ദില്ലി: ഉത്തര്‍പ്രദേശിലെ ഹാത്രാസിൽ മതചടങ്ങിനിടെ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം ഉയരുന്നു. 130 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 116 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ നടന്ന പരിപാടിയിൽ അനുവദിച്ചതിലും അധികം പേർ പങ്കെടുത്തെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഹാത്രസിലെ സിക്കന്ദർ റൗവിലെ പാടത്താണ് പരിപാടി നടന്നത്. താത്കാലിക പന്തൽ കെട്ടിയാണ് ഭോലെ ബാബ എന്ന് വിളിക്കുന്ന സകർ വിശ്വഹരിയുടെ നേതൃത്വത്തിൽ ഇവിടെ പ്രാർത്ഥന പരിപാടി നടന്നത്.
സംഭവത്തിൽ യുപി സർക്കാർ ജൂഡീഷ്യൽ അന്വേഷണവും പ്രഖ്യാപിക്കാനുള്ള ചർച്ചയിലാണ്. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയതായി വ്യക്തമായി. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്.