Fri. Nov 22nd, 2024

സത്യം പറഞ്ഞാന്‍ ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ആളായിരുന്നു. ആളുകളെ അറിയുകയോ വഴികള്‍ അറിയുകയോ ഒന്നും ഇല്ലായിരുന്നു. ഇപ്പോള്‍ ഓരോ വീട്ടിലെയും ആളുകളെ അറിയാം, വഴികള്‍ അറിയാം. അങ്ങനെ എല്ലാം പഠിച്ചു

സീന മെന്റ്‌സും ജെസിയും ഹരിത കര്‍മ്മസേനയിലെ അംഗങ്ങളാണ്. എറണാകുളം ജില്ലയിലെ മുളവുകാട് ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡാണ് ഇവരുടെ തൊഴിലിടം. റിട്ടയേഡ് ടീച്ചറായ സീനയ്ക്കും വീട്ടില്‍ ഒതുങ്ങികൂടിയിരുന്ന ജെസിയ്ക്കും തങ്ങള്‍ എന്തുകൊണ്ടാണ് ഹരിത കര്‍മ്മസേനയില്‍ ചേര്‍ന്ന് ജോലി ചെയ്യുന്നു എന്നതിന് വ്യക്തമായ ഉത്തരമുണ്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുളവുകാട് ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മസേന പദ്ധതി നടപ്പാക്കുമ്പോള്‍ സീനയും ജെസിയും ഒരേ കുടുംബശ്രീയിലെ അംഗങ്ങളായിരുന്നു.

വീടുകളിലെയും സ്ഥാപനങ്ങളിലെയും അജൈവ മാലിന്യം ശേഖരിച്ച്, വേര്‍തിരിച്ച്, സംഭരണസ്ഥലത്തേയ്ക്ക് എത്തിച്ച് ഒടുവില്‍ ലോറികളില്‍ കയറ്റി അയക്കുന്ന ഒരു തൊഴില്‍ ചെയ്യാന്‍ ആദ്യമൊന്നും ആരും തയ്യാറായില്ല. എന്നാല്‍ സീനയ്ക്ക് ഒന്നും ആലോചിക്കാന്‍ ഉണ്ടായിരുന്നില്ല. താന്‍ ജീവിക്കുന്ന ചുറ്റുപാടിനെ മാലിന്യമുക്തമാക്കുന്നത് സാമൂഹ്യ പ്രവര്‍ത്തനം ആണെന്ന നിലപാടാണ് സീനയ്ക്കുള്ളത്. കൂടെ ജസിയും തയ്യാറായി. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം മുളവുകാട് ഗ്രാമപഞ്ചായത്തിലെ മാലിന്യനീക്കത്തില്‍ നൂറു ശതമാനം കൈവരിച്ച ആദ്യ വാര്‍ഡാണ് ഇവരുടേത്.

എന്താണ് ഹരിത കര്‍മ്മസേന

കേരളത്തില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനം നല്‍കുന്ന വിഭാഗമാണ് ഹരിത കര്‍മ്മസേന. ഹരിത കേരള മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

മാലിന്യസംരക്ഷണത്തോടൊപ്പം സംരംഭകത്വ വികസനശേഷിയും വികസിപ്പിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഹരിത കര്‍മ്മസേന, മൈക്രോ സംരംഭഗ്രൂപ്പുകള്‍, ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം എന്നിങ്ങനെ മൂന്ന് ഘടകങ്ങളായാണ് പ്രവര്‍ത്തനം. നിലവില്‍ ഒരു വാര്‍ഡില്‍ രണ്ട് ഹരിതകര്‍മ സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്.

ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഹരിത കര്‍മ്മസേനകള്‍ക്കുള്ള വീടുകളില്‍ നിന്നുള്ള പ്രതിമാസ യൂസര്‍ ഫീ 50 രൂപയും നഗര മേഖലയില്‍ 70 രൂപയുമാണ്. കൂടാതെ ഗ്രാമീണ മേഖലയിലും നഗര മേഖലയിലുമുള്ള കടകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രതിമാസ യൂസര്‍ ഫീ 100 രൂപയുമാണ്. യൂസര്‍ ഫീ നല്‍കാത്തവരില്‍ നിന്നും കുടിശ്ശിക വരുത്തുന്നവരില്‍ നിന്നും ഈ തുക നികുതി കുടിശ്ശികയാക്കി ഈടാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിട്ടുണ്ട്.

തങ്ങളുടെ പ്രവര്‍ത്തന മേഖലയിലെ അജൈവ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതോടൊപ്പം വിവിധതരം മാലിന്യ നിര്‍മ്മാര്‍ജന ഉപാധികള്‍ സമൂഹത്തിന് പരിചയപ്പെടുത്തലുമാണ് ഹരിത കര്‍മ്മസേനാംഗങ്ങളുടെ ഉത്തരവാദിത്തം.

ഹരിത കര്‍മ്മസേന Screengrab, Copyright: gaia

കൃത്യമായ ഇടവേളകളില്‍ ശേഖരിക്കുന്ന മാലിന്യങ്ങളുടെ യാഥാവിധ നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുക, തദ്ദേശ സ്ഥാപനങ്ങളുടെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുക എന്നതും സേന അംഗങ്ങളുടെ കടമായാണ്.

പ്രവര്‍ത്തന മേഖലയിലെ വീടുകളും സ്ഥാപനങ്ങളും നിശ്ചിത ഇടവേളകളില്‍ സന്ദര്‍ശിച്ച് അജൈവ മാലിന്യം ശേഖരിക്കുന്നതാണ് പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പഞ്ചായത്തിലെ എംസിഎഫില്‍ (Material Collection Facility) സൂക്ഷിക്കലും എംസിഎഫില്‍ നിന്ന് ആര്‍ആര്‍എഫിലേക്ക് (Reosurce Recovery Facility) എത്തിക്കാന്‍ നേതൃത്വം നല്‍കലുമാണ് രണ്ടാമത്തെ ഘട്ടം.

പ്രദേശത്ത് നടക്കുന്ന വിവാഹങ്ങള്‍, ഉത്സവങ്ങള്‍, മറ്റു പാര്‍ട്ടികള്‍ തുടങ്ങിയവയൊക്കെ ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം നടത്തുന്നതിന് ആവശ്യമായ സേവനവും ഹരിത കര്‍മ്മസേന നല്‍കും. അജൈവ മാലിന്യം ശേഖരിക്കുന്ന വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള യൂസര്‍ ഫീയാണ് ഹരിത കര്‍മ്മസേന അംഗങ്ങളുടെ വരുമാനം. സേനാംഗങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഇതര സേവനങ്ങള്‍ നടത്തി വരുമാനം കണ്ടെത്താനുമാകും.

ഗ്രാമപഞ്ചായത്ത് അല്ലെങ്കില്‍ നഗരസഭ തലത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഹരിത കര്‍മ്മസേന അംഗങ്ങളുടെയും കൂട്ടായ്മയാണ് ഹരിത കര്‍മ്മസേന കണ്‍സോര്‍ഷ്യം. സേനയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതും കൂടുതല്‍ ദിശാബോധം നല്‍കുന്നതും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതും കണ്‍സോര്‍ഷ്യമാണ്. പ്രസിഡന്റും സെക്രട്ടറിയും ട്രഷററും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യത്തിന്റെ ഭാരവാഹികള്‍.

യൂസര്‍ ഫീ പിരിച്ചെടുക്കുന്നതിന് അനുകൂലമായ സാഹചര്യം ഒരുക്കേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. യൂസര്‍ ഫീ ശേഖരിക്കുമ്പോള്‍ കളക്ഷന്‍ ബുക്കില്‍ വീട്ടുകാരില്‍ നിന്ന് ഒപ്പുവാങ്ങി കളക്ഷന്‍ കാര്‍ഡില്‍ ഹരിതസംരംഭകയുടെ പേര് എഴുതി ഒപ്പുവെച്ച് ബില്‍ ഉള്‍പ്പടെ വീട്ടുകാര്‍ക്ക് നല്‍കും. യൂസര്‍ഫീ കളക്ഷനും വിതരണവും ഓഡിറ്റിനും വിധേയമാക്കും.

ഹരിത കര്‍മ്മസേനയുടെ ലക്ഷ്യങ്ങള്‍ ഫലപ്രാപ്തിയിലെത്തുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് തദ്ദേശ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണ്. പ്രവര്‍ത്തനങ്ങളില്‍ വരുന്ന തടസ്സങ്ങള്‍ പരിഹരിക്കുകയും ആവശ്യമായ നിയമ സഹായം നല്‍കുകയും വേണം. പരിശീലനങ്ങളും മറ്റും കുടുംബശ്രീ മിഷനാണ് നല്‍കേണ്ടത്. സുരക്ഷിത മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാചര്യം ഒരുക്കേണ്ടത് മലിനീകര നിയന്ത്രണ ബോര്‍ഡിന്റെയും ഉത്തരവാദിത്തമാണ്.

ശുചിത്വ മിഷന്റെ കണക്ക് പ്രകാരം 19,489 വാര്‍ഡുകളിലായി 35,352 ഹരിത കര്‍മ സേനാംഗങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവര്‍ ശേഖരിക്കുന്ന മാലിന്യം ശുചിത്വ മിഷന് കീഴിലുള്ള ക്ലീന്‍ കേരള കമ്പനി, റീസൈക്കിള്‍ ചെയ്ത് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളായി മാറ്റുന്നതിന് വിവിധ ഏജന്‍സികള്‍ എന്നിവയ്ക്കാണ് വില്‍ക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന വരുമാനവും ഹരിത കര്‍മ്മസേനയ്ക്ക് നല്‍കുന്നുണ്ട്.

പ്‌ളാസ്റ്റിക് മാലിന്യം ഉള്‍പ്പെടെ വീടുകളില്‍ നിന്നടക്കം ശേഖരിച്ച അജൈവ മാലിന്യം ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതിലൂടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) സംസ്ഥാനത്തെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ലഭിച്ചത് 9.79 കോടി രൂപയാണ്. തൊട്ടു മുമ്പുള്ള വര്‍ഷം ലഭിച്ചത് 5.08 കോടി രൂപ. പ്‌ളാസ്റ്റിക് കൂടാതെ ഇ-വേസ്റ്റ്, ചില്ല്, തുണി ഉള്‍പ്പെടെയാണ് ശേഖരിക്കുന്നത്.

2023-24ല്‍ 12,448 ടണ്‍ പ്ലാസ്റ്റിക്കാണ് ശേഖരിച്ചത്. മുന്‍വര്‍ഷത്തെക്കാള്‍ 56 ശതമാനം കൂടുതല്‍. തരംതിരിച്ച് വില്‍ക്കാനാകാത്ത പ്‌ളാസ്റ്റിക് മാലിന്യം പൊടിച്ച് റോഡ് നിര്‍മ്മാണത്തിനായി നല്‍കുന്നുണ്ട്. ഇത്തരത്തില്‍ തയ്യാറാക്കിയ 200.87 ടണ്ണില്‍ 185.2 ഉം ഇതുവരെ സംസ്ഥാനം ഉപയോഗപ്പെടുത്തി. ഇത്തരത്തില്‍ മാലിന്യ സംസ്‌ക്കരണത്തില്‍ സമാനതകളില്ലാത്ത സംഭാവനയാണ് ഹരിത കര്‍മ്മസേനക്കാര്‍ നല്‍കുന്നത്.

”ഗ്രാമം തന്നെ പ്ലാസ്റ്റിക് വിമുക്തമാക്കണം എന്ന ലക്ഷ്യത്തില്‍ സാമൂഹ്യ പ്രവര്‍ത്തനം ആയാണ് ഞങ്ങള്‍ ഈ തൊഴിലിനെ കാണുന്നത്. ഞാന്‍ ഈ വാര്‍ഡിലെ എഡിഎസ് ആയിരുന്നു. ആരും ഈ തൊഴില്‍ ചെയ്യാന്‍ മുന്നോട്ടു വരാതിരുന്ന സാഹചര്യത്തില്‍ എഡിഎസുമാര്‍ക്ക് ട്രെയിനിംഗ് തന്നു. അങ്ങനെ എഡിഎസും സിഡിസും ആയിരുന്നവര്‍ ആണ് ആദ്യം ഈ പണിക്ക് ഇറങ്ങിയത്. അതിന് ശേഷം ഒരു വാര്‍ഡില്‍ രണ്ടുപേര്‍ വേണം എന്ന് പറഞ്ഞു. അങ്ങനെയാണ് ജെസികൂടി വരുന്നത്”, സീന മെന്റസ് വോക്ക് മലയാളത്തോട് പറഞ്ഞു.

”ആദ്യമൊന്നും ഈ പണിക്ക് ആരും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരു കുടുംബശ്രീയിലെ അംഗങ്ങള്‍ ആയിരുന്നു. വീട്ടില്‍ വെറുതെ ഇരിക്കുന്നത് കൊണ്ട് ഞാനും ഈ ജോലിയ്ക്ക് ഇറങ്ങി. ഞങ്ങള്‍ വളരെ സന്തോഷത്തോടെയാണ് ഈ ജോലി ചെയ്യുന്നത്. ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ നല്ല സന്തോഷമാണ്.”, ജെസി വോക്ക് മലയാളത്തോട് പറഞ്ഞു.

സീന മെന്‍റസും (ഇടത്) ജെസിയും Screengrab, Copyright: Woke Malayalam

”സത്യം പറഞ്ഞാന്‍ ഞാന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങാത്ത ആളായിരുന്നു. ആളുകളെ അറിയുകയോ വഴികള്‍ അറിയുകയോ ഒന്നും ഇല്ലായിരുന്നു. ഇപ്പോള്‍ ഓരോ വീട്ടിലെയും ആളുകളെ അറിയാം, വഴികള്‍ അറിയാം. അങ്ങനെ എല്ലാം പഠിച്ചു. നേരത്തെ ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. ഇപ്പോള്‍ എന്റെ പേരൊക്കെ ആളുകള്‍ക്ക് അറിയാം. ഈ കോട്ടൊക്കെ ഇട്ട് നടക്കാനൊക്കെ നേരത്തെ ചമ്മല്‍ ആയിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി.

സ്വന്തമായി ഒരു വരുമാനം ഉണ്ടാകുമ്പോള്‍ അതൊരു സന്തോഷമാണ്. സ്വയമായി ഒരു വരുമാനം ഉണ്ടെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ക്ക് ആരോടും ചോദിക്കേണ്ടല്ലോ. എനിക്ക് എന്ത് വേണമെങ്കിലും വീട്ടുകാരോട് ചോദിക്കാം. അവര് തന്നെയാണ് കാര്യങ്ങളൊക്കെ നോക്കുന്നത്.

എന്നാലും എന്റെ ഇഷ്ടത്തിന് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ പറ്റുന്നുണ്ട്. കുട്ടികളുടെ ബര്‍ത്ത് ഡേ വരുമ്പോള്‍ എന്തെങ്കിലും വാങ്ങിച്ചു കൊടുക്കുക, അല്ലെങ്കില്‍ കുറി കൂടി കിട്ടുമ്പോള്‍ വീട്ടിലേയ്ക്ക് എന്തെങ്കിലും ചെയ്യാം. ഇതൊക്കെയാണ് ഇപ്പോഴത്തെ സന്തോഷങ്ങള്‍.”, ജെസി പറയുന്നു.

”മാനസികമായി ഞങ്ങളൊക്കെ സംതൃപ്തരാണ്. ഈ വരുമാനം മുന്നില്‍കണ്ട് കുറി കൂടുകയും കടം വാങ്ങി കാര്യങ്ങള്‍ ചെയ്യുന്നവരുമൊക്കെയുണ്ട്. ആദ്യമൊക്കെ ആളുകള്‍ എന്നോട് ചോദിക്കുമായിരുന്നു ടീച്ചര്‍ക്ക് ഈ ജോലി ചെയ്യേണ്ട ആവശ്യമുണ്ടോ എന്ന്. മക്കളൊക്കെ നല്ല നിലയിലായി പിന്നെന്തിനാണ് ഈ പണിക്ക് പോകുന്നതെന്ന്.

നിങ്ങളുടെ ഭാര്യമാരേയോ മക്കളെയോ ഈ ജോലി ചെയ്യാന്‍ വിടുമെങ്കില്‍ ഞാന്‍ മാറിത്തരാം എന്നാണ് അവരോടൊക്കെ പറഞ്ഞത്. ഞാനിത് പൈസ മോഹിച്ചു ചെയ്യുന്ന പണിയല്ല. സമൂഹം നന്നാവട്ടെ എന്നാഗ്രഹത്തില്‍ ചെയ്യുന്ന സാമൂഹ്യ പ്രവര്‍ത്തനമാണ്. ഈ ജോലി വേണം എന്ന് പറഞ്ഞ് ഈ നിമിഷം വരെ വേറെ ഒരാളും വന്നിട്ടില്ല.

എന്റെ മക്കളോടും പലരും ചോദിക്കുന്നുണ്ട് ഞാന്‍ എന്തിനാ ഈ പണി ചെയ്യുന്നതെന്ന്. എന്റെ സന്തോഷമാണ് എന്റെ മക്കളുടെയും സന്തോഷം. എനിക്ക് ഈ ജോലി വലിയ സന്തോഷം നല്‍കുന്നതാണ്. നേരത്തെ ഞാന്‍ ഒരു ടീച്ചര്‍ ആയിരുന്നു. ഇപ്പോള്‍ ഞാന്‍ ഈ ജോലി ചെയ്യുന്നു. എന്ത് ജോലിയും ചെയ്യാന്‍ തയ്യാറുള്ള, ഏതു ജോലിയും അംഗീകരിക്കാന്‍ തയ്യാറുള്ള ആള്‍ക്കാരാണ് ഞങ്ങള്‍. അങ്ങനെയുണ്ടെങ്കിലല്ലേ സമൂഹത്തിന് അംഗീകാരം ഉണ്ടാകൂ.”, സീന പറയുന്നു.

”ഞങ്ങള്‍ സമയനിഷ്ടയോടെ ജോലി ചെയ്യുന്നവരാണ്. രാവിലെ ഒമ്പത് മണിക്ക് പ്ലാസ്റ്റിക് ശേഖരിക്കാന്‍ ഇറങ്ങും. അടച്ചുകിടക്കുന്ന വീടുകള്‍ എല്ലാം കൂട്ടി 300 ന് മുകളില്‍ വീടുകള്‍ ഈ വാര്‍ഡിലുണ്ട്. 280 വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് ശേഖരിക്കുന്നുണ്ട്. ഇതില്‍ 12 കടകളുണ്ട്. രണ്ട് ഓഫീസുകളുണ്ട്. വീടുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ചാല്‍ 50 രൂപ കിട്ടും. കടകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും 100 രൂപ കിട്ടും. ഒരു മാസം പ്ലാസ്റ്റിക് ഇല്ലെങ്കിലും അവര്‍ ഈ പൈസ കൃത്യമായി തരും.

സീന മെന്‍റസും ജെസിയും മുളവുകാട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ക്കൊപ്പം Screengrab, Copyright: Woke Malayalam

കടകളുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ വീടുകളുടെ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി പഞ്ചായത്തില്‍ ചെല്ലുമ്പോള്‍ ഞങ്ങളുടെ ഒപ്പുള്ള ഹരിത കര്‍മ്മസേനയുടെ കാര്‍ഡ് വേണം. അതുകൊണ്ട് എല്ലാവരും കൃത്യമായി പ്ലാസ്റ്റിക് തരും. സാമ്പത്തിക ശേഷി തീരെ ഇല്ലാത്തവരുടെ കയ്യില്‍ നിനും ഞങ്ങള്‍ പൈസ വാങ്ങാറില്ല. അവരുടെ പ്ലാസ്റ്റിക് എടുത്തിട്ട് ഞങ്ങളാണ് ഈ പൈസ അടക്കുന്നത്. ഇങ്ങനെ അഞ്ചോളം വീടുകളുണ്ട്.

മാസം അവസാനത്തോടെ ശേഖരിച്ച പൈസ ബാങ്കില്‍ അടക്കും. ബാങ്കില്‍ അടച്ച പൈസയുടെ രസീതും വീടുകളില്‍ നിന്നുള്ള രസീതുകളും വിഒയുടെ ഓഫീസില്‍ ഏല്‍പ്പിക്കും. ഹരിത കര്‍മ്മസേനയുടെ അക്കൗണ്ടിലേയ്ക്കാണ് പൈസ അടച്ചുകൊടുകുന്നത്.

ഈ പൈസ പിന്നീട് പഞ്ചായത്ത് സാലറിയായി ഞങ്ങളുടെ അക്കൗണ്ടില്‍ ഇട്ടുതരും. മാസം ഏഴായിരം രൂപ ഞങ്ങക്ക് കിട്ടുന്നുണ്ട്. മാസത്തില്‍ പകുതി ദിവസമേ ജോലിയൊള്ളൂ. എല്ലാ വാര്‍ഡുകളും ഒരു മാസത്തെ പണികള്‍ കൃത്യമായി തീര്‍ത്തുകഴിഞ്ഞാല്‍ പഞ്ചായത്തിലെ 32 പേരുടെയും കൂലി കിട്ടൂ. അല്ലെങ്കില്‍ വൈകും.” സീനയും ജെസിയും പറയുന്നു.

‘മൂന്ന് വര്‍ഷമായി ഞങ്ങള്‍ ഈ ജോലി ചെയ്യുന്നു. ആദ്യമൊക്കെ കുറച്ച് ആളുകള്‍ സഹകരിക്കില്ലായിരുന്നു. ബ്രഹ്‌മപുരത്ത് തീപ്പിടത്തമുണ്ടായ സമയത്തൊക്കെ ആളുകള്‍ അയഞ്ഞുതുടങ്ങി. ആ സമയത്ത് തന്നെയാണ് ഞങ്ങള്‍ക്ക് പുതിയ പഞ്ചായത്ത് സെക്രട്ടറി വന്നത്.

പ്ലാസ്റ്റിക് തരാത്തവരുടെ ലിസ്റ്റ് സെക്രട്ടറി ചോദിച്ചുവാങ്ങി. സെക്രട്ടറി തന്നെ തരാത്ത ആളുകളെ വിളിച്ച് കാര്യങ്ങള്‍ സംസാരിച്ചു. ഫൈന്‍ അടക്കേണ്ടി വരും എന്ന് പറഞ്ഞതോടെ പ്ലാസ്റ്റിക് തരാത്ത ആളുകളും തന്നുതുടങ്ങി.

നേരത്തെ വാര്‍ഡ് തലത്തില്‍ അസോസിയേഷന്‍കാര്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നത് തുടങ്ങിവെച്ചിരുന്നു. ആറു മാസം കഴിഞ്ഞപ്പോള്‍ അത് വിട്ടുകളഞ്ഞു. സ്‌നഗ്ഗിയും പാഡുമൊക്കെ ഒന്നിച്ചിട്ടാണ് കിട്ടിയിരുന്നത്. നാറ്റംകൊണ്ട് ആ പണി ചെയ്യാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു. പിന്നീട് പ്ലാസ്റ്റിക് എടുക്കാന്‍ ഒരാളെ വെച്ചു. ഒരുമാസം എടുത്തിട്ട് ആയാളും ഇട്ടെറിഞ്ഞു പോയി.

പിന്നീടാണ് ഹരിത കര്‍മ്മസേന വരുന്നത്. ആളുകള്‍ക്ക് നേരത്തെ ഇത്തരം അനുഭവം ഉള്ളതുകൊണ്ട് ഞങ്ങള് ചെല്ലുമ്പോഴും സഹകരിക്കാന്‍ മടിയാണ്. പിന്നീട് പഞ്ചായത്ത് സെക്രട്ടറി കര്‍ശനമാക്കിയതോടെയാണ് മടിച്ചിരുന്ന ആളുകള്‍ പ്ലാസ്റ്റിക് തരാന്‍ തുടങ്ങിയത്.

പഞ്ചായത്തില്‍ കരം അടക്കാനൊക്കെ ചെന്നാല്‍ ഞങ്ങള്‍ ഒപ്പിട്ട കാര്‍ഡ് കാണിക്കണം. ഇങ്ങനെയുള്ള നിബന്ധനകള്‍ എല്ലാം വന്നതോടെ ആളുകള്‍ കൂടുതലായി സഹകരിക്കാന്‍ തുടങ്ങി. പഞ്ചായത്തിലെ വിഒ, സെക്രട്ടറി എന്നിവര്‍ നല്ലവരായാല്‍ പണികളൊക്കെ നന്നായി നടക്കും. ഞങ്ങളുടെ സെക്രട്ടറി കച്ചവടം നടത്തുന്നവരെയൊക്കെ പ്രത്യേകമായി വിളിച്ചുവരുത്തി നിര്‍ദേശങ്ങളൊക്കെ കൊടുത്തതോടെയാണ് കടക്കാരൊക്കെ പ്ലാസ്റ്റിക് തരാന്‍ തുടങ്ങിയത്.

ഇപ്പോള്‍ പ്ലാസ്റ്റിക് ഉപയോഗം കുറഞ്ഞുവന്ന വീടുകള്‍ ഉണ്ട്. നേരത്തെ ഞങ്ങള്‍ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനെതിരെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പറഞ്ഞ ആളൊക്കെ ഇപ്പോള്‍ ഞങ്ങളെ ഇങ്ങോട്ട് വിളിച്ച് പ്ലാസ്റ്റിക് കൊണ്ടുപോകാന്‍ പറയും. അത്തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചവരുണ്ട്.’, സീനയും ജെസിയും വോക്ക് മലയാളത്തോട് പറഞ്ഞു.

‘പ്ലാസ്റ്റിക്, തുണി, ബാഗ്, ചെരിപ്പ് എന്നിവയൊക്കെ ഇപ്പോള്‍ ശേഖരിക്കുന്നുണ്ട്. കുപ്പി കൂടി എടുക്കണം എന്ന് പറയുന്നുണ്ട്. കുപ്പിയും കുപ്പിച്ചില്ലും എടുക്കാനുള്ള സംവിധാനം ഞങ്ങള്‍ക്കില്ല. സൂക്ഷിക്കാനുള്ള സ്ഥലമൊന്നും ഇപ്പോഴില്ല. ഈ ജോലി തുടങ്ങുന്നതിന്റെ ആദ്യമൊക്കെ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.

പ്ലാസ്റ്റിക് തരംതിരിക്കാതെയാണ് ആളുകള്‍ ചാക്കില്‍ കെട്ടിവെക്കുക. അതുകൊണ്ടുവന്ന് ഞങ്ങളുടെ മുറ്റത്തിട്ടാണ് പിന്നീട് തരംതിരിക്കുന്നത്. സ്‌നഗ്ഗി, സാനിറ്ററി നാപ്കിന്‍, ഭക്ഷണത്തിന്റെ വേസ്റ്റ് എല്ലാം ഉണ്ടാവും. പക്ഷേ, ഇപ്പോള്‍ ആളുകള്‍ക്ക് അറിയാം പ്ലാസ്റ്റിക്ക് വേര്‍തിരിച്ച് വെക്കണം എന്നൊക്കെ. അതുകൊണ്ട് കുറച്ച് ആശ്വാസമുണ്ട്.

പ്ലാസ്റ്റിക് ശേഖരിച്ച് ആറായി തിരിക്കണം. പാല്‍ കവര്‍, ഓയില്‍ കവര്‍, കട്ടികൂടിയ പ്ലാസ്റ്റിക്, കനം കുറഞ്ഞ പ്ലാസ്റ്റിക് അങ്ങനെ തരം തിരിക്കണം. ചില വീടുകളില്‍ ഒരുപാട് വേസ്റ്റ് ഉണ്ടാകും. ചാക്ക് കുടഞ്ഞിട്ട് പ്ലാസ്റ്റിക് വേറെ, പേപ്പര്‍ വേറെ ഇങ്ങനെ തരം തിരിക്കണം. ചിലര്‍ അടിച്ചുവാരിയതും മുടിയും ചിരട്ടയും വരെ ഇടും. അപ്പോള്‍ ഒരു വീട്ടില്‍ തന്നെ ഒരുപാട് സമയം വേണ്ടി വരും.

ഇപ്പോള്‍ വീടുകളില്‍ ക്വുആര്‍ സ്‌കാനിങ്ങുണ്ട്. അത് സ്‌കാന്‍ ചെയ്യുമ്പോള്‍ ആ വീട്ടിലെ കാര്യങ്ങള്‍ എല്ലാം അറിയാന്‍ പറ്റും. ഞങ്ങള്‍ വീടുകളില്‍ പോയോ, എന്ന് പോയി, പ്ലാസ്റ്റിക് തന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ പഞ്ചായത്തിന് അറിയാന്‍ സാധിക്കും.

സീന മെന്‍റസും ജെസിയും മുളവുകാട് ഗ്രാമപഞ്ചായത്തിലെ ഹരിത കര്‍മ്മസേനാ അംഗങ്ങള്‍ക്കൊപ്പം Screengrab, Copyright: Woke Malayalam

മാലിന്യം എടുക്കാന്‍ പോകുമ്പോള്‍ ഉപയോഗിക്കുന്ന ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസര്‍, ബൂട്ട്‌സ്, തൊപ്പി, റെയിന്‍ കോട്ട്, യൂണിഫോം തുടങ്ങിയവയൊക്കെ പഞ്ചായത്തില്‍ നിന്നും തരും. ഇന്‍ഷൂറന്‍സും ഓണത്തിന് 1000 രൂപ ബോണസും തരുന്നുണ്ട്. ഞങ്ങളുടെ ആവശ്യം ഏതാണെന്ന് പറഞ്ഞാല്‍ പഞ്ചായത്തില്‍ നിന്നും അത് നടത്തിത്തരും. ഇനിയിപ്പോ വാര്‍ഡില്‍ ഒരു മിനി എംസിഎഫ് വേണമെന്ന് പറഞ്ഞിട്ടുണ്ട്. അത് വന്നാല്‍ നനയാതെ മാലിന്യ ചാക്ക് സൂക്ഷിക്കാം. ഞങ്ങള്‍ എടുക്കുന്ന 60 ചാക്കൊന്നും അതില്‍ കൊള്ളില്ല. എന്നാലും 15 ചാക്ക് വരെ വെക്കാം.

ആദ്യമൊക്കെ ശേഖരിച്ച മാലിന്യം ചാക്കിലാക്കി ചുമന്നും റോഡിലൂടെ വലിച്ചും ഓട്ടോപിടിച്ചൊക്കെ ആയിരുന്നു കൊണ്ടുവന്നിരുന്നത്. രണ്ടു വര്‍ഷമായി ഉരുട്ടികൊണ്ടു പോകാവുന്ന വണ്ടി കിട്ടി. ഇപ്പോള്‍ അതില്‍ കയറ്റി കൊണ്ടുവരാം.

തുടക്കത്തില്‍ 20, 30 ശതമാനമൊക്കെ മാലിന്യം ശേഖരിക്കാന്‍ പറ്റിയുള്ളൂ. ഇപ്പൊ ഞങ്ങളുടെ വാര്‍ഡ് 100 ശതമാനം വിജയിച്ചു. 100 ശതമാനവും മാലിന്യം ആദ്യമായി ശേഖരിച്ച വാര്‍ഡാണ് ഞങ്ങളുടേത്. ഞങ്ങളുടെ വാര്‍ഡിലെ എല്ലാ വീടുകളും ഇപ്പോള്‍ മാലിന്യം തരുന്നുണ്ട്.

ഞങ്ങള്‍ പറഞ്ഞു പറഞ്ഞ് ആളുകള്‍ക്ക് പ്ലാസ്റ്റിക്കിന്റെ ദോഷങ്ങളൊക്കെ ഇപ്പോള്‍ അറിയാം. നേരത്തെ റോഡിലും തോടിലും ഒക്കെ പ്ലാസ്റ്റിക് ആയിരുന്നു. ഇപ്പോള്‍ അതില്ല. ഞങ്ങളുടെ വീടുകളിലും പ്ലാസ്റ്റിക് കത്തിച്ചാണ് കളഞ്ഞിരുന്നത്. ഇപ്പോള്‍ ഒരു മിഠായി കവര്‍ പോലും ചാക്കില്‍ കെട്ടി വെക്കും.

പട്ടാളക്യാമ്പ് എന്ന സ്ഥലത്താണ് മാലിന്യം കൊണ്ടുപോയി കൂട്ടിയിടുന്നത്. ക്ലീന്‍ കേരള കമ്പനിയുടെ വണ്ടിവരും കൊണ്ടുപോകാന്‍. വണ്ടിയിലേയ്ക്ക് ഈ ചാക്കൊക്കെ കയറ്റുന്നത് ഞങ്ങളാണ്. തൂക്കമൊക്കെ നോക്കിയിട്ട് വേണം ഈ ചാക്കുകള്‍ കയറ്റിവിടാന്‍. ചില പ്ലാസ്റ്റിക്കിന് ഞങ്ങള്‍ക്ക് പൈസ ഇങ്ങോട്ട് കിട്ടും.

കട്ടി കൂടിയ പ്ലാസ്റ്റിക്കിനെ മള്‍ട്ടി എന്നാണ് പറയുക. അത് ക്ലീന്‍ കേരള കമ്പനി കൊണ്ടുപോകുമ്പോള്‍ പഞ്ചായത്ത് തൂക്കത്തിന് അനുസരിച്ചുള്ള പൈസ അങ്ങോട്ട് കൊടുക്കണം. ഇങ്ങോട്ട് കിട്ടുന്ന പൈസ ഹരിത കരമ്മസേനയുടെ കണ്‍സോഷ്യത്തിലേയ്ക്കാണ് പോകുന്നത്. ഞങ്ങള്‍ മാസം പിരിക്കുന്ന പൈസയില്‍ നിന്നും 10 ശതമാനം കണ്‍സോഷ്യത്തിലേയ്ക്ക് അടച്ചുകൊടുക്കണം. അത് ഞങ്ങളുടെ മറ്റു ചിലവുകള്‍ക്ക് വേണ്ടി എടുക്കും’, സീനയും ജെസിയും വോക്ക് മലയാളത്തോട് പറഞ്ഞു.

FAQs

എന്താണ് ഹരിത കര്‍മ്മസേന?

കേരളത്തില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട വാതില്‍പ്പടി സേവനം നല്‍കുന്ന വിഭാഗമാണ് ഹരിത കര്‍മ്മസേന. ഹരിത കേരള മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍, ക്ലീന്‍ കേരള മിഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവ സംയോജിപ്പിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.

എന്താണ് മാലിന്യം?

മാലിന്യം എന്നാൽ ആവശ്യമില്ലാത്തതോ ഉപയോഗശൂന്യമായതോ ആയ വസ്തുക്കളെ അല്ലെങ്കിൽ പദാർത്ഥങ്ങളെ സൂചിപ്പിക്കുന്നതാണ്. പലവിധത്തിലുള്ള സ്രോതസ്സുകളിൽനിന്നും മാലിന്യം ഉല്പാദിപ്പിക്കപ്പെടുന്നു.

എന്താണ് സാമൂഹ്യ പ്രവര്‍ത്തനം?

വ്യക്തികൾ, കുടുംബങ്ങൾ, ഗ്രൂപ്പുകൾ, കമ്മ്യൂണിറ്റികൾ, സമൂഹം എന്നിവ മൊത്തത്തിൽ അവരുടെ വ്യക്തിപരവും കൂട്ടായതുമായ ക്ഷേമം വർദ്ധിപ്പിക്കുന്നതിന് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു മേഖലയാണ് സാമൂഹ്യ പ്രവര്‍ത്തനം.

Quotes

“നമുക്ക് നിരവധി തോൽവികൾ നേരിടേണ്ടി വന്നേക്കാം, പക്ഷേ നമ്മൾ പരാജയപ്പെടാൻ പാടില്ല- മായ ആഞ്ചലോ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.