Sat. Jan 18th, 2025

 

ബെംഗളൂരു: പാര്‍ട്ടി പ്രവര്‍ത്തകനെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ ജെഡിഎസ് എംഎല്‍സി സൂരജ് രേവണ്ണ അറസ്റ്റില്‍. ജെഡിഎസ് പ്രവര്‍ത്തകന്റെ പരാതിയില്‍ സൂരജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത്.

ജൂണ്‍ 16ന് ഹാസന്‍ ജില്ലയിലെ ഗന്നിക്കടയിലുള്ള ഫാംഹൗസില്‍ വെച്ച് സൂരജ് രേവണ്ണ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജെഡിഎസ് പ്രവര്‍ത്തകന്റെ പരാതിയില്‍ പറയുന്നത്. തന്നോട് മോശമായി പെരുമാറിയപ്പോള്‍ എതിര്‍ത്തിരുന്നു. എന്നാല്‍, സൂരജ് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തിന് പിന്നാലെ പണവും ജോലിയും വാഗ്ദാനം ചെയ്ത് രേവണ്ണയുടെ ആളുകള്‍ തന്നെ സമീപിച്ചുവെന്നും പരാതിക്കാരന്‍ പറഞ്ഞു. ആദ്യ ഹോളനരസിപുര ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതി എടുക്കാന്‍ സ്റ്റേഷന്‍ തയ്യാറായില്ല. തുടര്‍ന്ന് ബെംഗളൂരുവിലെ ഡിജി ഓഫിസിലെത്തിയാണ് പരാതി നല്‍കിയതെന്ന് ജെഡിഎസ് പ്രവര്‍ത്തകന്‍ പറഞ്ഞു.

ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും പ്രതിയായ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയെ ബെംഗളൂരുവിലെ പ്രത്യേക കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് സഹോദരനെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.