Sun. Nov 17th, 2024

 

അമരാവതി: ടിഡിപി അധികാരത്തിലേറിയതിന് പിന്നാലെ നാല് പ്രമുഖ ചാനലുകള്‍ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ആന്ധ്രാപ്രദേശിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍. തെലുഗ് ചാനലുകളായ ടിവി 9, സാക്ഷി ടിവി, എന്‍ ടിവി, 10 ടിവി എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതല്‍ നിര്‍ത്തിവെച്ചത്.

എന്നാല്‍, കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് യാതൊരു വിധ നിര്‍ദേശവും നല്‍കിയിട്ടില്ലെന്നാണ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം. ടിഡിപി സര്‍ക്കാര്‍ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകള്‍ അപ്രത്യക്ഷമാകുന്നത്. നേരത്തെ ജൂണ്‍ ആറിന് ചാനലുകള്‍ അപ്രത്യക്ഷമായിരുന്നു.

ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷന്‍ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടിവി. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാന്‍ സമ്മര്‍ദ്ദമുണ്ടാകുന്നു എന്നാണ് വൈഎസ്ആര്‍സിപിയുടെ ആരോപണം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.

എന്നാല്‍, ടിഡിപിയോ സംസ്ഥാനത്തെ ഏതെങ്കിലും എന്‍ഡിഎ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ആന്ധ്ര ഐടി മന്ത്രി എന്‍ ലോകേഷ് നായിഡു പ്രതികരിച്ചു. പ്രധാനപ്പെട്ട ജോലികള്‍ ചെയ്യാനുണ്ടെന്നും ഇത്തരം നിസ്സാര കാര്യങ്ങള്‍ക്ക് സമയം കളയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021 മെയ് മാസത്തില്‍, ടിഡിപി അനുകൂലമെന്ന് കരുതപ്പെടുന്ന തെലുങ്ക് വാര്‍ത്താ ചാനലുകളായ ടിവി5, എബിഎന്‍ ആന്ധ്ര ജ്യോതി എന്നിവ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി സംപ്രേഷണം ചെയ്യുന്നത് നിര്‍ത്തിവെച്ചിരുന്നു.

അതേസമയം, നാല് ചാനലുകളും ഡയറക്ട്-ടു-ഹോം (ഡിടിഎച്ച്) പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്. ആന്ധ്രാപ്രദേശില്‍ മൊത്തം വരിക്കാരില്‍ 50 ശതമാനവും കേബിള്‍ ടിവിയെയാണ് ആശ്രയിക്കുന്നത്. ടിവി9, എന്‍ടിവി, സാക്ഷി എന്നിവയ്ക്ക് 60 ശതമാനത്തോളം കാഴ്ചക്കാരുണ്ട്.