Sun. Jul 14th, 2024

ഡൽഹി : രാജ്യത്ത് ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ ചെയ്തു. ഡല്‍ഹി കമല പോലീസാണ് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 285 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.

ഡൽഹി റെയിൽവെ സ്റ്റേഷനിൽ ഫൂട്ട്പാത്ത് കൈയേറി കച്ചവടം നടത്തിയതിനാണ്  കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വഴിയോരക്കച്ചവടക്കാരനായ പങ്കജ് കുമാറിനോട് വെള്ളക്കുപ്പികളും ഗുട്ഖയും റോഡില്‍ വില്‍ക്കുന്നത് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് ചെയ്യാത്തതിനെ തുടര്‍ന്നാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

2023 ഓഗസ്റ്റിലാണ് പഴയ ക്രിമിനല്‍ നിയമങ്ങള്‍ക്ക് പകരം മൂന്ന് പുതിയ നിയമങ്ങളുടെ ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ പീനല്‍ കോഡ്, ക്രിമിനല്‍ നടപടി ചട്ടം, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിവയാണ് ഇനി പ്രാബല്യത്തില്‍ ഉണ്ടാവുക.