Sat. Jan 18th, 2025

 

കുറച്ച് കുടുംബങ്ങള്‍ വാടക വീടുകളില്‍ താമസമാക്കി, കുറച്ചുപേര്‍ ബന്ധുക്കളുടെ വീടുകളിലേയ്ക്ക് മാറി, ഇതിനൊന്നും സൗകര്യം ഇല്ലാത്തവര്‍ വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ തകര്‍ന്ന വീടുകളില്‍ തന്നെ താമസിക്കും

കേരള തീരത്ത് സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ 10 കടലാക്രമണ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഒന്നാണ് ചെല്ലാനം. 2017 ഡിസംബറില്‍ ഓഖി ചുഴലിക്കാറ്റ് ചെല്ലാനം തീരത്ത് ആഞ്ഞടിച്ചത് മുതല്‍ കടല്‍ കയറുന്നതും കടല്‍ക്ഷോഭവും ചെല്ലാനത്ത് രൂക്ഷമായി.

അതിനുശേഷം ടൗട്ടേ ചുഴലിക്കാറ്റോടെ ചെല്ലാനത്തെ സ്ഥിതികള്‍ കൂടുതല്‍ വഷളായി. നൂറുകണക്കിന് ആളുകള്‍ ദീര്‍ഘനാളത്തേക്ക് ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് മാറ്റപ്പെട്ടു. ചിലര്‍ സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പുനര്‍ഗേഹം പദ്ധതി പ്രകാരം പൈസ വാങ്ങി തീരമൊഴിയാന്‍ നിര്‍ബന്ധിതരായി.

ചെല്ലാനത്തുള്ള മത്സ്യത്തൊഴിലാളികളുടെ നിരന്തരമായ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ചെല്ലാനം പ്രദേശത്ത് 344 കോടി രൂപയുടെ തീരദേശ സംരക്ഷണ പദ്ധതി ആവിഷ്‌ക്കരിച്ചു. ടെട്രാപോഡ് അടിസ്ഥാനമാക്കിയുള്ള കടല്‍ഭിത്തിയുടെ നിര്‍മാണത്തിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

ചെല്ലാനം ബസാര്‍ മേഖലയില്‍ ആറ് പുലിമുട്ടുകള്‍ സ്ഥാപിക്കാനും തീരുമാനമായി. കിഫ്ബിയുടെ ധനസഹായത്തോടെ ഇറിഗേഷന്‍ വകുപ്പാണ് പദ്ധതി നടപ്പാക്കിയത്.

കണ്ണമാലിയിലുണ്ടായ കടലാക്രമണം Copyright: Woke Malayalam

ചെല്ലാനം മുതല്‍ ഫോര്‍ട്ട് കൊച്ചിവരെയുള്ള 17.9 കിലോമീറ്ററില്‍ ചെല്ലാനം ഹാര്‍ബര്‍ മുതല്‍ പുത്തന്‍തോട് ബീച്ച് വരെയുള്ള 7.32 കിലോമീറ്റര്‍ ദൂരത്തിലാണ് ഒന്നാം ഘട്ടത്തില്‍ കടല്‍ഭിത്തി നിര്‍മിച്ചത്. 6.10 മീറ്റര്‍ ഉയരത്തിലും 24 മീറ്റര്‍ വീതിയിലുമാണ് ഇവിടെ കടല്‍ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്.

ഒന്നാം ഘട്ടം പൂര്‍ത്തിയായതോടെ ഫണ്ട് തീര്‍ന്നുപോയി എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ അനാസ്ഥയുടെ ഫലം ഇപ്പോള്‍ അനുഭവിക്കുന്നത് കണ്ണമാലി മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയുള്ള തീരപ്രദേശത്തുള്ളവരാണ്.

ഈ വര്‍ഷം മഴ പെയ്യാന്‍ തുടങ്ങിയത് മുതല്‍ കണ്ണമാലി പ്രദേശത്തുള്ളവരുടെ ദുരിതവും ആരംഭിച്ചു. മഴയും വേലിയേറ്റവും തീരദേശത്തെ വീടുകള്‍ക്ക് കനത്ത നാശനഷ്ടമുണ്ടാക്കി. മണ്‍സൂണ്‍ കാലം കഴിയുന്നത് വരെ രൂക്ഷമായ കടലാക്രമണമാണ് കണ്ണമാലിക്കാര്‍ക്ക് നേരിടേണ്ടി വരിക. കാലാവസ്ഥാ വ്യതിയാനം മൂലം കടലില്‍ മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും അത് കണ്ണമാലി തീരത്ത് പ്രതിഫലിക്കും.

ടെട്രാപോഡ് നിര്‍മ്മിക്കാത്ത ഭാഗങ്ങളില്‍ മണല്‍വാട, ജിയോ ബാഗ് എന്നിവ ഇട്ട് തീരം സംരക്ഷിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദനം ചെയ്തിരുന്നു. എന്നാല്‍ ജിയോ ബാഗ് നിര്‍മ്മാണം പാതി വഴിയില്‍ അവസാനിച്ചു. മണല്‍ വാടകള്‍ കടലാക്രമണത്തില്‍ തകര്‍ന്നുപോയി. പത്ത് കിലോമീറ്റര്‍ ദൂരത്തേക്കുള്ള ടെട്രാപോഡ് നിര്‍മാണം എന്ന് തുടങ്ങുമെന്ന് സര്‍ക്കാരിന് മാത്രമേ അറിയൂ.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ നൂറു കണക്കിന് വീടുകളിലാണ് വെള്ളം കയറിയതെന്ന് ചെല്ലാനം ജനകീയ വേദി ജനറല്‍ കണ്‍വീനര്‍ വിടി സെബാസ്റ്റ്യന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

‘ആയിരത്തോളം വീടുകള്‍ക്ക് ചുറ്റും വെള്ളം വന്നു. 20 തോളം വീട്ടുകാര്‍ക്ക് വലിയ നാശനഷ്ടമാണ് ഉണ്ടായത്. പലരുടേയും വീടെല്ലാം ഇടിഞ്ഞുപോയി. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ സ്ത്രീകളെയും കുട്ടികളെയും വീട്ടില്‍ നിര്‍ത്തി മത്സ്യത്തൊഴിലാളികള്‍ക്ക് പണിക്ക് പോകാന്‍ പറ്റില്ല. കാരണം ഒരു ദിവസം രണ്ട് പ്രാവശ്യം വേലിയേറ്റം ഉണ്ടാകും. എപ്പോഴാണ് എന്താണ് സംഭവിക്കുക എന്ന് പറയാന്‍ പറ്റില്ല. ഇതുകൊണ്ട് ആരും കടലില്‍ പണിക്ക് പോകുന്നില്ല.

ചെല്ലാനം ജനകീയ വേദി ജനറല്‍ കണ്‍വീനര്‍ വിടി സെബാസ്റ്റ്യന്‍ Screengrab, Copyright: Facebook

‘കടല്‍കയറുമ്പോള്‍ ഓരോരുത്തര്‍ സഹിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ല. നേരത്തെ ക്യാമ്പുകളിലേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുമായിരുന്നു. ഇപ്പോള്‍ ക്യാമ്പ് ഉണ്ടെങ്കില്‍ പോലും ആളുകള്‍ പോകില്ല. കാരണം, ക്യാമ്പുകളില്‍ ജീവിക്കുന്നതിലും നല്ലത് നരഗത്തില്‍ പോയി കിടക്കുന്നതാണ്.

സമയത്തിന് ഭക്ഷണവും വെള്ളവും കിട്ടില്ല, ടോയിലെറ്റില്‍ പോകാന്‍ സൗകര്യം ഉണ്ടാവില്ല, ടോയിലെറ്റില്‍ ഒഴിക്കാന്‍ ഒരുതുള്ളി വെള്ളം ഉണ്ടാവില്ല, വസ്ത്രം മാറാന്‍ അടച്ചുറപ്പുള്ള സ്ഥലം ഉണ്ടാവില്ല, കൊതുക് അടക്കമുള്ളവയുടെ ശല്യം വേറെയും. ഇങ്ങനെയൊക്കെയുള്ളതുകൊണ്ട് പൊതുവെ ആരും ക്യാമ്പുകളില്‍ പോകാന്‍ തയ്യാറാകുന്നില്ല.

കുറച്ച് കുടുംബങ്ങള്‍ വാടക വീടുകളില്‍ താമസമാക്കി, കുറച്ചുപേര്‍ ബന്ധുക്കളുടെ വീടുകളിലേയ്ക്ക് മാറി, ഇതിനൊന്നും സൗകര്യം ഇല്ലാത്തവര്‍ വെള്ളം ഇറങ്ങിക്കഴിയുമ്പോള്‍ തകര്‍ന്ന വീടുകളില്‍ തന്നെ താമസിക്കും.

സ്വര്‍ണം വിറ്റോ, പണയം വെച്ചോ, പണം കടം വാങ്ങിയോ അല്ലെങ്കില്‍ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നും പലിശയ്ക്ക് പണം എടുത്തോ ആണ് ആളുകള്‍ വാടക അടക്കുന്നതൊക്കെ. ഇപ്പോള്‍ ഹൈദരാബാദുകാരും തമിഴ്‌നാട്ടുകാരുമൊക്കെ പൈസ കൊടുക്കുന്നത് എഫ്എച്ച്ജി ഗ്രൂപ്പുകള്‍ വഴിയാണ്. ആഴ്ചയില്‍ പൈസ തിരിച്ചുകൊടുത്താല്‍ മതി. ഇങ്ങനെയൊക്കെയാണ് ഇവിടെയുള്ളവര്‍ കഴിഞ്ഞുപോകുന്നത്.

കുട്ടികളുടെ വിദ്യാഭ്യാസത്തെയും നിരന്തരമുള്ള ഈ കടലാക്രമണം ബാധിക്കുന്നുണ്ട്. ബാഗും പുസ്തകങ്ങളും എല്ലാം നശിച്ചുപോകും. വീട്ടിലെ സാധങ്ങള്‍ എല്ലാം നശിച്ചുപോകുന്നത് കാണുമ്പോള്‍ ബാഗോ പുസ്തകങ്ങളോ യൂണിഫോമോ ഒന്നും എടുക്കാന്‍ നേരം കിട്ടില്ല.’ വിടി സെബാസ്റ്റ്യന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

കടലാക്രമണത്തെ തുടര്‍ന്ന് വെള്ളം കയറിയ കണ്ണമാലിയിലെ വീടുകള്‍ Copyright: Woke Malayalam

നാളിതുവരെ എംഎല്‍എയോ എംപിയോ മന്ത്രിമാരോ കണ്ണമാലിക്കാരുടെ ദുരിതം നേരിട്ട് അന്വേഷിക്കാന്‍ ഇവിടെ എത്തിയിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ പറയുന്നു.

‘കടല്‍ കയറുന്ന സമയത്ത് സാധാരണ ഇങ്ങോട്ട് വരുന്നത് വില്ലേജ്, താലൂക്ക് പോലെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരാണ്. കൂടിപ്പോയാല്‍ കളക്ടര്‍ വരും. കളക്ടര്‍ ഇത്തവണ വന്നാല്‍ ഇങ്ങോട്ട് കയറ്റില്ലെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

കളക്ടര്‍ കഴിഞ്ഞ തവണ എല്ലാ സ്ഥലങ്ങളും സന്ദര്‍ശിച്ച് ഉടനെ പരിഹാരം ഉണ്ടാക്കാം എന്ന് പറഞ്ഞ് പോയതാണ്. അതുകൊണ്ട് അദ്ദേഹം ഇനി വരാന്‍ സാധ്യത വളരെ കുറവാണ്. 7.3 കിലോ മീറ്റര്‍ ദൂരത്തില്‍ ടെട്രാപോഡ് ഇട്ടത് കാണിച്ച് ഭരണത്തോട് അനുകൂലമുള്ളവര്‍ ചെല്ലാനം സംരക്ഷിക്കപ്പെട്ടു എന്ന് പറഞ്ഞ് വന്‍ പ്രചരണം നടത്തിയിട്ടുണ്ട്.’, സെബാസ്റ്റ്യന്‍ പറയുന്നു.

ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ചെല്ലാനം മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയുള്ള തീരപ്രദേശത്തെ കടലാക്രമണ ഭീതി. കൊച്ചി തുറമുഖം ആഴം വര്‍ധിപ്പിച്ചു തുടങ്ങിയത് മുതല്‍ തങ്ങള്‍ ഈ പ്രശ്‌നം അനുഭവിക്കുന്നുണ്ടെന്ന് വിടി സെബാസ്റ്റ്യന്‍ പറയുന്നു.

‘1928 ല്‍ കൊച്ചി തുറമുഖം ആഴവും വീതിയും കൂട്ടി ആധുനിക തുറമുഖമാക്കിയതോടു കൂടിയാണ് തെക്കന്‍ കരകളായ ഫോര്‍ട്ട് കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള പ്രദേശങ്ങളില്‍ കടലാക്രമണം തുടങ്ങിയത്. തുറമുഖത്ത് നിന്നുള്ള കുത്തൊഴുക്കിന്റെ ഒരു തിരിവ് കൊണ്ട് ചെല്ലനം മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയുള്ള തീരക്കടലിലെ മണ്ണ് ഒഴുകിപോകുന്നതാണ് ഇവിടുത്തെ കടലാക്രമണത്തിന് കാരണം.

കണ്ണമാലി പ്രദേശം Copyright: Woke Malayalam

മണ്ണൊഴുകി പോകുമ്പോള്‍ തീരക്കടലിന് ആഴം വര്‍ധിക്കും. ആഴം കൂടുമ്പോള്‍ ആഴത്തിന് ആനുപാതികമായി ഉയരം കൂടിയ വലിയ തിരമാല വരും. അത് കൂടുതല്‍ കരയിലേയ്ക്ക് അടുക്കും. അതാണ് ഇവിടുത്തെ പ്രശ്‌നം. തീരക്കടലില്‍ ആഴം കുറവാണെങ്കില്‍ തിരമാല ഒരുപാട് പടിഞ്ഞാറ് ആഴക്കടലില്‍ വെച്ച് ഒടിഞ്ഞ് ശക്തി ക്ഷയിക്കും. അങ്ങനെയെങ്കില്‍ കടലാക്രമണം ഉണ്ടാവില്ല.

2019 ഒക്ടോബര്‍ 28 മുതല്‍ തുടര്‍ന്ന സമരത്തിന്റെ അടിസ്ഥാനത്തില്‍ 344.2 കോടി രൂപയുടെ ഒരു പദ്ധതി ആവിഷ്‌ക്കരിച്ചു. 10 പിലിമുട്ടും, 12 കിലോമീറ്റര്‍ ദൂരത്തില്‍ ടെട്രാപോഡ് കടല്‍ഭിത്തിയുമാണ് പ്രഖ്യാപിച്ചത്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ചെല്ലാനം തെക്കേ അറ്റത്ത് നിന്നും 7. 36 കിലോമീറ്റര്‍ ദൂരത്തില്‍ കടല്‍ഭിത്തിയും ആറു പുലിമുട്ടും നിര്‍മിച്ചപ്പോള്‍ പണം തീര്‍ന്നു.

അറബിക്കടലില്‍ സാധാരണ ഒഴുക്ക് വടക്ക് നിന്ന് തെക്കോട്ട് ആയിരിക്കും. കൊച്ചി തുറമുഖത്ത് നിന്നുള്ള ഒഴുക്ക് കാരണം എപ്പോഴും തീരക്കടലിലെ ഒഴുക്ക് തെക്ക് നിന്നും വടക്കോട്ടാണ്. ഇങ്ങനെയാണ് മണ്ണ് ഒഴുകിപ്പോകുന്നത്. ചെല്ലാനത്ത് ടെട്രാപോഡ് ശക്തിയായപ്പോള്‍ ഈ ഒഴുക്കിനെ തടഞ്ഞുനിര്‍ത്തി പുത്തന്‍തോട് മുതല്‍ വടക്കോട്ട് സൗദി ബീച്ച് റോഡ് വരെയുള്ള പ്രദേശങ്ങളില്‍ അതിരൂക്ഷമായ കടലാക്രമണം ഉണ്ടാവാന്‍ തുടങ്ങി.

കൂടാതെ ചെല്ലാനം വേളാങ്കണ്ണി പ്രദേശങ്ങളില്‍ ആറു പുലിമുട്ട് ഇട്ടല്ലോ, ആ പുലിമുട്ട് ഇട്ട് കഴിഞ്ഞപ്പോള്‍ തെക്ക് നിന്നുള്ള മണ്ണ് വരവ് അവിടെ തടഞ്ഞു. അതേസമയം, മണ്ണൊഴുക്ക് തുടരുകയും ചെയ്തു. പുത്തന്‍തോട്, കണ്ണമാലി, ചെറിയക്കടവ്, കട്ടിപ്പറമ്പ്, മാനശ്ശേരി, സൗദി, ബീച്ച് റോഡ് മണ്ണൊലിപ്പ് കൂടുകയും ആഴം വര്‍ധിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇവിടെ കടലാക്രമണം കൂടിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ വലിയ കടലാക്രമണമോ, ന്യൂനമര്‍ദ്ദമോ, കാറ്റോ, കടല്‍ ഇളക്കമോ ഉണ്ടായിട്ടില്ല. പക്ഷേ, ഇവിടെ കണ്ണമാലിയിലും മറ്റുപ്രദേശങ്ങളിലും കടലാക്രമണം ഉണ്ടാവാനുണ്ടായ കാരണം ഇവിടെ ആഴം കൂടിയതാണ്.

കടലാക്രമണത്തെ തുടര്‍ന്ന് വീടുകളില്‍ നിന്നും പോകുന്ന കണ്ണമാലിയിലെ ജനങ്ങള്‍ Copyright: Woke Malayalam

കഴിഞ്ഞ ദിവസം അഷ്ടമി ആയിരുന്നു. അഞ്ചാം തീയതി വാവ് ആണ്. അന്നുമുതല്‍ കടല്‍ കയറും. 13ാം തീയതി അഷ്ടമിയാണ്. അതുവരെ കടല്‍ കയറും. ഇതാണ് ഇവിടുത്തെ അവസ്ഥ. ഇതിന്റെ കൂടെ ന്യൂനമര്‍ദ്ദമോ കാറ്റോ അങ്ങനെ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ അതിരൂക്ഷമായി കടല്‍ കയറും.

കരയില്‍ ജിയോ ബാഗ് ഇട്ട സ്ഥലങ്ങളില്‍ കടല്‍ കയറിയിട്ടില്ല. ഒരു പരിധിവരെ കടലാക്രമണത്തെ ഇത് തടുക്കുന്നുണ്ട്. എന്നാല്‍ വലിയ കടലാക്രമണം വന്നാല്‍ ചീട്ട് കൊട്ടാരം പോലെ ഇതും തകര്‍ന്ന് വീഴും.

കിഫ്ബി നിയന്ത്രണം കൊണ്ടുവന്നതിനാല്‍ അടുത്ത ഘട്ട കടല്‍ഭിത്തി നിര്‍മാണത്തിന് പൈസ ഇല്ലാ എന്ന് പറഞ്ഞ് രക്ഷപ്പെടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കടലാക്രമണത്തിനെതിരെയുള്ള പദ്ധതിയുടെ അടുത്തഘട്ടം രണ്ട് മന്ത്രിമാര്‍ പ്രഖ്യാപിച്ചതാണ്.

2023 ജൂണ്‍ ഒമ്പതിന് റോഷി അഗസ്റ്റിന്‍ 320 കോടി രൂപ പ്രഖ്യാപിച്ചു. 2023 ഒക്ടോബര്‍ മൂന്നിന് പി രാജീവ് 247 കോടി രൂപയും പ്രഖ്യാപിച്ചു. കഴിഞ്ഞ നവംബറില്‍ പണി തുടങ്ങും എന്ന് പറഞ്ഞതാണ്. എന്നാല്‍ ഒന്നും ചെയ്തില്ല.

ഇപ്പോള്‍ ചെല്ലാനം കണ്ണമാലിയിലൂടെ പോകുന്ന സംസ്ഥാനപാതയ്ക്ക് വേണ്ടി ആയിരത്തിലധികം കോടി രൂപയാണ് ചെലവഴിക്കുന്നത്. അപ്പോള്‍ അതിന് കാശുണ്ട്. കെ റെയില്‍ അനുവാദം കിട്ടിയാല്‍ അപ്പോള്‍ പണിയും. കാശില്ലാ എന്ന് പറയുന്നത് എല്ലാം വെറുതെയാണ്.’ വിടി സെബാസ്റ്റിയന്‍ പറയുന്നു.

‘വളരെ കുറഞ്ഞ ചിലവില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കാണാനാകും. 334 രൂപയ്ക്ക് ടെട്രാപോഡ് ഇട്ടതിനു പകരം 20 കോടിയ്ക്ക് ഫോര്‍ട്ട്കൊച്ചി മുതല്‍ ചെല്ലാനം വരെയുള്ള കടലാക്രമണത്തിന് പരിഹാരം കാണാനുള്ള മാര്‍ഗം ഞങ്ങള്‍ പറഞ്ഞുകൊടുത്തിരുന്നു.

കടലാക്രമണത്തെ തുടര്‍ന്ന് വെള്ളം കയറിയ കണ്ണമാലിയിലെ വീട് Copyright: Woke Malayalam

ജിയോ ട്യൂബ് എന്ന ഒരു സഞ്ചിയുണ്ട്. കാര്‍ബണ്‍ അടങ്ങിയ ഒരു തുണിസഞ്ചിയാണിത്. ഇതിന് 25 മീറ്റര്‍ നീളവും അഞ്ചു മീറ്റര്‍ വീതിയുമുണ്ടാകും. ഇതിനകത്തേയ്ക്ക് ആഴക്കടലില്‍ നിന്ന് മണ്ണ് നിറച്ച് പുലിമുട്ടായി ഇട്ടാല്‍ മതി. 200 മീറ്റര്‍ ഇടവേളയില്‍ 100 മീറ്റര്‍ വീതിയുള്ള പുലിമുട്ട് ഇടണം. പരിസ്ഥിതിയ്ക്ക് പ്രശ്‌നമില്ല, പാറപൊട്ടിക്കേണ്ട, സിമന്റ് വേണ്ട അങ്ങനെ ഒന്നും വേണ്ട. തൊഴിലാളികളും വളരെ കുറച്ച് മതി.

ജിയോ ട്യൂബ് വെള്ളത്തില്‍ മുങ്ങിക്കിടന്നാല്‍ കുറച്ചുകാലം നിലനില്‍ക്കും. വെയിലുകൊണ്ടാല്‍ പൊട്ടിപ്പോകും. പത്തു വര്‍ഷത്തോളം ജിയോ ട്യൂബ് നിലനില്‍ക്കും. അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടി വന്നാലോ പുതിയത് ഇടണമെങ്കിലോ നിസ്സാര ചിലവില്‍ തീര്‍ക്കാം. ഇപ്പോള്‍ ടെട്രാപോഡ് ഇട്ടതിനു മുകളില്‍ നടപ്പാത നിര്‍മിക്കാന്‍ 23 കോടിയാണ് ചിലവിട്ടത്. ആ കാശ് പോലും വേണ്ടായിരുന്നു ഇവിടെ ജിയോ ട്യൂബിന്റെ പുലിമുട്ടിട്ട് കടലാക്രമണം പരിഹരിക്കാന്‍.

അതുകൂടാതെ കൊച്ചിന്‍ പോര്‍ട്ട് 365 ദിവസവും 24 മണിക്കൂറും ഡ്രജ് ചെയ്ത് ആ എക്കല്‍ 20 കിലോമീറ്റര്‍ ആഴക്കടലില്‍ കൊണ്ടുപോയി കളയുകയാണ്. ചളിയും മണ്ണും കൂടിയ ആ എക്കല്‍ ചെല്ലാനം മുതല്‍ വടക്കോട്ട് തീരക്കടലില്‍ ഇട്ടാല്‍ മതി. അങ്ങനെ ഇട്ടാല്‍ തീരക്കടലിലെ ആഴം കുറയും. ആഴം കുറഞ്ഞാല്‍ തിരമാല ചെറുതാവും.

കടലാക്രമണ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സമരങ്ങളുമായി മുന്നോട്ടുപോകും. അഞ്ചാം തീയതി കണ്ണമാലിയില്‍ റോഡ് ഉപരോധമുണ്ട്. ആലപ്പുഴ ഫോര്‍ട്ട്കൊച്ചി സംസ്ഥാനപാതയാണ് ഉപരോധിക്കുന്നത്. അത് കഴിഞ്ഞാല്‍ അടുത്ത മാസം ഒരു കണ്‍വന്‍ഷന്‍ നടത്തുന്നുണ്ട്.’, വിടി സെബാസ്റ്റ്യന്‍ വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

എന്താണ് കടലാക്രമണം?

തീരപ്രദേശങ്ങളിൽ പ്രകൃതിക്ഷോഭം, തരംഗ പ്രവർത്തനം, വേലിയേറ്റ പ്രവർത്തനം മുതലായവ കാരണമായി ഉണ്ടാകുന്നതാണ് കടലാക്രമണം.

എന്താണ് കടല്‍?

സമുദ്രവുമായി ബന്ധപ്പെട്ട് കിടക്കുന്ന ലവണ ജലത്തിന്റെ പരപ്പിനേയാണ് കടൽ എന്നു പറയുന്നത്. ജലത്തിന് പുറത്തേക്ക് കടക്കാൻ വഴികളില്ലാത്തതും വലുതും മിക്കവാറും ലവണ ജലം നിറഞ്ഞതുമായ തടാകങ്ങളേയും കടൽ എന്ന് പറയുന്നു.

എന്താണ് ചെല്ലാനം?

കേരളത്തിൽ എറണാകുളം ജില്ലയുടെ തെക്കുപടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് ചെല്ലാനം. സ്ഥലനാമ സൂചികയിൽ ചെല്ലാ വനമാണ് ചെല്ലാനമായി മാറിയതെന്നു പറഞ്ഞു കേൾക്കുന്നു. ചവിട്ടുനാടകത്തിൻ്റെ ഒരു കേന്ദ്രമായിരുന്നു ചെല്ലാനം.

Quotes

“വർത്തമാനകാലത്ത് നമ്മൾ ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നു നമ്മുടെ ഭാവി- മഹാത്മാഗാന്ധി.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.