക്കുന്നുണ്ട്.

വെളുത്ത വസ്ത്രവും ടൈയും ആണ് ഇയാളുടെ സ്ഥിര വേഷം. ദൈവത്തില്‍ നിന്ന് നേരിട്ട് തനിക്ക് ശക്തി ലഭിച്ചുവെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഇയാളുടെ അനുയായിക ഭൂരിഭാഗവും സ്ത്രീകളാണ്. സാധാരണയായി പിങ്ക് വസ്ത്രം ധരിച്ചാണ് ഇവര്‍ പ്രത്യക്ഷപ്പെടുന്നത്.

30 ഏക്കറിലാണ് ഭോലെ ബാബയുടെ നാരായണ്‍ സാകര്‍ ഹരി ആശ്രമം സ്ഥിതി ചെയ്യുന്നത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം സഞ്ചരിക്കുന്ന ഇയാള്‍ എപ്പോഴും മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചാണ് ജീവിച്ചിരുന്നത്.

2014ല്‍ ആശ്രമത്തില്‍ നിന്നും ഇയാള്‍ ബഹാദൂര്‍ നഗറില്‍ നിന്ന് മെയിന്‍പുരിയിലെ ബിച്ച്വയിലേയ്ക്ക് താമസം മാറ്റി. ആശ്രമത്തില്‍ നിന്നും ഇയാള്‍ താവളം മാറ്റിയെങ്കിലും പ്രതിദിനം 12,000 പേര്‍ ആരാധനയ്ക്കായി അവിടെ എത്തിയിരുന്നതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭോലെ ബാബയുടെ ആശ്രമം Screengrab, Copyright: The Hindu

എല്ലാ ചൊവ്വാഴ്ചകളിലുമാണ് ഇയാള്‍ പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച മെയിന്‍പുരി ജില്ലയിലും ഇവര്‍ സമാനമായ പ്രാര്‍ഥനാ യോഗം സംഘടിപ്പിച്ചിരുന്നു. 2022ല്‍ കോവിഡ് കാലത്ത് ഇവര്‍ നടത്തിയ പ്രാര്‍ഥാനാ യോഗം വിവാദമായിരുന്നു.

ഫറൂഖാബാദ് ജില്ലയിലെ സത്സംഗില്‍ അമ്പതുപേര്‍ മാത്രമേ പങ്കെടുക്കുള്ളു എന്നായിരുന്നു ഇവര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ 50,000 പേര്‍ പങ്കെടുത്തു. ഇത് വലിയ വിവാദമാവുകയും ജില്ലാ ഭരണകൂടത്തിന് എതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തിരുന്നു.

രാജ്യത്ത് ഇതാദ്യമായല്ല ആത്മീയ ഇടങ്ങളിലും ക്ഷേത്രങ്ങളിലും തിക്കിലും തിരക്കിലുംപെട്ട് ദുരന്തമുണ്ടാകുന്നത്. മഹാരാഷ്ട്രയിലെ മന്ദര്‍ദേവി ക്ഷേത്രത്തില്‍ 2005ലുണ്ടായ ദുരന്തത്തില്‍ 340 ജീവനാണ് നഷ്ടമായത്. മത ചടങ്ങുകളുമായി ബന്ധപ്പെട്ട് നടന്ന ഏറ്റവും വലിയ ദുരന്തമാണ് മന്ദര്‍ദേവി ക്ഷേത്രത്തിലുണ്ടയത്.

മന്ദര്‍ദേവി ക്ഷേത്ര ദുരന്തം

2005 ജനുവരി 25ന് മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ മന്ദര്‍ദേവി ക്ഷേത്രത്തില്‍ വാര്‍ഷിക തീര്‍ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 340 ഭക്തരാണ് മരണപ്പെട്ടത്. ഭക്തര്‍ നാളികേരം ഉടയ്ക്കുന്നതിനിടെ വഴുക്കലുണ്ടായ പടിയില്‍ ചിലര്‍ വീണതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത്.

ജോധ്പുര്‍ ദുരന്തം

2008 സെപ്തംബര്‍ 30-ന് രാജസ്ഥാനിലെ ജോധ്പുര്‍ നഗരത്തിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന അഭ്യൂഹത്തെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 250 ഭക്തര്‍ മരണപ്പെടുകയും 60ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

രാജസ്ഥാനിലെ ജോധ്പുര്‍ നഗരത്തിലെ ചാമുണ്ഡാ ദേവി ക്ഷേത്രത്തിലുണ്ടായ അപകടം Screengrab, Copyright: Patrika

ദാതിയ ദുരന്തം

2013 ഒക്ടോബര്‍ 13 നാണ് 115 പേര്‍ മരിച്ച ദുരന്തമുണ്ടാകുന്നത്. മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ രത്തന്‍ഗഡ് ക്ഷേത്രത്തിന് സമീപം നവരാത്രി ആഘോഷത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്. ഭക്തര്‍ കടന്നുപോകുന്ന പാലം തകരുമെന്ന അഭ്യൂഹമാണ് ദുരന്തത്തിന് കാരണമായത്.

പുല്ലുമേട് ദുരന്തം

2011 ജനുവരിയില്‍ കേരളത്തെ നടുക്കി പുല്ലുമേട് ദുരന്തമുണ്ടായി. പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശനത്തിനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് 102 ശബരിമല തീര്‍ഥാടകരാണ് മരിച്ചത്. മകരജ്യോതി ദര്‍ശനം നടത്തി മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

2011 ജനുവരി 15ന് രാത്രിയിലുണ്ടായ ദുരന്തത്തില്‍ നൂറോളം പേര്‍ക്ക് പരിക്കേറ്റു. ഏഴു മലയാളികളും 85 ഇതര സംസ്ഥാന തീര്‍ഥാടകരും ഒരു ശ്രീലങ്കന്‍ സ്വദേശിയുമാണ് മരിച്ചത്. മൂന്നുലക്ഷത്തോളം തീര്‍ഥാടകരാണ് അന്ന് മകരജ്യോതി ദര്‍ശനത്തിനു പുല്ലുമേട്ടിലെത്തിയത്. തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് പോലീസുകാരില്ലാത്തതും അപകടത്തിന്റെ ആക്കംകൂട്ടി.

ഇന്ദോര്‍ ദുരന്തം

2023 മാര്‍ച്ച് 31ന് ഇന്ദോറിലെ പട്ടേല്‍ നഗറിലെ ബെലേശ്വര്‍ മഹാദേവ് ജുലേലാല്‍ ക്ഷേത്രത്തില്‍ രാമനവമി ആഘോഷത്തിനിടെയാണ് അപകടം നടക്കുന്നത്. ക്ഷേത്രക്കിണര്‍ മൂടിയ കോണ്‍ക്രീറ്റ് മേല്‍ത്തട്ട് തകര്‍ന്നുണ്ടായ അപകടത്തില്‍ 36 പേര്‍ മരിച്ചു.

രാമനവമി ചടങ്ങിനിടെ ഭക്തരുടെ തിരക്കില്‍ ഭാരം താങ്ങാനാവാതെ കിണറിന്റെ മേല്‍ത്തട്ട് തകരുകയായിരുന്നു. അന്‍പതിലേറെപ്പേര്‍ കൂട്ടത്തോടെ കിണറ്റില്‍ പതിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നേരിട്ട ബുദ്ധിമുട്ട് മരണസംഖ്യ ഉയരാനിടയാക്കി. കിണറിലെ വെള്ളം പമ്പുചെയ്ത് പുറത്തുകളഞ്ഞാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പട്ന ദുരന്തം

2014 ഒക്ടോബര്‍ മൂന്നിന് ദസറ ആഘോഷങ്ങള്‍ക്കിടയില്‍ പട്ന ഗാന്ധി മൈതാനത്ത് തിക്കിലും തിരക്കിലും പെട്ട് 32 പേര്‍ മരിച്ചിരുന്നു. ‘രാവണവധം’ ചടങ്ങ് കണ്ട് ആളുകള്‍ മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്.

രാജമുന്ദ്രി ദുരന്തം

2015 ജൂലൈ 14നാണ് ആന്ധ്രാപ്രദേശിലെ രാജമുന്ദ്രിയില്‍ പുഷ്‌കരം ഉത്സവസമയത്ത് ഗോദാവരി നദിയുടെ തീരത്തെ പ്രധാന കുളിക്കടവിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 27 തീര്‍ഥാടകര്‍ മരണപ്പെട്ടത്. 12 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ചടങ്ങില്‍ വലിയ ഭക്തജനത്തിരക്കായിരുന്നു. തിക്കിലും തിരക്കിലും പെട്ട് ശ്വാസം കിട്ടാതെയാണ് മരണം സംഭവിച്ചത്.

പുഷ്‌കരം ഉത്സവസമയത്ത് ഗോദാവരി നദിയുടെ തീരത്ത് തിക്കിലും തിരക്കിലും പെട്ടവര്‍ Screengrab, Copyright: The New York Times

പട്ന ഛാഠ് പൂജ ദുരന്തം 

2012 നവംബര്‍ 19 ന് പട്നയില്‍ ഗംഗാ നദിയുടെ തീരത്തുള്ള അഡാലത്ത് ഘട്ടില്‍ ഛാഠ് പൂജയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹര്‍ കി പൗരി ഘട്ട് ദുരന്തം

2011 നവംബര്‍ എട്ടിന് ഹരിദ്വാറില്‍ ഗംഗാ നദിയുടെ തീരത്തുള്ള ഹര്‍ കി പൗരി ഘട്ടില്‍ തിക്കിലും തിരക്കിലും പെട്ട് 20 പേര്‍ മരിച്ചു.

മാതാ വൈഷ്‌ണോ ദേവി ക്ഷേത്ര അപകടം

ജമ്മു കശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 12 പേര്‍ മരിച്ച ദുരന്ത വാര്‍ത്തയോടെയായിരുന്നു 2022 പുതുവര്‍ഷത്തിന്റെ തുടക്കം. ത്രികുട മലയിലെ ക്ഷേത്രത്തില്‍ പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള പ്രത്യേക പ്രാര്‍ഥനയ്ക്കിടെയാണ് ദുരന്തമുണ്ടായത്.

പ്രവേശന പാസ്സില്ലാതെ വലിയൊരു കൂട്ടം ഭക്തര്‍ ക്ഷേത്ര ഭവനില്‍ പ്രവേശിച്ചത് വാക്കുതര്‍ക്കങ്ങള്‍ക്കും തുടര്‍ന്ന് ഉന്തും തള്ളിലും കലാശിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്.

നൈനാ ദേവി ക്ഷേത്രത്തിലെ ദുരന്തം

2008ല്‍ ഹിമാചല്‍പ്രദേശിലെ നൈനാ ദേവി ക്ഷേത്രത്തില്‍ നടന്ന മതപരമായ സമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 162 പേരുടെ ജീവനാണ് നഷ്ടമായത്. ഭക്തര്‍ ക്യൂവില്‍ നിന്ന സമയത്ത് മഴ പെയ്യുകയും എല്ലാവരും ഷെല്‍ട്ടറില്‍ കയറാന്‍ ശ്രമിക്കുകയും ചെയ്തു.

ഷെല്‍ട്ടര്‍ തകര്‍ന്ന് വീണപ്പോള്‍ മണ്ണിടിച്ചിലെന്ന് ചിലര്‍ വിളിച്ചു പറഞ്ഞു. ആളുകള്‍ രക്ഷപ്പെടുന്നതിനായി തിരക്കുണ്ടാക്കുകയും വന്‍ ദുരന്തത്തിലെത്തില്‍ പരിണമിക്കുകയും ചെയ്തു. 47 പേര്‍ക്കാണ് ദുരന്തത്തില്‍ പരിക്ക് പറ്റിയത്.

2003ല്‍ മഹാരാഷ്ട്രയിലെ നാസിക്കിലെ കുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍ മരിച്ചു. 2010 ല്‍ ഉത്തര്‍പ്രദേശിലെ രാം ജന്‍കി ക്ഷേത്രത്തില്‍ നടന്ന അപകടത്തില്‍ 68 പേരാണ് മരിച്ചത്.

FAQs

ആരാണ് ആള്‍ദൈവം?

ഭക്തിയുടെ പേരില്‍ ദൈവമായി മനുഷ്യരെ ആരാധിക്കുന്നവര്‍ ധാരാളമുണ്ട്. ഇങ്ങനെ ആരാധിക്കപ്പെടുന്നവരാണ് ആള്‍ദൈവങ്ങള്‍. സമീപ വർഷങ്ങളിൽ, പല ആൾദൈവങ്ങളും ഇന്ത്യയ്ക്ക് പുറത്ത് അനുയായികളെ നേടിയിട്ടുണ്ട്. ഇത് അവരുടെ പ്രശസ്തിയും സമ്പത്തും വർദ്ധിപ്പിച്ചു.

ആരാണ് ഡോ. ഖഫീല്‍ ഖാന്‍?

ഗോരഖ്പൂർ സ്വദേശിയായ ശിശുരോഗവിദഗ്ദ്ധനാണ് ഡോ.ഖഫീൽ ഖാൻ. എംബിബിഎസ് ബിരുദവും ബിരുദാനന്തര ബിരുദവും കർണാടകയിലെ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നേടി. 2017 ആഗസ്ത് മാസത്തിൽ യുപിയിലെ ബിആർഡി ആശുപത്രിയിൽ അക്യൂട്ട് എൻസെഫലൈറ്റിൽ സിൻഡ്രോം മൂലം ഉണ്ടായ മരണങ്ങൾ നടന്നത് മാദ്ധ്യമ ശ്രദ്ധയിൽ വന്നതോടെ ആശുപത്രി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതിനോടൊപ്പം എൻസെഫലൈറ്റിസ് വാർഡ് തലവൻ കൂടിയായിരുന്ന ഡോ.കഫീൽ ഖാനെ നോഡൽ ഓഫീസർ സ്ഥാനത്തു നിന്ന് നീക്കംചെയ്തു.

ആരാണ് ആദിത്യനാഥ്?

ഹിന്ദു സന്യാസിയും രാഷ്ട്രീയക്കാരനുമാണ് ആദിത്യനാഥ്. 2017 മാർച്ച് 19 മുതൽ ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാണ്. ഗോരഖ്പൂരിൽ നിന്ന് തുടർച്ചയായി അഞ്ച് തവണ (1998, 1999, 2004, 2009, 2014) പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അയോധ്യ രാമക്ഷേത്ര പ്രസ്ഥാനത്തിൽ ചേരുന്നതിനായി 1990 കളിലാണ് ആദിത്യനാഥ് തീവ്രഹിന്ദുത്വ പ്രസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

Quotes

“എവിടെയാണ് കരുണയും സ്നേഹവും ദയയുമുള്ളത് അവിടെ ദൈവവുമുണ്ട്- വില്യം ബ്ലേക്ക്.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.