Sun. Sep 8th, 2024

 

ന്യൂഡല്‍ഹി: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി. മൂന്ന് മാസം മുമ്പ് മദ്യ നയ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥ ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുകയാണ്.

മാര്‍ച്ച് 21 ന് ഇഡി അറസ്റ്റ് ചെയ്ത ശേഷം കെജ്രിവാളിന്റെ ഭാരം എട്ട് കിലോ കുറഞ്ഞു. 70 കിലോയുണ്ടായിരുന്ന ഭാരം 62 കിലോയായി കുറഞ്ഞുവെന്ന് ആംആദ്മി പ്രസ്താവനയില്‍ വ്യക്തമാക്കി.

സമഗ്രമായ ആരോഗ്യ പരിശോധന നടത്തണമെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടും മെഡിക്കല്‍ ബോര്‍ഡ് ചില രക്ത പരിശോധനകള്‍ മാത്രമേ നടത്തിയിട്ടുള്ളു. ഹൃദയ, കാന്‍സര്‍ പരിശോധനകള്‍ നടത്താന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും എഎപി പ്രസ്താവനയില്‍ വ്യക്തമാക്കി.

തുടര്‍ച്ചയായി ശരീരഭാരം കുറയുന്നതിന്റെ കാരണം കണ്ടെത്താനും പരിഹരിക്കാനും പരിശോധനകളും ചികിത്സയും ആവശ്യമാണ്. എന്നിട്ടും എയിംസ് മെഡിക്കല്‍ ബോര്‍ഡ് ഇതുവരെ രക്തവുമായി ബന്ധപ്പെട്ട അടിസ്ഥാന പരിശോധനകള്‍ മാത്രമാണ് നടത്തിയതെന്നും പാര്‍ട്ടി ആരോപിച്ചു.